പി.കെ. മേദിനിക്കും പറയാനുണ്ടേറെ
text_fieldsകേരളത്തിെൻറ വിപ്ലവ ഗായിക പി.കെ. മേദിനിക്ക് കെ.ആർ. ഗൗരിയമ്മയെക്കുറിച്ച് പറയാൻ നൂറ ുനാവ്. പ്രായം തളർത്തിയ അവശത ശരീരത്തിനുണ്ടെങ്കിലും ഗൗരിയമ്മയെക്കുറിച്ചാണെങ്കിൽ സംസാരിക്കാമെന്നായി. ‘‘നന്നേ ചെറുപ്പത്തിലെ തന്നെ അകലെനിന്ന് ആരാധനയോടെ മാത്രമേ ഗൗര ിയമ്മയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോൾ അടുത്തിടപഴകിയപ്പോഴും അതിന് കുറവ് വന്നി ട്ടില്ല. ഗൗരിയമ്മയുടെയും ടി.വിയുടെയും പല സ്വീകരണയോഗങ്ങളിലും പാടാൻ അവസരം ലഭിച്ചി ട്ടുണ്ട്.
അന്ന് നന്നേ ചെറുപ്പമാണ് ഞാൻ. പിന്നീടാണ് അവരുമായി ബന്ധം ഉണ്ടാകുന്നത്. അത് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനും അപ്പോൾതന്നെ നടപ്പാക്കാനുമുള്ള ആർജവം ഗൗരിയമ്മയുടെ മാത്രം പ്രത്യേകതയാണ്. എടുക്കുന്ന ഓരോ നടപടികളും സാധാരണക്കാർക്ക് ഗുണകരവും ആയിരിക്കും. എല്ലാ സ്ത്രീകൾക്കും മാതൃകയും പാഠവുമാണ് അവർ. പ്രത്യേകിച്ച് മലയാളി സ്ത്രീകൾക്ക്. സൗന്ദര്യവും ആരോഗ്യവുമുള്ള അവസരത്തിലാണ് അവർ പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്.
ഏത് രംഗത്തും അവർക്ക് ശോഭിക്കാൻ പറ്റുമായിരുന്നു. എന്നിട്ടും രാഷ്ട്രീയം തെരഞ്ഞെടുത്തത് സഹജീവികളോടുള്ള കാരുണ്യം കൊണ്ട് മാത്രമാണ്. ഗൗരിയമ്മയെയും സുശീലഗോപാലനെയും പോലുള്ളവർ മുഖ്യമന്ത്രിയായി കാണണമെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയായില്ലെങ്കിൽപോലും അതിനേക്കാളേറെ കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. അവരെ പാർട്ടിയിൽനിന്ന് പുറത്താക്കി എന്നറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞുപോയി.
ജീവിതത്തിൽ ഗൗരിയമ്മയോട് വിലമതിക്കാനാവാത്ത കടപ്പാട് ഉണ്ട്. അവരുടെ ഇടപെടലിലാണ് എനിക്ക് ജീവിതം തിരികെ കിട്ടിയത്. 36ാം വയസ്സിൽ വിധവയായ എനിക്ക് പറക്കമുറ്റാത്ത രണ്ട് പെൺമക്കളും കുറെ ബാധ്യതകളുമായിരുന്നു സമ്പാദ്യം. ഭർത്താവിെൻറ രോഗവും മരണവും മൂലം വീടും സ്ഥലവും ഈടിലായി. ഞാനും കുടുംബവും വഴിയാധാരമാകുമെന്ന സ്ഥിതിയിലായി. ആരോ മുഖാന്തരം ഇതറിഞ്ഞ ഗൗരിയമ്മ എനിക്ക് 21 സെൻറ് പുറമ്പോക്ക് സ്ഥലം പതിച്ചുതന്നു. അന്ന് അത് കിട്ടിയില്ലായിരുന്നെങ്കിൽ ഇന്ന് പി.കെ. മേദിനി ഉണ്ടാകില്ലായിരുന്നു. ജീവിതകാലമത്രയും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.
സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാപ്പോരാട്ടം നടത്തിയ ധീരവനിതയാണവർ. അവരെ സമീപിക്കുന്ന ആരെയും നിരാശപ്പെടുത്തിയിരുന്നില്ല. തനിക്ക് തോന്നുന്ന സത്യവും നിലപാടുകളും തുറന്നുപറയാൻ ഇന്നും അവർ ആർജവത്തോടെ മുന്നോട്ടുവരുന്നു. ഭരണത്തിലും മറ്റും പുരുഷ മേധാവിത്വം അരങ്ങ് വാണിരുന്ന കാലത്ത് ഒരു സ്ത്രീ ആർജവത്തോടെ പ്രവർത്തിച്ചിരുെന്നങ്കിൽ അത് കേരളത്തിെൻറ വിപ്ലവനായിക ഗൗരിയമ്മ മാത്രമായിരിക്കും.
സ്വകാര്യജീവിതത്തിലും രാഷ്ട്രീയത്തിലും പല പരാജയങ്ങളും തിരിച്ചടികളും നേരിട്ടെങ്കിലും സമചിത്തതയോടെയും വിവേകത്തോടെയും അതിനെ നേരിട്ടു. ഞങ്ങൾ ആശയപരമായി രണ്ട് രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വ്യക്തിബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. വ്യക്തിബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണവർ. ഗൗരിയമ്മ ഇടപെട്ടാൽ നീതി കിട്ടും എന്ന വിശ്വാസത്തിന് ഇപ്പോഴും മാറ്റമില്ല.
തയാറാക്കിയത്: ടി.എ.കെ. ആശാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.