ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു
text_fieldsതിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു. ആൾമാറാട്ട വിഷയത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഡി.ജി.പി ക്ക് പരാതി നൽകി.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച സ്ഥാനാർഥിയെ മാറ്റി ഏരിയ സെക്രട്ടറിയെ ഉൾപ്പെടുത്തിയ എസ്.എഫ്.ഐ ആൾമാറാട്ടം ജനാധിത്വത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ മേഖലകളിലും തിരുകി കയറ്റൽ നടത്തുന്ന സി.പി.എം നേതൃത്വം പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളെ കൂടി വലിച്ചിഴക്കുന്നത് പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്കൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. തെരഞ്ഞെടുപ്പ് പൂർണമായും റദ്ദ് ചെയ്ത് കൃത്യമായ പരിശോധനകൾ നടത്തി പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാല തയാറാകണം.
കേരളാ യൂനിവേഴ്സിറ്റി യൂനിയൻ - സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്താൻ എത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ ഉൾപ്പടെയുള്ള കെ.എസ്.യു നേതാക്കളെ പോലീസ് അകാരണമായി മർദിക്കുകയും വലിച്ചിഴച്ചു അറസ്റ്റ് ചെയ്തു .
കെ എസ് യു നേതാക്കളായ ഗോപു നെയ്യർ, അദേശ് സുദർമ്മൻ,ശരത് ശൈലേശ്വരൻ ,പ്രിയങ്ക ഫിലിപ്പ് ,അൽ അമീൻ അഷ്‌റഫ് ,സച്ചിൻ ടി പ്രദീപ്, ആനന്ദകൃഷ്ണൻ, നസിയ, ലിനറ്റ് മെറിൻ എബ്രഹാം, ആസിഫ് , അഭിജിത് സന്തു ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലിസ് അതിക്രമം ഉണ്ടായി .ആൾമാറാട്ട വിഷയത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഡി ജി പി ക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.