സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻ.ഡി.എ നടത്തുന്നത് കുരിശുയുദ്ധമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻ.ഡി.എ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻ.ഡി.എ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിനെതിരെ വലിയ പോരാട്ടത്തിന് ദേശീയ ജനാധിപത്യ സഖ്യം തുടക്കം കുറിച്ചു കഴിഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിൽ എത്തിക്കും വരെ എൻ.ഡി.എക്ക് വിശ്രമമില്ല. കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്-വലത് മുന്നണികൾ ഇപ്പോൾ ഒന്നായിരിക്കുകയാണ്.
രാഹുൽ ഗാന്ധി അയോഗ്യനായതോടെ രാജ്യത്തെ എല്ലാ അഴിമതി കേസുകളിലെയും പ്രതികൾ ഒന്നിച്ചിരിക്കുകയാണ്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത് ബി.ജെ.പിയല്ലെന്ന് അവർക്കെല്ലാം അറിയാം. പക്ഷെ, തങ്ങളുടെ അഴിമതി കേസുകളെ പ്രതിരോധിക്കാൻ മോദിയാണ് രാഹുലിന്റെ എം.പി സ്ഥാനം ഇല്ലാതാക്കിയതെന്ന പ്രചരണം നടത്തുകയാണ് അവർ. രാഹുൽഗാന്ധിയെ മുന്നിൽ നിർത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് ഇപ്പോൾ നടക്കുന്നത്.
സി.പി.എമ്മും കോൺഗ്രസും ചേർന്നിട്ടും ബി.ജെ.പിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല. കേരളത്തിലും ഭാവിയിൽ ഇരുകൂട്ടരെയും ബി.ജെ.പി തോൽപ്പിക്കും.സംസ്ഥാനത്ത് മാലിന്യ നിർമാർജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോൺട കമ്പനിക്ക് കരാർ കൊടുത്തത്. വി.ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഭരണ-പ്രതിപക്ഷങ്ങൾ കൊള്ള മുതൽ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം.
ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലും, ലോക്കപ്പ് മരണങ്ങളും. ആയിരം കോടി രൂപ പിരിച്ചെടുക്കാനുള്ള മോട്ടോർവാഹന വകുപ്പിൻ്റെ സർക്കുലറാണ് തൃപ്പൂണിത്തുറ ലോക്കപ്പ് മരണത്തിന് കാരണം..കേന്ദ്രം 10 ലക്ഷം തൊഴിൽ അവസരങ്ങൾ കൊടുക്കുമ്പോൾ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എൻഡിഎക്കല്ലാതെ ആർക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്, കുരുവിള മാത്യു, എം. മെഹബൂബ്, വി.വി രാജേന്ദ്രൻ, ശ്യാം ലൈജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.