'കെ.ടി. ജലീൽ മതനിരപേക്ഷ മനസുകളെ അകറ്റി; പി.വി. അൻവർ പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കി'
text_fieldsമലപ്പുറം: മുൻ മന്ത്രി കെ.ടി. ജലീലിനും നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനും രൂക്ഷ വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ല സമ്മേളനം. ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇരുവരെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള വിമർശനം.
ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ ഇടതുപക്ഷ- മതനിരപേക്ഷ മനസുകളെ എൽ.ഡി.എഫിൽ നിന്ന് അകറ്റാൻ കാരണമായിട്ടുണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ നിലപാടുകളെ, പ്രത്യേകിച്ചും പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്ന പി.വി. അൻവർ എം.എൽ.എയുടെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സുതാര്യതയും വ്യക്തതയും ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം -റിപ്പോർട്ടിൽ പറയുന്നു.
സി.പി.എം രാഷ്ട്രീയ കുറുക്കുവഴികൾ തേടുന്നുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. മുസ്ലിം ലീഗും യു.ഡി.എഫും നടത്തുന്ന ആപത്കരമായ സഖ്യങ്ങൾക്കും നീക്കങ്ങൾക്കുമുള്ള പ്രതിവിധി ആ വിധത്തിൽ തന്നെയുള്ള കുറുക്കുവഴികൾ തന്നെയാണെന്ന ചിന്ത പലപ്പോഴും സി.പി.എമ്മിനെ നയിക്കുന്നതായാണ് വിമർശനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിലെയും പെരിന്തൽമണ്ണയിലെയും സ്ഥാനാർഥിത്വത്തെ സി.പി.ഐ വിമർശിച്ചിരുന്നു. ഇത് പണം വാങ്ങിയാണെന്ന് അന്ന് തന്നെ ആരോപണവുമുയർന്നിരുന്നു. ഇതുസംബന്ധിച്ചുള്ളതാണ് റിപ്പോർട്ടിലെ വിമർശനം.
രണ്ടാം പിണറായി സര്‍ക്കാറിന് മുൻ സർക്കാറിനെക്കാൾ നിലവാരക്കുറവ് സംഭവിച്ചു. പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ലെന്നും സി.പി.ഐ കുറ്റപ്പെടുത്തി. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.
വികസനത്തിന്‍റെ വാചാലതയിൽ സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. മത സാമുദായിക ശക്തികളോട് അനാവശ്യ മമത കാണിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇടതുപക്ഷ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.