കെ.ടി.യു: നിയമവിരുദ്ധമായി തുടരുന്ന ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: കെ.ടി.യുവിൽ നിയമവിരുദ്ധമായി തുടരുന്ന ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാങ്കേതിക സര്‍വകലാശാലയില്‍ നിയമവിരുദ്ധമായാണ് ആറു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടരുന്നത്. 2021 ഓക്ടോബറില്‍ പാസാക്കിയ സാങ്കേതിക സര്‍വകലാശാല ബില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചില്ല. ബില്‍ വന്നതോടെ നവംബര്‍ 14-ലെ ഓര്‍ഡിനന്‍സും കാലഹരണപ്പെട്ടു.
ഈ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് ആറ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമിതരായത്. മുന്‍ എം.പി പി.കെ ബിജു, അഡ്വ. ഐ.സാജു, ഡോ.യമുന, വിനോദ് കുമാര്‍ ജേക്കബ്, ജി.സഞ്ജീവ്, വിനോദ് മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ദൈനംദിന ഭരണത്തിലും നിയമനത്തിലും ഇടപെടുകയാണ്. ഇവര്‍ വി.സിയെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇവരെ അടിയന്തിരമായി പുറത്താക്കണം.
ഒന്നേകാല്‍ വര്‍ഷം ഇവര്‍ കൈപ്പറ്റിയ 50 ലക്ഷം രൂപയും തിരിച്ച് പിടിച്ച് ഇവര്‍ എടുത്ത തീരുമാനങ്ങളൊക്കെ പിന്‍വലിക്കണം. ഇതൊക്കെ കേരളത്തിലെ ഒരു സര്‍വകലാശാലയിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. പ്രതിപക്ഷത്തിന് സത്യഗ്രഹ സമരം മാത്രമെ നടത്താന്‍ അറിയൂവെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. സത്യഗ്രഹത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നത് പോലെയാണ്. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയും ഗാന്ധി നിന്ദ നടത്തുകയാണ്.
വാട്ടര്‍ അതോറിട്ടിയില്‍ 2,500 കോടിയുടെ വിദേശ സഹായം വാങ്ങി. ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചവര്‍ വിദേശ സര്‍വകലാശാലകള്‍ കൊണ്ടുവരുകയാണ്. ജനകീയ വിഷയങ്ങളിലാണ് യു.ഡി.എഫ് സമരം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ സി.പി.എമ്മും ബി.ജെ.പിയും സമരം നടത്തിയിട്ടുണ്ട്. അവര്‍ ഒന്നിച്ചാണ് സമരം ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചിട്ടില്ല. എന്നിട്ടാണ് സര്‍ക്കാരിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത്. വെറുതെ കേന്ദ്ര വിരുദ്ധത പറഞ്ഞുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.