കുമ്മനം പ്രതിരോധത്തിൽ
text_fieldsകോഴിക്കോട്: ബി.ജെ.പിയെ നാണം കെടുത്തിയ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പ്രതിരോധത്തിൽ. സംഭവത്തിൽ ഉൾപ്പെട്ടവർ മുഴുവനും പാർട്ടിയിൽ കുമ്മനവുമായി അടുത്ത ബന്ധമുള്ള കൃഷ്ണദാസ് പക്ഷക്കാരാണ്. ലെയ്സൺ പ്രവർത്തനങ്ങൾക്ക് കുമ്മനം ഡൽഹിയിൽ നിയോഗിച്ച സ്റ്റാഫ് അടക്കം അഴിമതിയിൽ പങ്കാളിയായ സാഹചര്യത്തിൽ സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച് ആർ.എസ്.എസ് നേതൃത്വവുമായി കുമ്മനം ആശയവിനിമയം നടത്തിയതായാണ് വിവരം.
ഉടനെ രാജിവെച്ചില്ലെങ്കിലും കുമ്മനത്തെ നേതൃസ്ഥാനത്തു നിർത്തി ഇനി പാർട്ടിയെ മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തി അധികാരത്തിൽ വന്ന നരേന്ദ്ര മോദിയെ കേരള ഘടകം പിന്നിൽനിന്നു കുത്തിയ പ്രതീതിയാണ് പാർട്ടിയിൽ പൊതുവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കുമ്മനം മാത്രമല്ല, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശും വിവാദത്തിൽ പങ്കാളിയാണ്. അന്വേഷണ കമീഷൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും പരോക്ഷമായ അഴിമതി സൂചന റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിെൻറ ചുമതലക്കാരൻകൂടിയാണ് രമേശ്. അന്വേഷണം നടത്തുന്ന വിവരവും പരാതിയുടെ കോപ്പിയും കോഴ വിവാദത്തിലെ പ്രധാനിയായ ബി.ജെ.പി സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദിെൻറ കൈയിൽ എത്തിയതിനു മറുപടി പറയേണ്ടത് രമേശാണ്.
സംസ്ഥാന കമ്മിറ്റി ഓഫിസിനുള്ളിലും കടുത്ത ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ടെന്നതിെൻറ തെളിവാണ് കുമ്മനത്തെ ഏൽപിച്ച അന്വേഷണ റിപ്പോർട്ട് ചോർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ആലപ്പുഴയിൽ ചേരുന്ന ബി.ജെ.പി കോർ കമ്മിറ്റിയും സംസ്ഥാന സമിതിയും വിനോദിനെ പുറത്താക്കി തലയൂരാൻ ശ്രമിച്ചാലും പൊതുജനങ്ങൾക്കു മുന്നിൽ പാർട്ടിക്ക് പിടിച്ചുനിൽക്കുക പ്രയാസമായിരിക്കും. പാർട്ടി തലപ്പത്ത് മേജർ സർജറിതന്നെ വേണ്ടിവരുമെന്നാണ് ഇതേക്കുറിച്ച് മുതിർന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണം.
കഴിഞ്ഞ അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റുമായി പ്രവർത്തനം തുടങ്ങിയ തിരുവനന്തപുരത്തെ എസ്.ആർ മെഡിക്കൽ കോളജ് സീറ്റുകൾ വർധിപ്പിച്ചു കിട്ടാനാണ് 5.6 കോടി രൂപ കോഴ അഡ്വാൻസ് കൊടുത്തത്. ആർ.എസ്. വിനോദിനെ ഏൽപിച്ച പണം ഹവാലയായി ഡൽഹിയിൽ എത്തിച്ചതായാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മൊത്തം 17 കോടിക്കായിരുന്നുവത്രെ കച്ചവടം ഉറപ്പിച്ചത്. കാര്യം നടക്കാതെ വന്നപ്പോൾ എസ്.ആർ മെഡിക്കൽ കോളജിെൻറ ചെയർമാൻ ആർ. ഷാജി കുമ്മനം രാജശേഖരനെ കണ്ടു പരാതി നൽകിയതായാണ് വിവരം. കുമ്മനം പരാതിയിൽ യഥാസമയം അന്വേഷണം നടത്തിയില്ല. തുടർന്ന് ഷാജി അദ്ദേഹത്തിന് അടുപ്പമുള്ള വെള്ളാപ്പള്ളി നടേശനെ സമീപിച്ചു. കോഴക്കാര്യം വെള്ളാപ്പള്ളി അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തിയതോടെ അന്വേഷണം നടത്താൻ അമിത് ഷാ ആവശ്യപ്പെട്ടു. ഇരു ഗ്രൂപ്പുകളിലും പെടാത്ത ആൾ എന്ന നിലയിലാണ് കെ.പി. ശ്രീശനെയും എ.കെ. നസീറിനെയും കമീഷനാക്കിയത്.
കുമ്മനം പ്രസിഡൻറ് ആയ ശേഷം നടത്തിയ പുനഃസംഘടനയിലാണ് കെ.പി. ശ്രീശനെ മാറ്റി പകരം എം.ടി. രമേശനെ ജനറൽ സെക്രട്ടറി ആക്കിയത്. ശ്രീശന് വൈസ് പ്രസിഡൻറ് പദവും നൽകി. വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പെട്രോൾ ബങ്കുകളും ഗ്യാസ് ഏജൻസികളും വിറ്റ് കേരള ബി.ജെ.പി നേതാക്കൾ ലക്ഷങ്ങൾ സമ്പാദിച്ചിരുന്നു. അതിെൻറ ഗുണഭോക്താക്കൾ ഇപ്പോഴും സംസ്ഥാന നേതൃത്വത്തിലുണ്ട്. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സീറ്റുകൾ വർധിപ്പിച്ചു നൽകിയതിെൻറ മറവിൽ ചില ബി.ജെ.പി നേതാക്കൾ കോടികൾ കൈക്കലാക്കിയ കഥകൾ പുറത്തുവരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.