ഗ്രൂപ്പിന് അതീതനായി വരവ്, ഗ്രൂപ് നേതാവായി മടക്കം
text_fieldsതിരുവനന്തപുരം: കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് കേന്ദ്ര നേതൃത്വം ഒഴിവാക്കിയത് ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിെൻറ കടുത്ത എതിർപ്പ് മറികടന്ന്. ഗ്രൂപ്പിന് അതീതനായി വന്ന് ഒടുവിൽ ഒരു ഗ്രൂപ്പിെൻറ വക്താവായി മാറിയെന്ന ആക്ഷേപമാണ് കാലാവധി തികക്കും മുമ്പ് അദ്ദേഹത്തെ ഒഴിവാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. അവസാന നിമിഷം വരെയും കുമ്മനത്തെ സംരക്ഷിക്കാൻ ശ്രമിച്ച സംഘ്പരിവാർ ഒടുവിൽ അദ്ദേഹത്തിന് മാന്യമായ ‘ഒഴിഞ്ഞുപോകൽ’ അനുവദിക്കണമെന്ന ആവശ്യത്തിലേക്ക് നിലപാട് ചുരുക്കുകയായിരുന്നു.
വി. മുരളീധരനുശേഷം 2015 ഡിസംബർ 18ന് നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ട കുമ്മനത്തിെൻറ കാലാവധി ഡിസംബറിലാണ് അവസാനിക്കുക. അതുവരെ കേന്ദ്ര നേതൃത്വത്തിൽനിന്ന് ഒരാൾക്ക് ചുമതല നൽകുമെന്ന സൂചനയാണ് ഡൽഹിയിൽനിന്ന് വരുന്നത്. ദേശീയ പ്രസിഡൻറും പ്രധാനമന്ത്രിയും ചേർന്നാവും തീരുമാനം എടുക്കുക എന്നതിനാൽ സംസ്ഥാനനേതൃത്വം അപ്പാടെ ഇരുട്ടിൽ തപ്പുകയാണ്.അഭിമാന പോരാട്ടമായി ബി.ജെ.പി സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾ എടുത്തുകാണിച്ച ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാക്കാതെയാണ് കുമ്മനത്തിനെ മാറ്റിയത്. ചെങ്ങന്നൂരിലെ ബി.ജെ.പിയുടെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്.
എല്ലാ സ്വാതന്ത്ര്യം നൽകിയിട്ടും ആർ.എസ്.എസിെൻറ കലവറയില്ലാത്ത പിന്തുണ ഉണ്ടായിട്ടും കേരളത്തിൽ തങ്ങൾ ലക്ഷ്യംവെച്ച മുന്നേറ്റം കുമ്മനത്തിെൻറ കീഴിൽ ഉണ്ടായില്ലെന്ന ആക്ഷേപമാണ് കേന്ദ്ര നേതൃത്വത്തിന്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഒരു എം.എൽ.എ സ്ഥാനം എന്ന നേട്ടം അല്ലാതെ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തികഞ്ഞ പരാജയമാെയന്നും വിമർശമുണ്ട്. എൻ.ഡി.എ ഘടകകക്ഷികളുടെ അതൃപ്തിയും ആവശ്യവും കേന്ദ്ര നേതൃത്വത്തെ ഫലപ്രദമായി ധരിപ്പിച്ചില്ലെന്ന വിമർശവും നേതൃത്വത്തിനുണ്ട്. കേന്ദ്ര ഭരണമെന്ന ആകർഷക ഘടകം കൈയിലുണ്ടായിട്ടും കെ.എം. മാണിയെ കാവി ചേരിയിൽ എത്തിക്കാൻ കഴിഞ്ഞില്ല.
സംഘടനാ സംവിധാനം ബൂത്ത് തലത്തിൽവരെ തകർന്നു. ഗ്രൂപ്പിന് അതീതനായി വന്നിട്ടും പി.കെ. കൃഷ്ണദാസ് ഗ്രൂപ്പിെൻറ വക്താവായി മാറിയെന്ന പരാതിയിൽ കഴമ്പുള്ളതായി കേന്ദ്ര നേതൃത്വത്തിനും ബോധ്യപ്പെട്ടു. മെഡിക്കൽ കോളജ് കോഴയിൽ ആരോപണവിധേയനായ എം.ടി. രമേശിനെ സംരക്ഷിക്കുകയും ചെങ്ങന്നൂരിെൻറ ചുമതല നൽകിയതും നേതൃത്വത്തെ പ്രകോപിപ്പിച്ചു. കുമ്മനത്തെ മാറ്റിയേ പറ്റൂവെന്ന നിലപാടിലേക്ക് ആഴ്ചകൾക്ക് മുേമ്പ ദേശീയ നേതൃത്വം എത്തിയിരുന്നു. എന്നാൽ, സംസ്ഥാന ആർ.എസ്.എസ് നേതൃത്വം പഴയ പ്രചാരകനായ കുമ്മനത്തിന് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. പക്ഷേ, വീഴ്ചകൾ ഒാരോന്നായി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടിയതോടെ മാന്യമായ വിടവാങ്ങലിന് അവസരം നൽകണമെന്ന് ആർ.എസ്.എസ് അഭ്യർഥിച്ചു. എം.പി, സഹമന്ത്രിസ്ഥാനത്തിൽ ഏതെങ്കിലും ഒന്ന് നൽകണമെന്നും അവർ നിർദേശിച്ചു. എന്നാൽ, രാഷ്ട്രീയ പദവി നൽകുന്നത് കേരളത്തിലെ ബി.ജെ.പി രാഷ്ട്രീയത്തിൽ ഇടപെടാൻ അവസരം ഒരുക്കുമെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. പകരം കുമ്മനത്തെ രാഷ്ട്രീയമായി ‘നിർവീര്യനാക്കണ’മെന്ന ഉറച്ച നിലപാടിലായിരുന്നു അവർ. നിവൃത്തിയില്ലെന്ന് വന്നതോടെ സംസ്ഥാന ആർ.എസ്.എസ് നേതൃത്വം വഴങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.