കണക്കുതീർക്കാൻ നിൽക്കാതെ പിണറായി
text_fieldsകോഴിക്കോട്: ലാവ്ലിൻ കേസിൽ തന്നെ കുരുക്കിയിട്ട ഉമ്മൻ ചാണ്ടിയോട് മധുരമായി കണക്കുതീർക്കാൻ പിണറായി വിജയെൻറ കരങ്ങളിലേക്ക് കാലം നീട്ടിക്കൊടുത്ത ട്രംപ് കാർഡായിരുന്നു സോളാർ റിപ്പോർട്ട്. എന്നാൽ, അമിതാവേശം കാട്ടാതെ നിയമപരമായ മാർഗങ്ങൾ അവലംബിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. രാഷ്ട്രീയമായി തേജോവധം ചെയ്യാൻ സോളാർ റിപ്പോർട്ട് ഉപയോഗിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിെൻറ ഉറച്ച തീരുമാനം.
സ്ഫോടനാത്മക സ്വഭാവമുള്ള അന്വേഷണ റിപ്പോർട്ട് ഒന്നരമാസം അതീവ രഹസ്യമായി സൂക്ഷിച്ചു എന്നതുതന്നെ അസാധാരണമായ ഒന്നാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനകത്തും പുറത്തുമുള്ള 50ഒാളം പേർ തർജമ, സംഗ്രഹം തയാറാക്കൽ, അച്ചടി, രണ്ടു തവണ നിയമോപദേശം എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ബന്ധപ്പെട്ടിട്ടും റിപ്പോർട്ടിെൻറ രഹസ്യ സ്വഭാവം പൊളിക്കാൻ കഴിഞ്ഞില്ല.
ഇത്രയേറെ മാധ്യമങ്ങളും അന്വേഷണത്വരയുള്ള വാർത്താ ലേഖകരും ഉണ്ടായിട്ടും മുഖ്യമന്ത്രി പുറത്തുവിടുന്നതു വരെ അതു രഹസ്യമായി നിലകൊണ്ടു. നിയമസഭയിൽ റിപ്പോർട്ട് വെച്ച് നടത്തിയ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പിണറായി ഒരിടത്തും പരാമർശിച്ചതേയില്ല. നേരെ മറിച്ചു ലാവ്ലിൻ കേസിൽ ആൻറണി സർക്കാർ ഏർപ്പെടുത്തിയ വിജിലൻസ് അന്വേഷണത്തിെൻറ റിപ്പോർട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് സമർപ്പിച്ചത്.
പിണറായി വിജയനെ കുറ്റവിമുക്തനാക്കുന്നതായിരുന്നു റിപ്പോർട്ട്. പിണറായിയെ ഒഴിവാക്കിയതിനാൽ കേസ് സി.ബി.ഐക്കു വിടണമെന്ന ആവശ്യം മന്ത്രിസഭയിൽ ഉയർന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും ടി.എം. ജേക്കബും അതിനെ എതിർത്തു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനോട് എ.കെ. ആൻറണിക്കും അന്ന് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, മന്ത്രിസഭയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉമ്മൻ ചാണ്ടി സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടു.
അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദെൻറ സമ്മർദം സഹിക്കവയ്യാതെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. രാഷ്ട്രീയ ഉപശാലകളിൽ അന്നത് വലിയ ചർച്ചയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാറിലെ മിക്ക മന്ത്രിമാർക്കെതിരെയും അക്കാലത്തു പ്രതിപക്ഷം അഴിമതിയാരോപണം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ താനാണ് മുഖ്യമന്ത്രിയെന്നും ഒരാളെയും വെറുതെ വിടില്ലെന്നും വി.എസ് ഭീഷണി മുഴക്കി. ഈ സമ്മർദത്തിന് ഉമ്മൻ ചാണ്ടി വഴങ്ങിയതിനാൽ ഒരു ദശാബ്ദത്തിലേറെ പിണറായി വിജയനെ സി.ബി.ഐ കേസിൽ കുരുക്കിയിടാൻ കഴിഞ്ഞു.
സോളാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കം 16 പേർക്കെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി കേസന്വേഷണം നടത്തുമെന്ന തെൻറ മുൻ തീരുമാനവും മുഖ്യമന്ത്രി തിരുത്തി. എ.ജിയുടെ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. വ്യക്തമായ തെളിവില്ലാതെ എഫ്.ഐ.ആർ ഇട്ടാൽ കേസ് നിലനിൽക്കില്ലെന്നു നിയമ സെക്രട്ടറി ചൂണ്ടിക്കാണിച്ചതോടെ സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നിയമോപദേശം തേടി. പൊലീസ് സംഘം അന്വേഷണം നടത്തി തെളിവുകൾ ലഭിച്ചാലേ കേസുമായി മുന്നോട്ടു പോകേണ്ടതുള്ളൂ എന്നാണ് സർക്കാറിെൻറ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.