എൽ.ഡി.എഫ് വിപുലീകരണത്തിന് സി.പി.എം പച്ചക്കൊടി
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി വികസനത്തിന് സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ പച്ചക്കൊടി. സഹകരിക്കുന്ന കക്ഷികളെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ജൂലൈ 26ന് ചേരുന്ന ഇടതുമുന്നണി നേതൃയോഗത്തിൽ പ്രാഥമിക ചർച്ച നടക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് സി.പി.എം കടന്നതിന് പിന്നാലെയാണ് മുന്നണി വികസിപ്പിക്കാൻ അനുകൂല സമീപനം സ്വീകരിച്ചത്.
ശനിയാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ സംസ്ഥാന സമിതിയിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. െഎ.എൻ.എൽ, ലോക്താന്ത്രിക് ദൾ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), നാഷനലിസ്റ്റ് സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി), ജെ.എസ്.എസ്, സി.എം.പി വിഭാഗങ്ങൾ പുറത്തുനിന്ന് മുന്നണിയുമായി സഹകരിക്കുന്നുണ്ട്. ഇതിനുപുറമെ ചില കക്ഷികളിൽനിന്ന് ഭിന്നിച്ച് പുറത്തുപോയവരുമുണ്ട്. ഇവരിൽ ഏതൊക്കെ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തണം, ലയിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന കക്ഷികൾ തുടങ്ങിയവ വിലയിരുത്തിയാവും തീരുമാനം.
േകരള കോൺഗ്രസ് വിഭാഗങ്ങളിൽ ചിലത് ലയിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. െഎ.എൻ.എല്ലും എൻ.എസ്.സിയുമായി ലയിക്കണമെന്ന നിലപാട് സി.പി.എം നേതൃത്വത്തിനുമുണ്ട്. സഹകരിക്കുന്ന കക്ഷികളുടെ അഭിപ്രായം ആരാഞ്ഞശേഷമാവും മുന്നണി നേതൃത്വം പ്രായോഗിക നടപടികളിലേക്ക് കടക്കുക. മുന്നണി വികസന അജണ്ട നേരത്തേതന്നെ എൽ.ഡി.എഫിെൻറ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തത്ത്വത്തിൽ അംഗീകാരം നൽകിയെങ്കിലും സംസ്ഥാന സമിതിയിൽ ചർച്ച ചെയ്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.