ഇടതുമുന്നണി ഘടകകക്ഷിയാകാൻ ജെ.എസ്.എസിൽ ധാരണ
text_fieldsആലപ്പുഴ: എൽ.ഡി.എഫിെൻറ ഘടകകക്ഷിയായി ജെ.എസ്.എസ് നിലകൊള്ളണമെന്ന് ആലപ്പുഴ ജില്ല സമ്മേളനം നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച് പാർട്ടി നേതാവ് കെ.ആർ. ഗൗരിയമ്മക്ക് അഭിപ്രായവ്യത്യാസം ഇല്ല. തങ്ങളെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ മുഖാന്തരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിട്ടുണ്ട്. പക്ഷേ ഇതുസംബന്ധിച്ച വ്യക്തമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. പാർട്ടി ഗൗരവമായി ചർച്ച ചെയ്ത് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.
ഇടതുമുന്നണിയോട് ആവശ്യപ്പെട്ട കോർപറേഷൻ, ബോർഡ് മെംബർ സ്ഥാനങ്ങൾ ഉടൻ നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജെ.എസ്.എസ് പിളർന്നശേഷം ഗൗരിയമ്മ വിഭാഗം എടുക്കുന്ന ശക്തമായ നിലപാടാണ് ഇതെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. തങ്ങൾ എൽ.ഡി.എഫിെൻറ ഘടകകക്ഷിയല്ലെങ്കിലും കോടിയേരി ബാലകൃഷ്ണൻ വാഗ്ദാനം ചെയ്ത പാർട്ടി പരിഗണന പാലിക്കണമെന്നുതന്നെയാണ് അണികളുടെയും ഗൗരിയമ്മയുടെയും അഭിപ്രായം. സർക്കാറിനോട് സമദൂരനയം ഇല്ലെന്ന നിലപാടും തുറന്നുപറയാനുള്ള വേദിയാക്കി അണികൾ രാമവർമ ക്ലബിൽ നടന്ന സമ്മേളനം മാറ്റുകയും ചെയ്തു.
അതേസമയം, ഇടതുമുന്നണി നേതാക്കൾ ജെ.എസ്.എസിനോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങിയത് ശുഭകരമായാണ് ഗൗരിയമ്മ കാണുന്നത്. ഇതിെൻറ ഉദാഹരണമാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടതുമുന്നണി നേതാക്കളുടെ ഗൗരിയമ്മയുടെ ഭവന സന്ദർശനം. ഇടതുമുന്നണി നടത്തുന്ന എല്ലാ പരിപാടിക്കും പിന്തുണ നൽകാനും സമ്മേളനം തീരുമാനിച്ചു. പാർട്ടിയുടെ വളർച്ചക്കും പ്രവർത്തനങ്ങൾ സുഗമമായി നടത്താനും അധികാരത്തിെൻറ ഭാഗമായി മാറണമെന്ന നിലപാട് സ്വീകരിച്ചാണ് സമ്മേളനം അവസാനിച്ചത്.
അനാരോഗ്യത്താൽ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജനറൽ സെക്രട്ടറി ഗൗരിയമ്മ എത്തിയില്ല. പകരം സംസ്ഥാന പ്രസിഡൻറ് പി.ആർ. പവിത്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നാലുകണ്ടത്തിൽ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.