എൽ.ഡി.എഫ് കണക്കുകൂട്ടൽ തെറ്റി; നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനം നിലനിർത്താനായില്ല
text_fieldsമലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പുറത്തുവന്നത് എൽ.ഡി.എഫിെൻറ വിലയിരുത്തൽ പാളിയ ഫലം. 2014നെ അപേക്ഷിച്ച് ലക്ഷത്തിലധികം വോട്ട് എം.ബി. ഫൈസലിന് കൂടിയതും യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇ. അഹമ്മദിെൻറ ഭൂരിപക്ഷത്തിന് അടുത്തെത്താനാവാത്തതും ഇടത് ക്യാമ്പിന് ആശ്വാസം നൽകുമ്പോഴും ജനപിന്തുണയിൽ ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 11 മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നടത്തിയത് ഇതിനേക്കാൾ മികച്ച പ്രകടനമായിരുന്നു.
ഇടത് സർക്കാർ അധികാരത്തിൽ വന്ന് ഒരുവർഷം പൂർത്തിയാക്കാനിരിക്കെ മുപ്പതിനായിരത്തോളം വോട്ട് കുറഞ്ഞത് മുന്നണിക്ക് തിരിച്ചടിയായി. ആകെ പോൾ ചെയ്ത 9,35,991 വോട്ടിൽ ഫൈസലിന് ലഭിച്ചത് 3,44,307 ആണ്. എൽ.ഡി.എഫിന് 36.79ഉം യു.ഡി.എഫിന് 55.06ഉം ശതമാനം വോട്ട് കിട്ടി. 2014ലേതിെനക്കാൾ 1,01,323 വോട്ടിെൻറ വർധന എൽ.ഡി.എഫിനുണ്ടായി. അഹമ്മദിനെതിരെ പി.കെ. സൈനബക്ക് നേടാനായത് 28.47 ശതമാനം വോട്ട് മാത്രമാണ്.
അന്ന് പോൾ ചെയ്ത 8,53,468ൽ സൈനബക്കും എൽ.ഡി.എഫിനും അനുകൂലമായി 2,42,984 വോട്ടാണ് രേഖപ്പെടുത്തിയത്. അഹമ്മദിന് 1,94,739 വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷവും ലഭിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ കഥ മാറി. മലപ്പുറം ലോക്സഭ മണ്ഡലത്തിന് കീഴിൽ വരുന്ന പല നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് മുന്നേറി. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ നേരിയ മാർജിനിലാണ് യു.ഡി.എഫ് കടന്നുകൂടിയത്. ആകെ പോൾ ചെയ്ത 9,71,868ൽ 3,73,879 വോട്ട് ഇടതിന് ലഭിച്ചു. അന്ന് 38.47 ശതമാനം വോട്ട് നേടിയപ്പോൾ ഏതാനും മാസത്തിനകം 36.79ലേക്ക് കുറയുകയാണ് ചെയ്തിരിക്കുന്നത്.
2009നെ അപേക്ഷിച്ച് 2014ൽ എൽ.ഡി.എഫിനുണ്ടായത് പത്ത് ശതമാനത്തോളം വോട്ടിെൻറ ഇടിവായിരുന്നു. ഈ ക്ഷീണം മറികടക്കാൻ ഫൈസലിനുമായിട്ടില്ല. 2009ൽ ടി.കെ. ഹംസക്ക് 39.88 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇക്കുറി മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിച്ചിരുന്നു. ഒരു വർഷം പൂർത്തിയാവും മുമ്പേ മങ്കടയിലെ യു.ഡി.എഫ് ലീഡ് 1508ൽനിന്ന് 19,262 ആയും പെരിന്തൽമണ്ണയിലേത് 579ൽനിന്ന് 8,527 ആയും കുതിച്ചു. കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വോട്ട് കുറഞ്ഞപ്പോൾ മലപ്പുറത്തും മഞ്ചേരിയിലുമുണ്ടായ വർധന ശ്രദ്ധേയമായി. മലപ്പുറത്ത് 5,899ഉം മഞ്ചേരിയിൽ 864ഉം വോട്ടാണ് കൂടിയത്. മലപ്പുറത്തെ എൽ.ഡി.എഫ് പ്രകടനം യു.ഡി.എഫിെൻറ ഭൂരിപക്ഷത്തിലും പ്രതിഫലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.