ആറ്റിങ്ങലിൽ തോൽവി മുന്നിൽ കണ്ട് ബി.ജെ.പി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എൽ.ഡി.എഫ്
text_fieldsആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി തോൽവി ഉറപ്പിച്ച സാഹചര്യത്തിൽ നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി. ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി.ജോയിയെ ജനങ്ങൾ ഏറ്റെടുത്തതോടെ യു.ഡി.എഫ് - ബി.ജെ.പി ക്യാമ്പുകൾ ആശങ്കയിലാണ്.
ഇതിന്റെ ഉദാഹരണമാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് കൊണ്ടുള്ള പ്രചരണത്തിന് ബി.ജെ.പി തയാറായത്. ബി.ജെ.പി സ്ഥാനാർഥി വി.മുരളീധരന്റെ നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ജാതിമത ചിന്തകൾക്ക് അധീതമാകണമെന്ന അടിസ്ഥാന തത്വം പോലും മറന്നു കൊണ്ടാണ് ബിജെപി ഇത്തരം പ്രചരണത്തിന് തുനിഞ്ഞത്. കേന്ദ്രമന്ത്രി എന്ന പദവിൽ ഇരുന്നു കൊണ്ടാണ് ബി.ജെ.പി സ്ഥാനർഥിയുടെ ഈ പ്രവർത്തികൾ.
ആറ്റിങ്ങൽ ജനത എല്ലാ കാലത്തും മതേതര മൂല്യങ്ങൾ സംരക്ഷിച്ചവരാണ്. ഈ പാരമ്പര്യവും ആറ്റിങ്ങലിലെ ജനങ്ങളെയും മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ബി.ജെ.പി സ്ഥാനാർഥിക്ക് അറിവുണ്ടായിരിക്കില്ല. അതുകൊണ്ടാണ് ഇത്തരം പ്രചരണത്തിലൂടെ ജനശ്രദ്ധ പിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. പക്ഷേ ഇത്തരം നീക്കങ്ങളെ ആറ്റിങ്ങലിലെ പ്രബുദ്ധരായ ജനത പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും. ബി.ജെ.പി സ്ഥാനാർഥിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനം തുടർച്ചയായി ഉണ്ടാകുമ്പോഴും മൗനം പാലിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ നിലപാടും ദുരുഹമാണ്.
നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും അതിന് മൗന അനുവാദം നൽകുന്ന യു.ഡി.എഫിനും എതിരെ ആറ്റിങ്ങലിലെ ജനങ്ങൾ വിധിയെഴുതുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യൻ തിരഞ്ഞടുപ്പ് ചരിത്രത്തിൽ തന്നെ അപമാനകരമാകുന്ന ഇത്തരം പ്രചരണ രീതികളിൽ നിന്ന് സ്ഥാനാർഥികളെ വിലക്കാൻ തിരഞ്ഞെടുപ്പ് കമീഷൻ തയാറകണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെൻറ് മണ്ഡലം കമ്മിറ്റി ചെയർമാൻ വി. ശശി എം.എൽ.എ,എ, ജനറൽ കൺവീനർ എ. റഹീം എം.പി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.