‘മുഖ്യമന്ത്രിയാകാൻ മാണിയെ എൽ.ഡി.എഫ് ക്ഷണിച്ചിരുന്നു’ -കേരള കോൺഗ്രസ് മുഖപത്രം
text_fieldsകോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാകാൻ എൽ.ഡി.എഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോൺഗ്രസ് മുഖപ്പത്രം ‘പ്രതിച്ഛായ’. എന്നാൽ, മുഖ്യമന്ത്രി പദം അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന് മാസികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മാണിക്ക് മുഖ്യമന്ത്രി പദം എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ആദ്യമായാണ് കേരള കോൺഗ്രസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
എൽ.ഡി.എഫ് പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ മാണിക്ക് വലിയ പദവികൾ ലഭിക്കുമായിരുന്നുവെന്ന് അടുത്തിടെ മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതോടെ സുധാകരൻ നിഷേധിക്കുകയായിരുന്നു.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ച് മുന്നണി വിട്ടുവരാൻ ശക്തമായ പ്രലോഭനമുണ്ടായിട്ടും അതിനെ ചെറുത്തുനിന്ന് െഎക്യമുന്നണി സംവിധാനത്തെ രക്ഷിച്ചതാണോ മാണി ചെയ്ത കുറ്റമെന്ന് ചോദിച്ചുകൊണ്ടാണ് ‘പ്രതിച്ഛായ’ മുഖപ്രസംഗം ആരംഭിക്കുന്നത്. സുധാകരെൻറ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെയല്ലെന്നും പറയുന്നു. ‘മാണി വഴങ്ങിയിരുന്നെങ്കിൽ കേരള രാഷ്ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയത്യാഗം അനുഷ്ഠിച്ച ചരിത്രമുണ്ടോ. ഇങ്ങനെ മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാർ കോഴ വിവാദം.
ചില കോൺഗ്രസ് നേതാക്കൾക്ക് മാണിയെ വീഴ്ത്തണമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്ത്തിയാൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് ഇവർ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാർകോഴ വിവാദം അവതരിക്കുന്നത്. എന്നിട്ട്, മാണിക്കു മുന്നിൽ അവർ അഭിനയിച്ചു. കോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഇത് മറയാക്കി പ്രതിപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവന്നു. അത് രാഷ്ട്രീയത്തിലെ പ്രതിപക്ഷ ധർമനിർവഹണം മാത്രമാണ്.
ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നത് രാഷ്ട്രീയ വഞ്ചനയാണ്. മാണി മുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുന്നതിനെ തടഞ്ഞതു ജോസ് കെ. മാണിയാണെന്നു ചിലർ ആക്ഷേപിക്കുന്നു. അങ്ങനെയെങ്കിൽ അതൊരു ബഹുമതിയല്ലേ. മുന്നണി സംവിധാനം തകരാതിരിക്കാൻ അദ്ദേഹവും തന്നാലായതു ചെയ്തുവെന്നല്ലേ മനസ്സിലാക്കേണ്ടത്? മുസ്ലിംലീഗിനോടു കാണിച്ച മാന്യത എന്തുകൊണ്ടു കേരള കോൺഗ്രസിനോടു കാണിച്ചില്ല. ഉപ്പുതിന്നവർ െവള്ളം കുടിക്കേണ്ടിവരും. അല്ല അവർ കുടിച്ചുെകാണ്ടിരിക്കുകയാണ്. കാൽനൂറ്റാണ്ടുകാലം മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരു ആരോപണത്തിനും വിധേയനാകാതെ കെ.എം. മാണിയുടെ നെഞ്ചിൽ ഇത്ര നിർദയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് കാലം മാപ്പു നൽകില്ല’ -ഇതു പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
നിഷേധിച്ച് വൈക്കം വിശ്വൻ
കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് എൽ.ഡി.എഫ് വാഗ്ദാനം നൽകിയിരുന്നുവെന്ന കേരള കോൺഗ്രസ് എം അവകാശവാദം നിഷേധിച്ച് കൺവീനർ വൈക്കം വിശ്വൻ. തങ്ങൾക്കൊന്നും ഇക്കാര്യം അറിയില്ല. സി.പി.എമ്മിലോ എൽ.ഡി.എഫിലോ ഇങ്ങനെയൊരു നീക്കം നടന്നിട്ടുമില്ല. ജി. സുധാകരൻ പറഞ്ഞത് എന്തിനെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.