മധ്യപ്രദേശിൽ മുഖ്യമന്ത്രിയാകാൻ കൊതിച്ച് നേതാക്കളുടെ നീണ്ട നിര
text_fieldsഭോപാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികളായ ബി.ജെ.പിയിലും കോൺഗ്രസിലും പ്രമുഖ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ചരടുവലി തുടങ്ങി. പാളയത്തിലെ പോര് കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ഭൂരിപക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബി.ജെ.പിയുടെ മുഖം. മൂന്നു തവണ അധികാരത്തിലിരുന്ന ബി.ജെ.പിക്ക് ഭരണവിരുദ്ധ വികാരം പ്രതികൂലമാകും. വോട്ടർമാരിൽ ഭൂരിപക്ഷമായ കർഷകരും ദലിതുകളും ആദിവാസികളും സർക്കാറിെൻറ പരാജയത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. എന്നാൽ, ഭരണവിരുദ്ധ വികാരത്തേക്കാളേറെ പാർട്ടിയിലെ മുഖ്യമന്ത്രി പദവി മോഹികളുടെ വിമർശനമാണ് ശിവരാജ് സിങ് ചൗഹാനെ വലക്കുന്നത്.
2005 മുതൽ മുഖ്യമന്ത്രി കസേര ഇളകാതെ കാക്കുന്ന ശിവരാജ് സിങ് ചൗഹാനെ മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗറാണ് നിയമസഭയിലും പുറത്തും ചോദ്യമുന്നയിച്ച് വലക്കുന്നത്.
ബാബുലാൽ ഗൗറിനെ മാറ്റിയാണ് ചൗഹാനെ മുഖ്യമന്ത്രിയാക്കിയത്. ഇതിനുശേഷം ഇൗ മുതിർന്ന നേതാവിനെ ഒതുക്കിയിരിക്കുകയാണ്. ബി.ജെ.പി പ്രസിഡൻറ് അമിത്ഷായുമായി ഏറെ അടുപ്പമുള്ള കൈലാഷ് വിജയ്വർഗിയ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കാത്തിരിക്കുന്ന മറ്റൊരു പ്രമുഖൻ. മാറ്റം അനിവാര്യമാണെന്ന വാദം ഉയർത്തിയാണ് ഇദ്ദേഹം പദവിയിലേക്ക് നോട്ടമിടുന്നത്.
ഒരിക്കൽ ശിവരാജ് സിങ് ചൗഹാെൻറ വിശ്വസ്തരായിരുന്ന നരേന്ദ്ര സിങ് തോമർ, തവർചന്ദ് ഗെഹ്ലോട്ട്, നരോത്തം മിശ്ര, ജയന്ത് മലയ്യ എന്നിവരും മുഖ്യമന്ത്രിയാകാൻ തക്കം പാർക്കുന്നവരാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ ശിവരാജ് സിങ് ചൗഹാന് വെല്ലുവിളികൾ ഏറെയാണ്. ഗ്രൂപ്പുപോര് നടക്കുന്ന കോൺഗ്രസിലും ഇതേ പ്രശ്നങ്ങളുണ്ട്. മുതിർന്ന നേതാവും എം.പിയുമായ കമൽനാഥാണ് കോൺഗ്രസിനെ നയിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയാകാൻ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തുണ്ട്. മുൻ കോൺഗ്രസ് നേതാവ് അർജുൻ സിങ്ങിെൻറ മകനും പ്രതിപക്ഷ നേതാവുമായ അജയ് സിങ്ങാണ് മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന മറ്റൊരാൾ. ഹൈക്കമാൻഡിൽ ശക്തമായ ബന്ധങ്ങളുള്ള സുരേഷ് പച്ചൗരിയും ഭൈമീകാമുകനാണ്. ഇതിനെല്ലാം പുറമെ ദിഗ്വിജയ്സിങ്ങിനും മുഖ്യമന്ത്രി കസേരയിൽ നോട്ടമുണ്ട്.
2013ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 165 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 57 മണ്ഡലങ്ങളിൽ മാത്രമേ പച്ചതൊടാനായുള്ളൂ. ഒരു കോൺഗ്രസ് എം.എൽ.എ പിന്നീട് ബി.ജെ.പിയിൽ ചേർന്നു. ബി.എസ്.പിക്ക് നാല് എം.എൽ.എമാരുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയുടെ തന്ത്രങ്ങൾക്കു മുന്നിൽ കോൺഗ്രസ് നിഷ്പ്രഭമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.