മുനവ്വറലിയുടെ ഭാവി നിലപാട്; ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് അങ്കലാപ്പ്
text_fieldsമലപ്പുറം: മുസ്ലിം യൂത്ത്ലീഗിന്‍െറ അമരത്ത് പാണക്കാട് മുനവ്വറലി തങ്ങള്‍ എത്തിയതില്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് അങ്കലാപ്പ്. സ്വന്തമായി നിലപാടുകളുള്ള മുനവ്വറലി തങ്ങള്‍ നേതൃത്വത്തിലേക്ക് വരാതിരിക്കാന്‍ ജില്ല കമ്മിറ്റികളെ ഉപയോഗിച്ച് ചരടുവലിച്ചവര്‍തന്നെ അദ്ദേഹത്തെ പ്രസിഡന്‍റാക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് യൂത്ത്ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിലുണ്ടായത്.
സ്വന്തമായ നിലപാടുകളുമായി മുനവ്വറലി മുന്നോട്ടുപോയാല്‍ അത് മുസ്ലിംലീഗിന് തലവേദനയാകുമെന്ന ആശങ്കയാണ് ഭൂരിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കുമുള്ളത്. ചില നേതാക്കള്‍ പിന്തുടരുന്ന അനുരഞ്ജന രാഷ്ട്രീയത്തിന് അദ്ദേഹത്തിന്‍െറ നീക്കങ്ങള്‍ ഭീഷണിയാകുമെന്നാണ് ആശങ്ക. ഇതിന്‍െറ സൂചനയെന്നോണം തെരഞ്ഞെടുക്കപ്പെട്ടയുടന്‍ മത, രാഷ്ട്രീയ യുവജന സംഘടന നേതാക്കളുമായി മുനവ്വറലി ബന്ധപ്പെട്ടു.
പൊതുവിഷയങ്ങളില്‍ സഹകരണത്തിന്‍െറ പാത വെട്ടിത്തെളിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടുകയുമായിരുന്നു ലക്ഷ്യം. പ്രതിപക്ഷ യുവജന സംഘടനയെന്ന നിലയില്‍ യൂത്ത്ലീഗ് സ്വീകരിക്കുന്ന സ്വതന്ത്ര നിലപാടുകള്‍ സാമുദായിക രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുമെന്നതിനാല്‍ ആകാംക്ഷയോടെയാണ് മുനവ്വറലിയുടെ ചുവടുവെപ്പ് സംഘടനകള്‍ വീക്ഷിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് നടന്ന യൂത്ത്ലീഗ് തെരഞ്ഞെടുപ്പിലും മുനവ്വറലി തങ്ങളുടെ പേര് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് തന്ത്രപൂര്‍വം തടയിടുകയായിരുന്നു. തങ്ങളെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഒതുക്കുന്നത് അദ്ദേഹത്തെ ചെറുതാക്കലാകുമെന്നാണ് കാരണമായി നേതൃത്വം സംഘടനാതലത്തില്‍ പ്രചരിപ്പിച്ചത്.
സംസ്ഥാന ലീഗ് അധ്യക്ഷനും ജില്ല അധ്യക്ഷനും യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷനും പാണക്കാട് കുടുംബത്തില്‍ നിന്നാകുന്നത് പാര്‍ട്ടിയുടെ വിശാല താല്‍പര്യത്തിന് ഗുണകരമാകില്ളെന്ന കാഴ്ചപ്പാടും അവര്‍ അവതരിപ്പിച്ചു. മുനവ്വറലി തങ്ങള്‍ അമിത താല്‍പര്യമെടുക്കാത്തതിനാല്‍ ആ തന്ത്രം വിജയിച്ചു.
എന്നാല്‍, ഇത്തവണ മുനവ്വറലി തങ്ങള്‍ രാഷ്ട്രീയ പ്രവേശനതാല്‍പര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. യൂത്ത്ലീഗ് നേതൃസ്ഥാനത്തേക്ക് രണ്ട് പാനലുകളുടെ ശക്തമായ ചരടുവലികളുമുണ്ടായതോടെ തങ്ങളെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.
13 ജില്ല കമ്മിറ്റികളും മുനവ്വറലി തങ്ങളുടെ പേര് മുന്നോട്ടുവെക്കാതിരുന്നിട്ടും അദ്ദേഹം വന്നതില്‍ പി.വി. അബ്ദുല്‍വഹാബ് എം.പിയുടെ ഇടപെടല്‍ നിര്‍ണായകമായി. മുമ്പ് വഹാബിന് രാജ്യസഭ സീറ്റ് നല്‍കിയതിനെതിരെ മുനവ്വറലി തങ്ങള്‍ രംഗത്തുവന്നത് വിവാദമായിരുന്നു. എന്നാല്‍, താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായതോടെ വഹാബുമായുള്ള മുനവ്വറലിയുടെ ബന്ധം കൂടുതല്‍ ശക്തമായി. ഹൈദരലി തങ്ങളുമായും സാദിഖലി തങ്ങളുമായും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ പാണക്കാട് കുടുംബത്തിന്‍െറ ഏകീകൃതാഭിപ്രായം രൂപപ്പെടുത്തിയതില്‍ വഹാബിന്‍െറ ഇടപെടല്‍ കാര്യമായ പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.