മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്ന് സി.പി.െഎ സംഘടന റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്-മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അങ്ങനെയൊരു ചർച്ച ചിലർ ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ മറ്റു താൽപര്യങ്ങളാണെന്നും സി.പി.ഐ രാഷ്ട്രീയ-സംഘടന റിപ്പോർട്ട്. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രക്ഷോഭമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ അധികാരത്തിലെത്താൻ സഹായിച്ചത്.
അഴിമതിക്കെതിരായ ഇടതുമുന്നണിയുടെ നിലപാടിനുള്ള അംഗീകാരം കൂടിയായിരുന്നു ജനവിധി. യു.ഡി.എഫ് സർക്കാറിനെതിരെയും കെ.എം. മാണിയുടെ ബാർ കോഴ അഴിമതിക്കെതിരെയും നടത്തിയ സമരങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. മാണിക്ക് അനുകൂലമായ ചർച്ച ഉയർന്നുവരുന്നത് ഇടതു ഐക്യത്തിന് ദോഷമാണ്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ടിനും പ്രവർത്തന റിപ്പോർട്ടിനും സംസ്ഥാന കൗൺസിൽ യോഗം അംഗീകാരം നൽകി.
സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. ഓരോ മന്ത്രിയുടെയും വകുപ്പിെൻറയും പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജില്ല സമ്മേളനങ്ങളിൽ ഉയർന്ന ആരോപണങ്ങൾ സ്വയം വിമർശനമായി കണ്ട് പ്രവർത്തനം െമച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ല സമ്മേളനങ്ങളിൽ മന്ത്രിമാർക്കെതിരെ വന്ന വിമർശനങ്ങൾ അതേപടി ഉൾപ്പെടുത്തുന്നതിനു പകരം സംസ്ഥാന സമ്മേളനത്തിെൻറ പ്രവർത്തന റിപ്പോർട്ടിൽ ലഘൂകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനപത്രിക അടിസ്ഥാനമാക്കി ഇടതുസർക്കാറിെൻറ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാതെ വന്നാൽ സർക്കാറിനെ തിരുത്തിക്കാൻ സി.പി.ഐ മന്ത്രിമാർക്ക് കഴിയണം. സി.പി.എം മന്ത്രി എം.എം. മണിക്കെതിരായ വിമർശനവും പ്രവർത്തന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടു ദിവസങ്ങളിലായി നടന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിൽ മാണിഗ്രൂപ്പിനെ മുന്നണിയിൽ ചേർക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നു. കെ.എം. മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന ഇ.പി. ജയരാജെൻറ പരാമര്‍ശം മാണിഗ്രൂപ്പിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണാമെന്നും സി.പി.ഐക്കെതിരെ സി.പി.എം ജില്ല സമ്മേളനങ്ങളിൽ ഉയർന്ന വിമര്‍ശനങ്ങള്‍ മാണിഗ്രൂപ്പിനുള്ള വഴിയൊരുക്കലാണെന്നും ചില നേതാക്കൾ സംസ്ഥാന കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.