വീറോടെ പൊരുതിത്തോല്‍ക്കാന്‍ ഇടതുപാര്‍ട്ടികള്‍
text_fieldsരണ്ടു പതിറ്റാണ്ടിനിടയില്‍ ഇടതുപാര്‍ട്ടികളില്‍നിന്ന് ഒരാള്‍ പോലും യു.പി നിയമസഭയില്‍ എത്തിയിട്ടില്ല. എന്നു മാത്രമല്ല, ഓരോ പാര്‍ട്ടിക്കും കിട്ടുന്ന വോട്ട് മൊത്തം വോട്ടിന്‍െറ ഒരുശതമാനം പോലും വരില്ല. അതിന്‍െറ പേരില്‍ ജനാധിപത്യ പോരാട്ടത്തിന്‍െറ വീര്യംകുറക്കുന്ന വിധത്തില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനൊന്നും അവര്‍ തയാറല്ല. ഇടതിന്‍െറ തനിമ വിളിച്ചോതി യു.പിയിലെ 403ല്‍ 140 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട് ഇടതുപാര്‍ട്ടികള്‍. ബി.ജെ.പി ശക്തിപ്പെടുകയും കേന്ദ്രഭരണത്തിനു പുറമെ യു.പിയിലും അധികാരം പിടിക്കാന്‍ സാധ്യത വര്‍ധിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മതേതരചേരിയെ ശക്തിപ്പെടുത്താന്‍ ബി.ജെ.പിയിതര പാര്‍ട്ടികളുടെ ഐക്യമുണ്ടാകേണ്ടതിന്‍െറ പ്രാധാന്യമൊക്കെ സി.പി.എമ്മിനും സി.പി.ഐക്കുമൊക്കെ നന്നായി അറിയാം. അതിന്‍െറ പേരില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മറ്റു പാര്‍ട്ടികള്‍ തയാറല്ളെങ്കില്‍, മതേതര സംരക്ഷണം ഇടതിന്‍െറ മാത്രം ചുമതലയല്ല. അതുകൊണ്ടാണ് ഇത്രത്തോളം മണ്ഡലങ്ങളില്‍ മാറ്റുരക്കുന്നത്.
പക്ഷേ, ഒരെണ്ണത്തിലെങ്കിലും ജയിക്കാമെന്ന പ്രതീക്ഷ ഇക്കുറിയുമില്ല. യു.പിയിലത്തെുമ്പോള്‍ ഇടതിലെ വല്യേട്ടന്‍ സി.പി.ഐയാണ്. അവര്‍ 80 സീറ്റില്‍ മത്സരിക്കുന്നു. സി.പി.എം 26 സീറ്റില്‍. സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ സി.പി.ഐ-എം.എല്‍ മത്സരിക്കുന്നുണ്ട്-33 ഇടത്ത്. ഫോര്‍വേഡ് ബ്ളോക്ക്, ആര്‍.എസ്.പി, എസ്.യു.സി.ഐ എന്നിവക്കും സീറ്റ് പങ്കുവെച്ചു നല്‍കിയിട്ടുണ്ട്. ഈ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകാലത്ത് കൂട്ടായ്മയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കാന്‍ സി.പി.എമ്മും മറ്റും തയാറായിരുന്നു. എന്നാല്‍, നിലവിലെ നിയമസഭയില്‍ ഒമ്പതു സീറ്റുള്ള രാഷ്ട്രീയ ലോക്ദളിനെപ്പോലും പങ്കാളിയാക്കാന്‍ തയാറാകാതെ എസ്.പിയും കോണ്‍ഗ്രസും സീറ്റു പങ്കിട്ടെടുത്തതിനിടയില്‍ ഇടതുമായി സഖ്യത്തിന് അഖിലേഷിനും മറ്റും താല്‍പര്യമില്ലായിരുന്നു. 103 സീറ്റ് കോണ്‍ഗ്രസിനു നല്‍കേണ്ടി വന്നതിനാല്‍, സ്വന്തം സീറ്റില്‍നിന്ന് ഇടതിനെ ഉള്‍ക്കൊള്ളിക്കാന്‍ പാകത്തില്‍ കൂടുതല്‍ വീതംവെപ്പിന് അവര്‍ തയാറായില്ല. ഇടതുമായുള്ള ബന്ധംകൊണ്ട് മെച്ചമൊന്നുമില്ല, ബാധ്യതയാണെന്ന വിലയിരുത്തലാണ് ഉണ്ടായത്. ബി.എസ്.പിയുടെ ചിന്താഗതിയും മറ്റൊന്നായിരുന്നില്ല. ഇതോടെ ആത്മാഭിമാനത്തില്‍ മുറിവേറ്റ ഇടതുപാര്‍ട്ടികള്‍, ഇടതുചേരിയിലെ ഭിന്നത മറന്ന് ഒന്നിച്ചു നില്‍ക്കാന്‍ ധാരണയിലത്തെി. സംസ്ഥാനത്തെ ത്രികോണമത്സരത്തിനിടയില്‍ ബി.ജെ.പി ജയിച്ചാല്‍ അതിന് മതേതര വിശ്വാസികള്‍ തങ്ങളെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ളെന്ന് മുന്‍കൂര്‍ പറഞ്ഞു വെച്ചിട്ടുമുണ്ട്.
ഇടതിന് ഇടതിന്‍െറ രാഷ്ട്രീയമുണ്ട്. അത് വിളംബരം ചെയ്യാന്‍ ഏറ്റവും നല്ല അവസരമത്രേ തെരഞ്ഞെടുപ്പ്. വര്‍ഗീയത വഴി മുഖ്യശത്രു ബി.ജെ.പിയാണെങ്കിലും ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നിവയെല്ലാം ഒരേ നയനിലപാടുകാരാണെന്ന കാഴ്ചപ്പാടാണ് ഇടതുപാര്‍ട്ടികള്‍ക്കുള്ളത്. ആദ്യം തോല്‍ക്കേണ്ടത് ബി.ജെ.പിയാണെന്നു മാത്രം. അതുകൊണ്ട് ഇടതിന് സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ പാകത്തില്‍ ജയസാധ്യതയുള്ളവര്‍ക്ക് വോട്ടുചെയ്യും. 140 മണ്ഡലങ്ങളില്‍ വിപുലമായി മത്സരിക്കുന്ന ഇടതിന് മറ്റു മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പാകത്തിലൊരു വോട്ടുശക്തിയുണ്ടോയെന്നത് വേറെ കാര്യം.
പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്രാപിച്ചതോടെയാണ് മറ്റു വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ യു.പിയിലും ഇടതുചേരി ദുര്‍ബലമായത്. 1996നുശേഷം ഒരിക്കല്‍പോലും ജയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്കൊന്നിനും കഴിഞ്ഞിട്ടില്ല. 1974ല്‍ 16 സീറ്റുണ്ടായിരുന്ന ഇടതു പാര്‍ട്ടികള്‍ക്ക് 1996ല്‍ സീറ്റ് നാലായി ചുരുങ്ങി. പിന്നെ അതും നഷ്ടപ്പെട്ടു. പ്രാദേശിക, ജാതി താല്‍പര്യങ്ങളിലേക്ക് സംസ്ഥാന രാഷ്ട്രീയം കൂപ്പുകുത്തിയതു വഴിയാണിതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ ഹിരാലാല്‍ യാദവ് പറയുന്നു. പട്ടിന്‍െറയും തുകലിന്‍െറയും നിര്‍മാണ മേഖലകളില്‍ ഇടതുപാര്‍ട്ടികള്‍ ഒരുകാലത്ത് പ്രതാപികളായിരുന്നു. ഇന്നും ബനാറസിലും മറ്റും ഇടതു തൊഴിലാളി സംഘടനകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, ശേഷി ചോര്‍ന്ന് തെരഞ്ഞെടുപ്പു പ്രചാരണ ചെലവിനുതന്നെ പ്രയാസപ്പെടുകയാണ് ഇടതുപാര്‍ട്ടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.