തമിഴ്നാട്ടിൽ 'നോട്ട'യെക്കാൾ കൂടുതൽ വോട്ട് ബി.ജെ.പിക്ക് കിട്ടുമോയെന്ന് നോക്കാം -എ.ഐ.എ.ഡി.എം.കെ നേതാവ് ജയകുമാർ
text_fieldsചെന്നൈ: അടുത്ത തെരഞ്ഞെടുപ്പിൽ നോട്ടയെക്കാൾ കൂടുതൽ വോട്ടുകൾ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കിട്ടുമോയെന്ന് നോക്കാമെന്ന് വെല്ലുവിളിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ. ബി.ജെ.പിയുമായുള്ള സഖ്യം ഒഴിവാക്കുകയാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു മുൻമന്ത്രി കൂടിയായ ജയകുമാറിന്റെ വെല്ലുവിളി.
'2024ൽ തെരഞ്ഞെടുപ്പ് വരികയാണല്ലോ. ബി.ജെ.പിക്ക് ഒന്നും ചെയ്യാനാവില്ല. നോട്ടയെക്കാൾ കൂടുതൽ വോട്ട് നേടാൻ അവർക്ക് സാധിക്കുമോ? നമുക്ക് കാണാം' -അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ സ്ഥാപകനേതാക്കളെയടക്കം വിവാദ പരാമർശങ്ങളിലൂടെ നിരന്തരം അപമാനിക്കുന്ന തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സഖ്യം ഉപേക്ഷിക്കാൻ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചത്. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് വേളയിൽ സഖ്യത്തെക്കുറിച്ച് പുനർവിചിന്തനം ആകാമെന്നാണ് പാർട്ടി നിലപാട്.
കഴിഞ്ഞദിവസം പൊതുസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ നടത്തിയ പരാമർശമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. നേതാക്കളെ അപമാനിച്ചാൽ പാർട്ടി പ്രവർത്തകർ സഹിക്കില്ലെന്ന് മുതിർന്ന ഡി. ജയകുമാർ പറഞ്ഞു.
ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരു പാർട്ടി നേതാക്കൾ തമ്മിൽ വാക്പോര് തുടങ്ങിയത്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യം വേണ്ടെന്ന് അണ്ണാമലൈ തുറന്നടിച്ചിരുന്നു.
ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾ ഒതുക്കിയത്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കുശേഷമാണ് പുതിയ സംഭവവികാസം. 1950കളിൽ അണ്ണാദുരൈ മധുരയിലെ പരിപാടിയിൽ ഹിന്ദു വിശ്വാസത്തിനെതിരെ വിമർശനാത്മക പരാമർശം നടത്തിയിരുന്നുവെന്നും അതിനെ സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർ ശക്തമായി എതിർത്തിരുന്നുവെന്നുമായിരുന്നു അണ്ണാമലൈയുടെ വിവാദ പ്രസംഗം.
എ.ഐ.എ.ഡി.എം.കെയുമായി സഖ്യം വേണമെന്ന് ബി.ജെ.പി പ്രവർത്തകർക്ക് ആഗ്രഹമുണ്ടെങ്കിലും അണ്ണാമലൈക്ക് അതില്ലെന്ന് ഡി. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം നേതാക്കളെ അപമാനിക്കുന്നത് താങ്ങാനാകില്ല. തമിഴ്നാട്ടിൽ ബി.ജെ.പിക്ക് ഒറ്റക്ക് നിലനിൽപില്ല. അവരുടെ വോട്ടുബാങ്ക് എത്രയാണെന്ന് തങ്ങൾക്കറിയാം. മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുന്ന അണ്ണാമലൈ നേതാവായിരിക്കാൻ യോഗ്യനല്ല. ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും പരാമർശങ്ങൾ തിരുത്താൻ അദ്ദേഹം തയാറാകുന്നില്ലെങ്കിൽ നീക്കങ്ങൾ അവരുടെ കൂടി അറിവോടെയാണെന്ന് വ്യക്തമാണെന്നും ജയകുമാർ പറഞ്ഞു.
എന്നാൽ, അണ്ണാമലൈയുടെ പരാമർശത്തിൽ ഒരു തെറ്റുമില്ലെന്നും തമിഴ്നാട്ടിലെ ജനപിന്തുണയുള്ള നേതാവായി അദ്ദേഹം വളർന്നുവരുന്നതിലുള്ള അസൂയയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ബി.ജെ.പി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.