േനട്ടപ്പട്ടികയുമായി ഭരണപക്ഷം, നിരാശ മാത്രമെന്ന് പ്രതിപക്ഷം
text_fieldsകൊല്ലം: തദ്ദേശതെരഞ്ഞെടുപ്പുകളിൽ എന്നും ജില്ല ഇടത്തേക്കാണ് ചായുന്നത്. ജില്ല കൗൺസിൽ രൂപവത്കരണം മുതൽ തുടങ്ങിയ ഇടതുഭരണം കൗൺസിൽ ജില്ല പഞ്ചായത്തിലേക്ക് മാറിയപ്പോഴും തുടർന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എന്നും എൽ.ഡി.എഫ് ജില്ല പഞ്ചായത്തിൽ ഭരണത്തിലെത്തുന്നത്.
ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന ഘട്ടത്തിൽ വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ ആർ.എസ്.പിക്ക് ലഭിച്ചിരുന്നു. 2015ൽ സി.പി.എം, സി.പി.ഐ സ്ഥാനാർഥികൾ മാത്രമായി ഇടതുമുന്നണി മാറിയപ്പോൾ വലിയ വിജയമാണ് നേടിയത്. ജില്ല പഞ്ചായത്തിലെ 26 ഡിവിഷനിൽ 22 ഉം ഇടതുമുന്നണി നേടി. സി.പി.എം^14 , സി.പി.ഐ ^എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിന് ലഭിച്ച നാല് സീറ്റിൽ ഒന്ന് ആർ.എസ്.പി നേടിയപ്പോൾ കോൺഗ്രസ് വിജയം മൂന്നിലൊതുങ്ങി.
ജില്ല പഞ്ചായത്ത് അംഗങ്ങളായി ഇരുന്ന പലരും പിന്നീട് എം.എൽ.എയും എം.പിയുമായി. എ.എ. അസീസ്, പി. അയിഷ പോറ്റി, ആർ. രാമചന്ദ്രൻ എന്നിവർ നിയമസഭയിലെത്തിപ്പോൾ കെ. സോമപ്രസാദ് രാജ്യസഭയിലെത്തി. പി. അയിഷ പോറ്റിയും കെ. സോമപ്രസാദും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
പ്രധാന സ്ഥാനങ്ങളിലേക്ക് കൃത്യമായ വീതംവെപ്പാണ് ഇടതുമുന്നണി തുടർന്നുവന്നത്. ആദ്യ രണ്ടരവർഷം സി.പി.ഐക്കും പിന്നീടുള്ള കാലയളവിൽ സി.പി.എമ്മിനുമായിരുന്നു പ്രസിഡൻറ് സ്ഥാനം. ഇതനുസരിച്ച് 2015ൽ അധികാരമേറ്റശേഷം ആദ്യഘട്ടത്തിൽ സി.പി.ഐയിലെ കെ. ജഗദമ്മ പ്രസിഡൻറായി.
രണ്ടരവർഷം കഴിഞ്ഞ് പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിെൻറ സി. രാധാമണിക്ക് ലഭിച്ചു. രണ്ടുപേരും അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ചവരായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ആദ്യ കാലയളവിൽ എം. ശിവശങ്കരപ്പിള്ളയും (സി.പി.എം) പിന്നീട് എസ്. വേണുഗോപാലും (സി.പി.ഐ) എത്തി. സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ആശ ശശിധരെൻറ (സി.പി.എം) വേർപാടാണ് ജില്ല പഞ്ചായത്തിെൻറ ദുഃഖമായി അവശേഷിക്കുന്നത്. തലവൂർ ഡിവിഷൻ അംഗമായ ആശ ശശിധരൻ അസുഖത്തെതുടർന്നാണ് മരിച്ചത്. ഇവിടെ പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നില്ല.
കഴിഞ്ഞതവണത്തെപോലെ സമ്പൂർണ ആധിപത്യം നേടാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രതിഷേധം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സാന്നിധ്യം ഉറപ്പാക്കി മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിയും ഒരുങ്ങുന്നുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ ചർച്ച ഇരുമുന്നണികളും തുടങ്ങിക്കഴിഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തും. കോവിഡ് കാലത്ത് മാനദണ്ഡം പാലിച്ചുള്ള പ്രചാരണമാണ് വേണ്ടത്. ഇതിനൊക്കെ വ്യക്തമായ നിർദേശങ്ങളാണ് മുന്നണികൾ തയാറാക്കുന്നത്.
നൂറു ശതമാനം സംതൃപ്തി –സി. രാധാമണി
കൊല്ലം: ഭരണത്തിൽ നൂറു ശതമാനം സംതൃപ്തിയോടെയാണ് വരുന്ന തദ്ദേശതെരഞ്ഞെടുപ്പിെന നേരിടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി. സമസ്ത മേഖലയിലും വികസനം സാധ്യമാക്കാൻ കഴിഞ്ഞു. അഞ്ച് വർഷത്തെ ഭരണനേട്ടം വികസനരേഖയായി പുറത്തിറക്കി. സംസ്ഥാനത്തെ മറ്റൊരു ജില്ല പഞ്ചായത്തിനും സാധ്യമാകാത്ത പദ്ധതികൾ കൊണ്ടുവന്നു.
പെരിനാട് ഗവ. സ്കൂളിലെ ബോക്സിങ് റിങ്, കല്ലുവാതുക്കലിൽ കബഡി പരിശീലനകേന്ദ്രം എന്നിവ ഉദാഹരണങ്ങളാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഒപ്പമാണ് ജില്ല പഞ്ചായത്ത്. അതിനായി കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണമികവിെൻറ സാക്ഷ്യപത്രമാണ് ദേശീയ പുരസ്കാരം ഉൾെപ്പടെ ജില്ല പഞ്ചായത്തിനെ തേടിയെത്തിയത്. രണ്ടുതവണ ദേശീയ പുരസ്കാരം, മൂന്നുതവണ സംസ്ഥാന ഗവ. പുരസ്കാരം, നാലുതവണ ആരോഗ്യമേഖലയിലെ സംഭാവനക്ക് ബഹുമതി, പ്രഥമ ആർദ്ര കേരളം പുരസ്കാരം എന്നിവ ലഭിച്ചു. ജനക്ഷേമത്തിനുള്ള പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മികച്ച വിജയത്തോടെ അധികാരം നിലനിർത്തുമെന്നും അവർ പറഞ്ഞു.
എല്ലായിടത്തും അവഗണന –യു.ഡി.എഫ്
കൊല്ലം: ജില്ല പഞ്ചായത്തിലെ എല്ലാ പദ്ധതികളിലും അവഗണനയാണുണ്ടായതെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ആർ. രശ്മി പറഞ്ഞു. ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാട്ടി. പ്രതിഷേധിച്ചാൽ മാത്രമാണ് പരിഗണന ലഭിക്കുന്നത്. പ്രതിപക്ഷം നാല് അംഗങ്ങളായി ചുരുങ്ങിയതോടെ അവഗണന കൂടി.
ജില്ല പഞ്ചായത്തിെൻറ പല പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും യു.ഡി.എഫ് പ്രതിനിധികൾക്ക് അവസരം നിഷേധിച്ചു. ജനപിന്തുണയുള്ളതും പൊതുസ്വീകാര്യരുമായ സ്ഥാനാർഥികളെ നിർത്തി മികച്ച നേട്ടം കൈവരിക്കാനാണ് തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച ഫലം ഉറപ്പാണ്. ഇടതുപക്ഷത്തിെൻറ ഏകാധിപത്യപ്രവണത അവസാനിപ്പിക്കാൻ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.