തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുമാറ്റം, കൂടണയൽ! അണിയറയിൽ കരുനീക്കം സജീവം
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടികളിൽ കൂടുമാറ്റവും കൂടണയലൂം സജീവമായി. അണിയറയിലെ രഹസ്യങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കാൻ പാർട്ടികൾക്ക് നിർദേശമുണ്ട്. കൂടുമാറ്റം ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ച് സ്വന്തം പാർട്ടിയിലെത്തിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.
വിവിധ പഞ്ചായത്തുകളിലെ പാർട്ടി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണകൾ പൂർത്തിയായി. കഴിഞ്ഞ തവണ മത്സരിച്ച വാർഡുകളും ഡിവിഷനുകളും നിലനിർത്തുകയാണ് പാർട്ടികളുടെ ലക്ഷ്യം. ഒപ്പം ഭരണം ലഭിക്കാനുള്ള നീക്കുപോക്കുകളും തുടങ്ങി. മറ്റ് പാർട്ടികളിലുള്ളവരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് -എം ഇടതുമുന്നണിയിൽ എത്തിയതോടെ നിരവധി നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ജോസ് കെ. മാണിയുടെ പാർട്ടിയിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാൻ ശ്രമം തുടങ്ങി. ജനാധിപത്യ കേരള കോൺഗ്രസിലെ ചില ഭാരവാഹികൾ ഇതിനകം വയനാട്ടിൽ കെ.ജെ. ദേവസ്യ പ്രസിഡൻറായ പാർട്ടി ഘടകത്തിൽ ചേർന്നു കഴിഞ്ഞു. കൂടുതൽ പേർ ഈ മാസംതന്നെ പാർട്ടിയിൽ എത്തുമെന്ന് ദേവസ്യ വെളിപ്പെടുത്തി.
ജനതാദൾ -എസിൽ പൊട്ടിെത്തറി തുടരുകയാണ്. ചില ഭാരവാഹികൾ ഇതിനകം വയനാട്ടിൽ സി.എം.പിയിൽ ചേർന്നതായി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചെറിയ ധ്രുവീകരണങ്ങൾ പോലും മുതലാക്കാനാണ് മുഖ്യധാര പാർട്ടികളുടെ തീരുമാനം.
മുന്നണി സംവിധാനങ്ങളും ശക്തിപ്പെടുത്തും. വയനാട്ടിൽ അടുത്ത കാലത്തായി കർഷക സമരങ്ങൾ ശക്തമായിട്ടുണ്ട്. ക്രൈസ്തവ സഭകളും രംഗത്തുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പ്രഖ്യാപനം ഉണ്ടാക്കുന്ന ആശങ്ക നിലനിൽക്കുന്നു. വയനാട് വന്യജീവി കേന്ദ്രം കടുവ സങ്കേതമാക്കാനുള്ള നീക്കം, ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗശല്യം എന്നിവയെല്ലാം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അലയടിക്കും. എന്നാൽ, മത്സരരംഗത്തുണ്ടാകില്ലെന്ന് കാർഷിക പുരോഗമന സമിതി നേതാവ് പി.എം. ജോയി അറിയിച്ചു.
സി.പി.എം നേതൃത്വത്തിൽ ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ വികസന നേട്ടങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. സർക്കാറിെൻറ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പാർട്ടി തീവ്രശ്രമം തുടങ്ങിയിട്ടുണ്ട്. പ്രാദേശിക വിഷയങ്ങളിലും ഇടെപടും.
അതേസമയം, ഭരണപരാജയങ്ങളും സർക്കാറിനെതിരെ നിരന്തരം ഉയർന്നുവരുന്ന അഴിമതി ആരോപണങ്ങളും പ്രാദേശിക തലത്തിൽ പ്രചാരണായുധമാക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിന് സമൂഹമാധ്യമങ്ങളും ഉപയോഗിക്കും. അതിനിടയിൽ പ്രാദേശിക തലത്തിൽ കൂടുമാറ്റങ്ങൾക്ക് എല്ലാപാർട്ടികളും വാതിൽ തുറന്നിട്ടിരിക്കുകയാണ.് ചിലരാണെങ്കിൽ കൂടണയാൻ കാത്തുനിൽക്കുന്ന സാഹചര്യവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.