തദ്ദേശ തെരഞ്ഞെടുപ്പ്: മധ്യകേരളം കേരള കോൺഗ്രസുകളുടെ ബലപരീക്ഷണത്തിന് വേദിയാകും
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളം കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ ബലപരീക്ഷണത്തിന് വേദിയാകും. ഇരുമുന്നണിയിലായി നിലകൊള്ളുന്ന ഇവർക്ക് യഥാർഥ കേരള കോൺഗ്രസ് ഏതെന്ന് തെളിയിക്കാനുള്ള അവസരംകൂടിയാകും ഇത്. നിയമസഭ തെരഞ്ഞെടുപ്പിെൻറ ടെസ്റ്റ് ഡോസായ തദ്ദേശ തെരഞ്ഞെടുപ്പ് ഇരുവർക്കും അഭിമാനപ്രശ്നംകൂടിയായി മാറുകയാണ്.
കോട്ടയത്തും ഇടുക്കിയിലും പരമാവധി സീറ്റുകളിൽ വിജയിക്കുക, പത്തനംതിട്ടയിലും ആലപ്പുഴയിലും എറണാകുളത്തും നില മെച്ചപ്പെടുത്തുക ഇതാണ് കേരള കോൺഗ്രസുകളുടെ പുതിയ ലക്ഷ്യം. ഇതിന് പരമാവധി സീറ്റുകൾ തരപ്പെടുത്താനാണ് നീക്കം. സമ്മർദതന്ത്രവും പയറ്റുന്നുണ്ട്. ജോസ് കെ. മാണിയെ ഒപ്പം കൂട്ടിയതോടെ മധ്യകേരളത്തിൽ മിക്കയിടത്തും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജോസിെൻറ ഇടതുപ്രവേശനത്തിൽ യു.ഡി.എഫിന് തെല്ല് ആശങ്ക ഇല്ലാതില്ല.
സഭകളുടെ പിന്തുണയാണ് ഇരുവരും തേടുന്നത്. സഭയുടെയും സഭാ നേതൃത്വത്തിെൻറയും ആശീർവാദം തങ്ങൾക്കാണെന്ന് ഇരുവരും അവകാശപ്പെടുന്നുമുണ്ട്. ഇടതുമുന്നണിയും സർക്കാറും നേരിടുന്ന കടുത്ത വെല്ലുവിളികൾ തിരിച്ചടിയാകുമോയെന്ന ആശങ്ക ജോസ് പക്ഷത്തിനുണ്ട്. പി.ജെ. ജോസഫ് വിഭാഗം പ്രധാനമായും ആരോപിക്കുന്നതും ഇതുതന്നെ.
തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനാർഹ വിജയം നേടിയാൽ കഴിഞ്ഞ തവണ മത്സരിച്ച നിയമസഭ സീറ്റുകളിൽ അവകാശവാദം ഉന്നയിക്കാൻ ഇരുവർക്കുമാകും. ജോസ് വിഭാഗം മത്സരിച്ച മുഴുവൻ സീറ്റും വേണമെന്ന നിലപാടിലാണ് ജോസഫ് പക്ഷം. ജോസ് പക്ഷം ഇടതുമുന്നണിയിൽനിന്ന് 13 സീറ്റാണ് ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും പ്രതീക്ഷിക്കുന്നു. ജോസഫ് പക്ഷം ഇടുക്കി കിട്ടിയാലും തൃപ്തരാകും.
കോട്ടയം ജില്ലയിൽ മൊത്തം 1512 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാനൂറിലധികം പ്രതിനിധികൾ കേരള കോൺഗ്രസിനുണ്ടായിരുന്നു. മധ്യകേരളത്തിലെ തെരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാൻ ഞായറാഴ്ച യു.ഡി.എഫ് നേതൃയോഗം കോട്ടയത്ത് നടക്കും. ജോസ് വിഭാഗത്തെകൂടി പെങ്കടുപ്പിച്ചുള്ള ചർച്ചകൾ ഇടതുമുന്നണി പൂർത്തിയാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.