ഒരു മണ്ഡലത്തിൽ രണ്ട് പേരെ പിന്തുണച്ച് സി.പി.എം; മാഹിയിൽ 'ജഗഡ ജഗഡ', പുതുച്ചേരിയിൽ വൈദ്യലിംഗം നമ്മ ആൾ
text_fieldsമാഹി: മാഹിയിൽ കോൺഗ്രസുമായി 'ജഗഡ ജഗഡ'യെങ്കിൽ പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തെയാണ് പിന്തുണക്കുന്നതെന്ന നിലപാടുമായി സി.പി.എം. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളിലെ ഏഴ് പേരും സ്വതന്ത്രരായി 19 പേരുമാണ് ജനവിധി തേടുന്നത്. സ്ഥാനാർഥികളിൽ മൂന്ന് പേർ വനിതകളാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായാണ് പുതുച്ചേരിയെ വിലയിരുത്തുന്നത്. സിറ്റിങ് എം.പി വി.വൈദ്യലിംഗം (കോൺഗ്രസ്), ജി. തമിഴ് വേന്ദൻ (എ.ഐ.എ.ഡി.എം.കെ), എ. നമശിവായം (ബി.ജെ.പി) എന്നിവർ തമ്മിലാണ് ബലപരീക്ഷണം.
മാഹിയൊഴികെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എം കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ മാഹിയിൽ യുനൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരിക്കുന്ന കെ. പ്രഭുദേവനെയാണ് തുണക്കുക. ധാരണപ്രകാരം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യത്തെ പിന്തുടരുന്ന വിടുതലൈകക്ഷി സഖ്യ സ്ഥാനാർഥിയായ കോൺഗ്രസിലെ വി. വൈദ്യലിംഗത്തിനൊപ്പം നിൽക്കേണ്ടതാണെങ്കിലും വ്യക്തമായ നിലപാട് എടുക്കാൻ കഴിയാതെയുള്ള അവസ്ഥയിലാണ് മാഹിയിലെ സി.പി.എം. മാഹി ഘടകം കണ്ണൂർ ജില്ല കമ്മിറ്റിക്ക് കീഴിലായതാണ് ത്രിശങ്കുവിലായ ഈ അവസ്ഥക്ക് കാരണമായത്.
കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം കക്ഷികളാണ് പുതുച്ചേരിയിൽ വിടുതലൈകക്ഷി സഖ്യത്തിലുള്ളത്. അവിടെ മുഖ്യ എതിരാളികൾ എൻ.ഡി.എയിലെ ബി.ജെ.പിയാണ്. പുതുച്ചേരിയിലെ സംഖ്യത്തോടൊപ്പം നിന്ന് കോൺഗ്രസ് സ്ഥാനാർഥിക്കായി മാഹിയിൽ സി.പി.എം വോട്ട് പിടിക്കാനിറങ്ങിയാൽ കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ മാഹി നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച എൻ. ഹരിദാസിന് 9444 (40 ശതമാനം) വോട്ട് ലഭിച്ചിട്ടുണ്ട്. 300 വോട്ടുകൾ അധികം നേടിയാണ് കോൺഗ്രസിലെ രമേശ് പറമ്പത്ത് എം.എൽ.എയായത്.
പുതുച്ചേരിയിലെ യാനം, മാഹി, പുതുച്ചേരി, കാരയ്ക്കാൽ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതുച്ചേരി ലോക്സഭാമണ്ഡലം. തമിഴ്നാടിനൊപ്പം 19നാണ് പുതുച്ചേരിയിലും വോട്ടെടുപ്പ്. 1980 മുതൽ നടന്ന 11 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എട്ടു തവണയും കോൺഗ്രസിനായിരുന്നു വിജയം. 1998ൽ ഡി.എം.കെയും 2004ൽ പാട്ടാളി മക്കൾ കക്ഷിയും 2014ൽ എൻ.ആർ കോൺഗ്രസും വിജയിച്ചു. പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, പുതുച്ചേരി മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച വി. വൈദ്യലിംഗം 2019ൽ നിയമസഭ സ്പീക്കർ സ്ഥാനം രാജിവെച്ച ശേഷമാണ് ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. പുതുച്ചേരിയിലെ എൻ.ആർ കോൺഗ്രസ് നേതൃത്വത്തിലുള്ള രംഗസാമി സർക്കാറിൽ ആഭ്യന്തരമന്ത്രിയാണ് എ. നമശിവായം. പുതുച്ചേരി പി.സി.സി അധ്യക്ഷനെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന നമശിവായം പിന്നീട് ബി.ജെ.പിയിലേക്ക് കളം മാറുകയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണടിപ്പേട്ട് മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. സംസ്ഥാന ഭരണകക്ഷിയായ എൻ.ആർ കോൺഗ്രസിന്റെ പിന്തുണയാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്.
മത്സ്യത്തൊഴിലാളി കുടുംബാംഗമായ പുതുച്ചേരി ആൾ ഇന്ത്യാ അണ്ണാ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയായ ജി. തമിഴ് വേന്ദൻ പാർട്ടിയുടെ പുതുമുഖ സ്ഥാനാർഥിയാണ്. ഡി.എം.കെ മുന്നണിയിൽ തമിഴകത്തിലെ 40 ലോക്സഭ സീറ്റുകളിൽ പുതുച്ചേരി ഉൾപ്പെടെ പത്ത് സീറ്റാണ് കോൺഗ്രസിനാണ് അനുവദിച്ചത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ പുതുച്ചേരിയിൽ മൊത്തം 30 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2019ൽ സാധുവായ 7, 78,561 വോട്ടുകളിൽ 4,44,981 (57.2 ശതമാനം) വി. വൈദ്യലിംഗവും 2,47,956 (31.8) എൻ.ആർ. കോൺഗ്രസിലെ ഡോ. നാരായണ സാമി കേശവനും നേടി. 1,97,025 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ വി. വൈദ്യലിംഗം വിജയിച്ച് ലോകസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.