ലോക്സഭ തെരഞ്ഞെടുപ്പ്: ലീഗ് ശ്രദ്ധ പൊന്നാനിയിൽ
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ മുസ്ലിം ലീഗിൽ അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകളും തുടങ്ങി. തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ തിങ്കളാഴ്ച പാണക്കാട്ട് ചേർന്ന ഉന്നതാധികാര യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി പ്രവർത്തക കൺവെൻഷന് ജൂലൈ നാലിന് തുടക്കം കുറിക്കും. പൊന്നാനി മണ്ഡലത്തിലെ തിരൂരിലാണ് ആദ്യ കൺവെൻഷൻ. ഒപ്പം സിറ്റിങ് സീറ്റുകളിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പ്രാദേശിക ഘടകങ്ങളിൽനിന്ന് അഭിപ്രായ ശേഖരണവും നടക്കുന്നുണ്ട്. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയമാണ് പാർട്ടിക്ക് വെല്ലുവിളിയാവുക.
മലപ്പുറവും പൊന്നാനിയും നിലനിർത്തുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മലപ്പുറം യു.ഡി.എഫിെൻറ ഏറ്റവും സുരക്ഷിത മണ്ഡലമാണ്. എന്നാൽ, പൊന്നാനിയുടെ കാര്യത്തിൽ ചെറുതല്ലാത്ത ആശങ്ക നേതാക്കളും പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 20 ലോക്സഭ മണ്ഡലങ്ങളിലും ലീഗ് സ്വന്തം നിലക്ക് കൺവെൻഷൻ നടത്തുമ്പോഴും പൊന്നാനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ മണ്ഡലം കൈവിടാനുള്ള സാധ്യതയും മുന്നിൽക്കാണുന്നു. സി.പി.എമ്മാവട്ടെ അവസരം മുതലെടുത്ത് ഇറങ്ങിക്കളിക്കാൻ തയാറെടുക്കുകയാണ്.
ഒരുകാലത്ത് ലക്ഷത്തിലധികം വോട്ടിന് ലീഗ് ജയിച്ചിരുന്ന മണ്ഡലമാണ് പൊന്നാനി. മണ്ഡല പുനർ നിർണയത്തിന് ശേഷവും 2009ൽ വലിയ മാർജിനിൽ നിലനിർത്താനായി. എന്നാൽ, കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ 25,410 വോട്ടിനാണ് ഇ.ടി. മുഹമ്മദ് ബഷീറിനോട് അടിയറവ് പറഞ്ഞത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പൊന്നാനിയിലെ യു.ഡി.എഫ് മുൻതൂക്കം 1,071 വോട്ടായി വീണ്ടും കുറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറുമെന്ന് ലീഗ് കരുതുമ്പോഴും മറ്റൊരാളെ പരീക്ഷിക്കണമെന്ന അഭിപ്രായവുമുണ്ട്.
സി.പി.എം സ്വതന്ത്രരെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെച്ചിട്ടും കഴിഞ്ഞ രണ്ട് തവണയും പിടിച്ചുനിന്ന ഇ.ടി. തന്നെ തുടരട്ടെയെന്ന പക്ഷക്കാരാണ് ഒരു വിഭാഗം. എന്നാൽ, പി.കെ. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ഉയർന്നുവന്നിട്ടുണ്ട്. മുൻ രാജ്യസഭാംഗം കൂടിയായ എം.പി. അബ്ദുസ്സമദ് സമദാനിയുടെതാണ് പരിഗണിക്കുന്ന മറ്റൊരു പേര്. പതിവുപോലെ യുവപ്രാതിനിധ്യത്തിനായി യൂത്ത് ലീഗും രംഗത്തുണ്ട്. അതേസമയം, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങൾക്ക് പൊന്നാനിയിലെ ഓരോ നിയമസഭ മണ്ഡലത്തിെൻറയും ചുമതല നൽകിയാണ് സി.പി.എം മണ്ഡലം പിടിക്കാൻ കച്ചകെട്ടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.