വിജയമുറപ്പിച്ച് ലീഗ്; അടിയൊഴുക്കിൽ പ്രതീക്ഷ വെച്ച് സി.പി.എം
text_fieldsപൊന്നാനി: അനുകൂലമായ രാഷ്ട്രീയാന്തരീക്ഷത്തിന്റെ പിൻബലത്തിൽ പൊന്നാനിയിൽ വിജയമുറപ്പിച്ച് യു.ഡി.എഫ്. മറുഭാഗത്ത്, ബൂത്തടിസ്ഥാനത്തിലുള്ള കണക്കുകൾ വെച്ച് യു.ഡി.എഫിന് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതായി സി.പി.എം കേന്ദ്രങ്ങളുടെ അവകാശവാദം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച താനൂർ മണ്ഡലത്തിൽ ഇത്തവണ തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ കണക്കാക്കുന്നു. എൽ.ഡി.എഫിന്റെ മറ്റു മണ്ഡലങ്ങളായ പൊന്നാനിയും തൃത്താലയും തവനൂരും എൽ.ഡി.എഫിനെ തുണച്ചാൽതന്നെ ഹംസയുടെ ലീഡ് നില ഈ മൂന്ന് മണ്ഡലങ്ങളിലുംകൂടി 20,000 കവിയില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കോട്ടക്കലിലും തിരൂരങ്ങാടിയിലും തിരൂരിലുംകൂടി ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പൊന്നാനിയിലും തൃത്താലയിലും തവനൂരിലും ഇടതുമുന്നണിക്ക് മേധാവിത്വമുണ്ടായാലും ഇതിലൂടെ അതിനെ മറികടക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
തിരൂരങ്ങാടിയിലും തിരൂരിലും കോട്ടക്കലിലും താരതമ്യേന ഉയർന്ന പോളിങ് ശതമാനമുള്ളത് (70 ശതമാനം) യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് ഇലക്ഷൻ മാനേജർമാരുടെ റിപ്പോർട്ട്. സംസ്ഥാന സർക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം, വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ എന്നിവയെല്ലാം ചേർത്താൽ സമദാനിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിൽ കവിയുമെന്ന കണക്കിലാണ് യു.ഡി.എഫ് ക്യാമ്പ് ഉറച്ചുനിൽക്കുന്നത്.
പൊന്നാനി മണ്ഡലത്തിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ കെ.എസ്. ഹംസക്ക് സാധിച്ചെന്ന ആത്മവിശ്വാസം ഇടത് ക്യാമ്പിലുണ്ട്. അവസാന ദിവസം വരെ താഴേതട്ടിൽ യു.ഡി.എഫ് സംവിധാനം ചലിച്ചിട്ടില്ലെന്നത് സി.പി.എമ്മിന് പ്രതീക്ഷ വർധിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കൺവീനർമാരിൽനിന്ന് ശേഖരിച്ച കണക്കനുസരിച്ച് യു.ഡി.എഫിന്റെ കോട്ടയിൽ കടന്നുകയറാൻ സാധ്യമായിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ.
പൊന്നാനിയും തൃത്താലയും ചേർന്ന് 28,000 വോട്ടിന്റെ ഭൂരിപക്ഷം ഹംസക്ക് ലഭിക്കുമെന്നാണ് സി.പി.എം കണക്ക്. തവനൂർ, താനൂർ മണ്ഡലങ്ങളിൽനിന്ന് 13,000 വോട്ടിന്റെ ലീഡ് ഉണ്ടാകുമെന്നും കണക്കാക്കുന്നു. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് 45,000 വോട്ടിന്റെ ലീഡേ നൽകുകയുള്ളൂ എന്നാണ് ബൂത്ത്തല കണക്കുവെച്ച് സി.പി.എം വിലയിരുത്തുന്നത്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ വോട്ടുകളും നിഷേധ വോട്ടുകളും ചേർന്നാൽതന്നെ 20,000 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് നിലവിൽ സമദാനിക്ക് സി.പി.എം കണക്കാക്കുന്നത്.
എന്നാൽ, ഇ.കെ വിഭാഗം സുന്നികളിൽനിന്ന് ഗണ്യമായ വിഹിതവും സുന്നി എ.പി വിഭാഗം പിന്തുണയും ചേർന്ന് മറ്റു മണ്ഡലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇടതിന് വോട്ട് ചെയ്തിട്ടുണ്ടെന്ന സൂചനകളിലാണ് സി.പി.എം പ്രതീക്ഷ വെക്കുന്നത്. കോട്ടക്കൽ, തിരൂരങ്ങാടി, താനൂർ, തിരൂർ മണ്ഡലങ്ങളിൽനിന്ന് ഇത്തരത്തിൽ വോട്ടുകൾ ലഭ്യമായാൽ പൊന്നാനിയിൽ ഹംസക്ക് അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ഇത്തരം ഘടകങ്ങളെല്ലാം സമം ചേർന്നാൽ 25,000ത്തിനും 40,000ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് ചരിത്ര വിജയം നേടാനാവുമെന്ന പ്രതീക്ഷയും സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പാർട്ടി നേതൃത്വം പങ്കു വെക്കുന്നുണ്ട്.
കഴിഞ്ഞ തവണത്തെക്കാൾ 15,000 വോട്ടെങ്കിലും അധികം നേടുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്. മികച്ച സ്ഥാനാർഥിയെ അവതരിപ്പിക്കാനായതും ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലയിലെല്ലാം ചിട്ടയായ പ്രവർത്തനം സംഘടിപ്പിക്കാനായതും ബി.ജെ.പി ക്യാമ്പിൽ അസ്വാരസ്യങ്ങളില്ലാതിരുന്നതും അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.