വോട്ടെണ്ണൽ എട്ടുമണി മുതൽ; ആദ്യം തപാൽ വോട്ടുകൾ
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയിലെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങും. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ടുമണിക്ക് തപാൽ വോട്ടുകൾ എണ്ണുന്നതോടെ പ്രക്രിയക്ക് തുടക്കമാകും. അര മണിക്കൂർ കഴിഞ്ഞ് അതിന് സമാന്തരമായി വോട്ടുയന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലെയും എണ്ണം വരുന്ന മുറക്ക് പ്രവണതകൾ അറിയാം.
എൻ.ഡി.എയും ‘ഇൻഡ്യ’യും തമ്മിലുള്ള ഏറ്റുമുട്ടലിൽ അന്തിമജയം ആർക്ക്? എക്സിറ്റ് പോൾ പ്രവചനം പോലെ മോദി മൂന്നാമൂഴത്തിലേക്കാണോ? അതല്ല അടിയൊഴുക്കുകളിൽ ജനം ‘ഇൻഡ്യ’യെ തുണച്ചോ? അതുമല്ലെങ്കിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത വിധം ഇരുപക്ഷവും ബലാബലത്തിലാകുമോ? രാജ്യം ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന അതിനിർണായകമായ പൊതുതെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) തൂത്തുവാരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷവും ആത്മവിശ്വാസം കൈവിടാതെ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരടിച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (ഇൻഡ്യ). എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ മനഃശാസ്ത്ര യുദ്ധമാണെന്ന നിലപാടിലാണ് ‘ഇൻഡ്യ’ സഖ്യം.
സഖ്യത്തിന്റെ എല്ലാ മുതിർന്ന നേതാക്കളോടും ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. ചൊവ്വാഴ്ച രാത്രി വരെയോ ബുധനാഴ്ച രാവിലെ വരെയോ തലസ്ഥാനത്ത് തങ്ങണമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഈ നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. വോട്ടെണ്ണുമ്പോൾ ഫലം പ്രതീക്ഷിച്ച തരത്തിലല്ലെങ്കിൽ കൈക്കൊള്ളേണ്ട നടപടികൾ നേതാക്കൾ ആലോചിക്കും.
വോട്ടെണ്ണലിനുള്ള ബി.ജെ.പിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ തിങ്കളാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ, മൻസൂഖ് മണ്ഡാവിയ, അശ്വനി വൈഷ്ണവ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, വിനോദ് താവ്ഡെ ജോയന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർ പങ്കെടുത്തു. എക്സിറ്റ് പോളുകൾ ബി.ജെ.പിക്ക് അനുകൂലമായതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഓഹരി വിപണിയിൽ റെക്കോഡ് കുതിപ്പ് പ്രകടമായി. അദാനി പോർട്സ്, അദാനി എന്റർപ്രൈസസ് തുടങ്ങിയവയെല്ലാം നേട്ടം കൊയ്തു.
അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ വോട്ടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലുണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ നേരിടാൻ അഭിഭാഷകർ എല്ലാ കേന്ദ്രങ്ങളിലുമെത്തണമെന്ന നിർദേശം നൽകിയിരിക്കുകയാണ് അഖിലേഷ്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വരുന്ന വരണാധികാരികൾക്കും കൗണ്ടിങ് ഏജന്റുമാർക്കുമുള്ള കൈപ്പുസ്തകങ്ങൾ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. ജാഗ്രതക്കുറവുകൊണ്ട് അബദ്ധം സംഭവിക്കാതിരിക്കാൻ പാർട്ടികൾ കൗണ്ടിങ് ഏജന്റുമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.