ബി.ജെ.പിയില്‍ ഫഡ്നാവിസിന് എതിരെ കലഹം
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെട്ടതോടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സീറ്റ് നല്‍കാതെ തഴയുകയും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത മുതിര്‍ന്ന ഒ.ബി.സി നേതാക്കള്‍ ഫഡ്നാവിസിന് എതിരെ പരസ്യമായി രംഗത്തെത്തി. ഇതിന് പുറമെ 12ലേറെ എം.എല്‍.എമാരും ഒരു രാജ്യസഭാംഗവും ബി.ജെ.പി വിടുമെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് ‘നിര്‍ബന്ധാവസ്ഥ’യില്‍ ബി.ജെ.പിയില്‍ എത്തി എം.എല്‍.എമാരായവര്‍ അവരവരുടെ പഴയ പാര്‍ട്ടികളിലേക്ക് മടങ്ങുമെന്നാണ് സൂചന. പഞ്ചസാര സഹകരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന നേതാക്കളെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ബി.ജെ.പിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇവര്‍ക്ക് പുറമെ ബി.ജെ.പിയില്‍തന്നെ കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ചില എം.എല്‍.എമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ഉടക്കി ശിവസേനയില്‍ ചേരുമെന്നും സൂചനയുണ്ട്.
മകള്‍ രോഹിണിയെയും പങ്കജ മുണ്ടെയെയും തെരഞ്ഞെടുപ്പില്‍ ഫഡ്നാവിസ് ആസൂത്രിതമായി തോല്പിക്കുകയായിരുന്നുവെന്നാണ് ഏക്നാഥ് ഖഡ്സെ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഫഡ്നാവിസിെൻറ പേര് പറഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് ആരാണൊ അയാള്‍ എന്നാണ് ഖഡ്സെ പറഞ്ഞത്. പേരു പറയാതെതന്നെ അതാരാണെന്ന് മനസ്സിലാക്കാനുള്ള മിടുക്ക് ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖഡ്സെക്കും പങ്കജക്കും പുറമെ വിനോദ് താവ്ഡെ, പ്രകാശ് മത്തേ, രാം ഷിൻഡെ, പ്രകാശ് ഷെന്ഡ്ജെ തുടങ്ങിയവരും ദേവേന്ദ്ര ഫഡ്നാവിസിനെ ലക്ഷ്യംവെക്കുന്നു.
ഒ.ബി.സി നേതാവായതുകൊണ്ട് പങ്കജ മുണ്ടെയെ ഒതുക്കിയതാണെന്ന് ആരോപിച്ച പ്രകാശ് ഷെന്ഡ്ജെ, ജീവിച്ചിരിക്കെ പങ്കജയുടെ അച്ഛൻ ഗോപിനാഥ് മുണ്ടെയെയും പാര്‍ട്ടിയില്‍നിന്ന് പുറത്തു ചാടിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തി. ഷെന്ഡ്ജെ, ഖഡ്സെ ഉള്‍പടെ 11 ഓളം ഒ.ബി.സി നേതാക്കള്‍ ഖഡ്സെയുടെ വീട്ടില്‍ ഒത്തുകൂടിയതും ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കി. നേരത്തെ, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാവികാര്യങ്ങള്‍ ആലോചിക്കുകയാണെന്നു പറഞ്ഞും പിതാവിെൻറ ജന്മദിനമായ അടുത്ത 12ന് അണികളെ കണ്ട് ഭാവികാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും പങ്കജ മുണ്ടെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.