ഫഡ്നാവിസിനോട് ഉടക്കി പങ്കജ മുണ്ടെ; ബി.ജെ.പി വിടുമെന്ന് സൂചന
text_fieldsമുംബൈ: ബി.ജെ.പി വിടുമെന്ന സൂചനനൽകി മുൻ മഹാരാഷ്ട്ര മന്ത്രിയും ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെ. സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കജ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി പാർട്ടിവിടുമെന്ന സൂചനകൾ നൽകിയത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭാവികാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ച പങ്കജ പിതാവിെൻറ ജന്മദിനമായ ഈ മാസം 12ന് അണികളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും പ്രൊഫൈൽ വിവരങ്ങളിൽനിന്ന് ബി.ജെ.പി നേതാവ് എന്നെഴുതിയത് നീക്കം ചെയ്തു. പങ്കജയടക്കം ചില നേതാക്കൾ തങ്ങളുമായി സമ്പർക്കത്തിലാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെടുകയും ചെയ്തതോടെ അഭ്യൂഹങ്ങൾ കൊഴുത്തു.
ദേവേന്ദ്ര ഫഡ്നാവിസിനോടുള്ള കടുത്ത എതിർപ്പാണ് പങ്കജ മുണ്ടെയുടെ നീക്കത്തിന് പിന്നിലെന്നാണ് മഹാജൻ പക്ഷക്കാർ നൽകുന്ന സൂചന. ബീഡിലെ പർളി നിയമസഭ മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഫഡ്നാവിസ് കരുനീക്കിയതിെൻറ തെളിവുകൾ പങ്കജ ചില നേതാക്കളെ കാണിച്ചതായാണ് വിവരം. ഞായറാഴ്ച ഫഡ്നാവിസിനെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പങ്കജ ഭാവി കാര്യങ്ങൾ തീരുമാനിച്ച ശേഷം അണികളെ കാണുെമന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
അണികൾ തന്നെ കാണാൻ അവസരം ചോദിക്കുന്നതായും അടുത്ത നീക്കം എന്ത്, ഏതുമാർഗം സ്വീകരിക്കണം, ജനങ്ങൾക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയും, ജനങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ ആത്മവിചാരം നടത്തിയ ശേഷം ഡിസംബർ 12ന് അണികളെ കാണുമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.സി.പിയിലെ ധനഞ്ജയ് മുണ്ടെയോടാണ് 30,000 വോട്ടിന് പങ്കജ തോറ്റത്്. മുണ്ടെയുടെ സഹോദര പുത്രനാണ് ധനഞ്ജയ്. പ്രമോദ് മഹാജെൻറ സഹോദരിയാണ് പങ്കജയുടെ അമ്മ.
വിനോദ് താവ്ഡെ, ഏക്നാഥ് ഖഡ്സെ ഉൾപ്പെടെ മഹാജൻ പക്ഷക്കാരെ തഴഞ്ഞായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക. പങ്കജക്കും ഖഡ്സെയുടെ മകൾ രോഹിണിക്കും ടിക്കറ്റ് നൽകിയെങ്കിലും രണ്ടുപേരും പരാജയപ്പെട്ടു. മുഖ്യമന്ത്രി പദത്തിൽ ഫഡ്നാവിസിന് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ഒ.ബി.സി നേതാക്കളാണ് പങ്കജയും ഏക്നാഥ് ഖഡ്സെയും. മുൻ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിൽ ഇരുവരും മന്ത്രിമാരായിരുന്നെങ്കിലും അഴുമതി കേസിനെ തുടർന്ന് ഖഡ്സെയെ ഒഴിവാക്കുകയും അഴിമതി ആരോപിക്കപ്പെട്ട പങ്കജ മുണ്ടെയെ ഒതുക്കുകയും ചെയ്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ മഹാജൻ പക്ഷക്കാരെ തഴഞ്ഞെങ്കിലും മഹാജെൻറ മകൾ പൂനം, മുണ്ടെയുടെ മറ്റൊരു മകൾ പ്രീതം, ഖഡ്സെയുടെ മരുമകൾ രക്ഷ എന്നിവർ എം.പിമാരാണ്. പങ്കജ പാർട്ടി വിടില്ലെന്നും ശിവസേന അഭ്യൂഹം പരത്തുകയണന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.