മലപ്പുറത്തെ തിരിച്ചടി: ബി.ജെ.പി നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsപാലക്കാട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയെ കുറിച്ച് രണ്ട് ദിനം നീണ്ട സംസ്ഥാനതല ചർച്ചക്കൊടുവിൽ ബി.ജെ.പിയുടെ പ്രധാന നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, സംസ്ഥാന എൻ.ഡി.എ ഘടകത്തിലെ കക്ഷികൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാക്കൽ എന്നിവ സംബന്ധിച്ച ചർച്ച ഡൽഹിയിൽ അടിയന്തരമായി ഉണ്ടാവുമെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പ് കൈകാര്യം ചെയ്ത രീതിയെ പറ്റി ആദ്യ ദിനത്തിലെ കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ബുധനാഴ്ച ചേർന്ന സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത ദേശീയ സെക്രട്ടറി എച്ച്. രാജ തെൻറ പ്രസംഗത്തിൽ മലപ്പുറം പരാജയം മുേന്നാട്ടുള്ള പ്രയാണത്തിന് തടസ്സമാകാതിരിക്കാനുള്ള ആഹ്വാനമാണ് നൽകിയത്. നേതാക്കളുടെ പ്രസംഗങ്ങളിൽ മാത്രമൊതുങ്ങിയ രണ്ടാം ദിനം ചർച്ച ഇല്ലായിരുന്നു.
വലിപ്പചെറുപ്പം നോക്കാതെ രാഷ്ട്രീയ പാർട്ടികളെ എൻ.ഡി.എ മുന്നണിയിലേക്കെത്തിക്കണമെന്നും അതിന് സംസ്ഥാനനേതൃത്വത്തിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുമെന്നും രാജ അടക്കമുള്ള കേന്ദ്രനേതാക്കൾ അർഥശങ്കയില്ലാതെ യോഗത്തെ അറിയിച്ചു. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും നേതാക്കൾ പറഞ്ഞു.
സംസ്ഥാന നേതൃയോഗത്തിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന നേതാക്കളെ അഖിലേന്ത്യ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചത്. പാർട്ടിയിൽ ഉണ്ടായേക്കാവുന്ന പുനഃസംഘടനയും മുന്നണികൾക്ക് നൽകാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങളെ കുറിച്ചും കേന്ദ്രനേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.