താപനില കൂട്ടി മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsമലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മലപ്പുറത്ത് ഇനി തെരഞ്ഞെടുപ്പ് ചൂടും. അങ്കത്തട്ടില്‍ പോരടിക്കാന്‍ ഒരു മാസമാണ് അവശേഷിക്കുന്നത്. മുസ്ലിം ലീഗ് പ്രാരംഭ ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും എല്‍.ഡി.എഫില്‍ ആലോചനകള്‍ അത്ര സജീവമല്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരാണ് യു.ഡി.എഫ് ക്യാമ്പില്‍ ഉയര്‍ന്നുകേള്‍ക്കുന്നതെങ്കില്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ ടി.എ. അഹമ്മദ് കബീറിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച അഡ്വ. ടി.കെ. റഷീദലിയുടെ പേരാണ് എല്‍.ഡി.എഫ് പരിഗണിക്കുന്നതെന്നറിയുന്നു. ലീഗ് സ്ഥാനാര്‍ഥിയെ ഉടന്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥി സംബന്ധിച്ച പ്രാഥമികചര്‍ച്ച നടക്കും.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിലപാടിലാണ് സി.പി.എം. 2014ല്‍ ഇ. അഹമ്മദിന് റെക്കോഡ് ഭൂരിപക്ഷം നേടിക്കൊടുത്തത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിലെ പാളിച്ചയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. സി.പി.എമ്മിലെ പി.കെ. സൈനബയെ 1,94,739 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇ. അഹമ്മദ് പരാജയപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസും ഇത്തവണ പരിഗണന പട്ടികയിലുണ്ട്.
മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്സഭ മണ്ഡലം. 2014ല്‍ 11,97,718 വോട്ടര്‍മാരില്‍ 8,52,936 പേര്‍ (71. 21 ശതമാനം) വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇ. അഹമ്മദിന് 4,37,723 വോട്ടും പി.കെ. സൈനബക്ക് 2,42,984 വോട്ടുമാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും ഇത്തവണ ലീഗ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍, 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലാ മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കുറഞ്ഞു. കൊണ്ടോട്ടിയില്‍ ടി.വി. ഇബ്രാഹിമിന് 2011നെക്കാള്‍ 17,495 വോട്ടിന്‍െറയും മഞ്ചേരിയില്‍ എം. ഉമ്മറിന് 9463 വോട്ടിന്‍െറയും പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിക്ക് 9463 വോട്ടിന്‍െറയും കുറവാണുണ്ടായത്. കടുത്ത പോരാട്ടം നടന്ന മങ്കടയില്‍ ടി.എ. അഹമ്മദ് കബീറിന് 22,085 വോട്ടിന്‍െറ കുറവുണ്ടായി. 2011ല്‍ സംസ്ഥാനത്ത് റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്ന മലപ്പുറം മണ്ഡലത്തില്‍ പി. ഉബൈദുല്ലക്ക് 2016ല്‍ 8836 വോട്ട് കുറഞ്ഞപ്പോള്‍ വള്ളിക്കുന്നില്‍ 2011ലെ ഭൂരിപക്ഷത്തേക്കാള്‍ പി. അബ്ദുല്‍ ഹമീദിന് 5512 വോട്ട് കുറഞ്ഞു. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിലും 130 വോട്ടിന്‍െറ കുറവാണുണ്ടായത്.
അതേസമയം, ഇടക്കാലത്ത് യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ പ്രാദേശിക ഭിന്നതകള്‍ ബാധിക്കാതിരിക്കാന്‍ ഇരുപാര്‍ട്ടികളും ജാഗ്രത പാലിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.