മുരളിയുടെ മാസ് എൻട്രി
text_fieldsകോഴിക്കോട്: രാഷ്ട്രീയത്തിൽ അങ്ങനെയാണ്. ഒരു നിമിഷംകൊണ്ട് ഒരാളുടെ ജാതകം മാറും. ഒ രു മണ്ഡലത്തിൻെറ സ്വഭാവം മാറും. കെ.പി.സി.സി പ്രസിഡൻറും ഡി.സി.സി പ്രസിഡൻറും മത്സരിക്ക ാൻ അറച്ചുനിന്ന വടകര മണ്ഡലത്തിൽ വെല്ലുവിളി ഏറ്റെടുത്തതോടെ കോൺഗ്രസിലെ താരമൂല്യ മുള്ള സ്ഥാനാർഥിയായി കെ. മുരളീധരൻ മാറുകയാണ്. കണക്കുകൾവെച്ച് നോക്കുമ്പോൾ പി. ജയ രാജൻ ഈസി വാക്കോവർ ഉറപ്പിച്ച മണ്ഡലത്തിൽ തീപാറുന്ന പോരാട്ടമാണ് ഇനി നടക്കുക. കേരളത ്തിലെ ഒന്നാം നമ്പർ മണ്ഡലം എന്ന പേരും ഇനി വടകരക്ക്.
സീറ്റുചർച്ചയിൽ എ ഗ്രൂപ്പിനു മുന്നിൽ കീഴടങ്ങേണ്ടിവന്ന ഐ ഗ്രൂപ്പിനു മുങ്ങിത്താഴുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. സ്വന്തം ഗ്രൂപ്പുകാർക്കു ടിക്കറ്റ് ഉറപ്പിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും അതിൻെറ പേരിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിപ്പിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി സീറ്റുചർച്ചയിൽ രമേശ് ചെന്നിത്തലയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. വയനാടിനു പകരം ഇടുക്കി എന്ന മിനിമം ആവശ്യംപോലും അംഗീകരിക്കാതെ ഗ്രൂപ്പിനുവേണ്ടി ഉമ്മൻ ചാണ്ടി ഇടിച്ചുനിന്നപ്പോൾ ചെന്നിത്തലക്ക് കീഴടങ്ങേണ്ടിവന്നു.
കൈയിൽ ഉണ്ടായിരുന്നതും നഷ്ടപ്പെട്ടതോടെ ആത്മവിശ്വാസം പോയ ഐ ഗ്രൂപ്പിന് വടകരയിൽ മുരളിയുടെ സാന്നിധ്യം ആശ്വാസവും ആവേശവുമായി മാറുകയാണ്. അതു വടകരയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല.
കെ. മുരളീധരൻെറ രണ്ടാം വരവ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. മൂന്നു പതിറ്റാണ്ടിലെ സജീവ രാഷ്ട്രീയ ജീവിതത്തിൽ ഒട്ടേറെ ആരോഹണാവരോഹണങ്ങൾ കണ്ടയാളാണ് മുരളി. കരുണാകരപുത്രൻ എന്ന ആനുകൂല്യത്തിലൂടെയാണ് പാർട്ടിയിൽ എത്തിയതെങ്കിലും ആരെയും അതിശയിപ്പിക്കുന്ന സംഘടനാപാടവത്തിലൂടെയാണ് പടവുകൾ കയറിയത്. മൂന്നു തവണ കോഴിക്കോട്ടുനിന്ന് പാർലമൻെറിലെത്തുകയും കോഴിക്കോട്ടും തൃശൂരും കോൺഗ്രസ് ടിക്കറ്റിലും വയനാട്ടിൽ സ്വതന്ത്രനായും ഓരോ തവണ തോൽവി രുചിക്കുകയും ചെയ്തു. പാർട്ടിയിൽ ജനറൽ സെക്രട്ടറി, ഏക വൈസ് പ്രസിഡൻറ് പദവികൾക്കുശേഷം 2001 മുതൽ മൂന്നു വർഷം കെ.പി.സി.സി പ്രസിഡൻറായി. പിന്നീട് ആൻറണി മന്ത്രിസഭയിൽ ആറു മാസക്കാലം വൈദ്യുതിമന്ത്രി. ഉപതെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസ് വിട്ട് പുതിയ പാർട്ടി. ഡി.ഐ.സിയിൽ തുടങ്ങി എൻ.സി.പിയിലെത്തി വീണ്ടും തറവാട്ടിലേക്ക് തിരിച്ചുവരവ്. വട്ടിയൂർക്കാവിൽ നിയമസഭ ടിക്കറ്റ് നൽകിയാണ് അന്നു കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല മുരളീധരനെ സ്വീകരിച്ചത്.
ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ രണ്ടാം തവണയും ജയിച്ച മുരളി ഒരു നിർണായക മുഹൂർത്തത്തിൽ പാർട്ടിയുടെ മാനം കാക്കാൻകൂടിയാണ് ഈ മത്സരത്തിന് ഇറങ്ങിത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.