Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമായാ –അഖിലേഷ് പോരില്‍...

മായാ –അഖിലേഷ് പോരില്‍ അടിയൊഴുക്ക് കാത്ത് ബി.ജെ.പി

text_fields
bookmark_border
മായാ –അഖിലേഷ് പോരില്‍ അടിയൊഴുക്ക് കാത്ത് ബി.ജെ.പി
cancel

പടിഞ്ഞാറന്‍ യു.പിയിലെ 73 നിയമസഭാ മണ്ഡലങ്ങളിലെ 2.6 കോടി വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകന്‍ പങ്കജ് സിങ് (നോയിഡ) ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തുര്‍ (ഇരുവരും മഥുര), മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ലക്ഷ്മീകാന്ത് ബാജ്പേയ് (മീറത്ത്), ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍െറ മരുമകന്‍ രാഹുല്‍ സിങ് (സിക്കന്ദരാബാദ്) കല്യാണ്‍ സിങ്ങിന്‍െറ പേരമകന്‍ സന്ദീപ് സിങ് (അത്റൊളി) ഹുകുംസിങ്ങിന്‍െറ മകള്‍ മൃഗങ്ക (കൈരാന) സംഗീത് സോം (സര്‍ധാന), സുരേഷ് റാണ (താനഭവന്‍) എന്നീ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടെുപ്പ്.

പ്രചാരണത്തിനാദ്യമത്തെി ബി.എസ്.പി
തുടര്‍ച്ചയായ മൂന്ന് തോല്‍വികളില്‍ നിന്ന് (2009ലെയും 2014ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലെയും 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിലുമേറ്റ തോല്‍വികളില്‍നിന്ന്) കരകയറാനുള്ള ജീവന്മരണ പോരാട്ടമായതിനാല്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും ആദ്യം പ്രചാരണം തുടങ്ങിയത് മായാവതിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരാളെപ്പോലും ജയിപ്പിക്കാന്‍ കഴിയാതെ തുടച്ചുനീക്കപ്പെട്ട മായാവതി നിയമസഭാ തെരഞ്ഞെടുപ്പിനായി ‘വിധാന്‍ സഭാ പ്രഭാരിമാരെ (നിയമസഭാ മണ്ഡല സെക്രട്ടറിമാരെ) നിയോഗിച്ചിരുന്നു. വളരെ നേരത്തെ അവരുടെ പേരുകള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തി ജയസാധ്യത അവലോകനം ചെയ്തുകൊണ്ടിരുന്ന മായാവതി കഴിഞ്ഞ ആഗസ്റ്റ് സെപ്റ്റംബറില്‍ റാലികളുമായി പരസ്യപ്രചാരണത്തിന് തുടക്കമിട്ടു.

ഇതിനിടയില്‍ പാര്‍ട്ടിയിലെ ബ്രാഹ്മണ ഠാകുര്‍ നേതാക്കളെ പട്ടിക ജാതി സീറ്റുകളിലിറക്കി ഭായ്ചാര(സാഹോദര്യ) സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഉന്നത ജാതിക്കാരെക്കൂടി തന്‍െറ ദലിത് വോട്ടുബാങ്കിനൊപ്പം അടുപ്പിച്ചുനിര്‍ത്താനായിരുന്നു ഈ തന്ത്രം. പട്ടിക ജാതി സംവരണ മണ്ഡലങ്ങളിലെ ഉന്നത ജാതിക്കാരുടെ വോട്ടുകള്‍ ലഭിക്കാതിരിക്കുകയും ജാട്ടുകളല്ലാത്ത ദലിതുകള്‍ വലിയുകയും ചെയ്തപ്പോള്‍ 2012ല്‍ യു.പിയിലെ 85 പട്ടിക ജാതി സംവരണ മണ്ഡലങ്ങളില്‍ 15 മാത്രമാണ് ബി.എസ്.പിക്ക് ജയിക്കാനായത്. അതുകൊണ്ടാണ് എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാക്കാന്‍ മായവതി ഭായ്ചാര സമ്മേളനങ്ങള്‍ തുടങ്ങിയത്. ഇതോടൊപ്പം ദലിതുകള്‍ക്ക് മാത്രമായി രഹസ്യയോഗങ്ങളും മായാവതി നടത്തി.

ബ്രാഹ്മണരെയും മുസ്ലിംകളെയും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ചുമതല യഥാക്രമം പാര്‍ട്ടി നേതാക്കളായ സതീശ് ചന്ദ്ര മിശ്രക്കും നസീമുദ്ദീന്‍ സിദ്ദീഖിക്കും നല്‍കി.  മുസ്ലിംകളിലെ ഉന്നത ജാതിക്കാര്‍ എസ്.പിയെയും കോണ്‍ഗ്രസിനെയും പരമ്പരാഗതമായി പിന്തുണച്ചുവരുന്നതിനാല്‍ പിന്നാക്കജാതിക്കാരായ മുസ്ലിംകളെയാണ് മായാവതി ഉന്നം വെച്ചത്. ഇത്തവണ മായാവതി ടിക്കറ്റ് നല്‍കിയ 99 മുസ്ലിം സ്ഥാനാര്‍ഥികളും ബഹുഭൂരിഭാഗവും ദലിതുകളില്‍നിന്നും ഒ.ബി.സികളില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തുണ്ടായ മുസ്ലിം ജാതിവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. തന്‍െറ ദലിത് വോട്ടുബാങ്കിനോട് ഇഴുകിച്ചേരാന്‍ അവര്‍ക്കെളുപ്പത്തില്‍ കഴിയുമെന്നാണ് മായാവതി കണക്കുകൂട്ടിയത്.

സഖ്യത്തിന്‍െറ ആവേശത്തില്‍ എസ്.പിയും കോണ്‍ഗ്രസും
ആദ്യഘട്ടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരാഴ്ചമാത്രം അവശേഷിക്കേ രൂപപ്പെട്ട സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം മുകള്‍ത്തട്ടിലുണ്ടാക്കിയ ഓളം താഴത്തേട്ടിലത്തെുമ്പോള്‍ അത്രക്കില്ല. സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളായി പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരിലും ഈ സഖ്യമുണ്ടാക്കിയ ദഹനക്കേടാണ് ഒരു ഡസനോളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എസ്.പി സൗഹൃദമത്സരമെന്ന പേരില്‍ മുഴച്ചുനില്‍ക്കുന്നത്. ഒരുമിച്ച് റോഡ്ഷോക്കിറങ്ങിയ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഇതില്‍ പല മണ്ഡലങ്ങളിലും തങ്ങളുടെ മാത്രം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചോദിച്ചത്തെുകയും ചെയ്തു. ബി.എസ്.പിക്കോ എസ്.പിക്കോ എന്ന് ആടിനില്‍ക്കുന്ന മുസ്ലിം വോട്ടുകളെയും ബി.ജെ.പിക്കോ എസ്.പിക്കോ എന്ന് സന്ദേഹിച്ച യാദവ വോട്ടുകളെയും തന്‍െറ പെട്ടിയില്‍ തന്നെയെന്ന് ഉറപ്പുവരുത്താന്‍ സഖ്യം അഖിലേഷിന് സഹായിച്ചിട്ടുണ്ട്. അവസാന മണിക്കൂറിലുണ്ടാക്കിയ സഖ്യം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും എസ്.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ജയസാധ്യത ഓരോ മണ്ഡലത്തിലെയും ജാതീയ സമവാക്യങ്ങളെമാത്രം ആശ്രയിച്ചാണിരിക്കുന്നത്.

തന്ത്രം മാറ്റി ബി.ജെ.പി.  
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍ത്തിയ 28 ഒ.ബി.സി സ്ഥാനാര്‍ഥികളില്‍ 26 പേരും ലോക്സഭയിലത്തെിയപ്പോഴാണ് മോദി തരംഗം അവസാനിച്ചാലും ഉത്തര്‍പ്രദേശില്‍ തങ്ങളുടെ വോട്ട്ബാങ്ക് ആക്കാന്‍ പറ്റിയത് മറ്റു പിന്നാക്ക വിഭാഗങ്ങളാണെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞത്. സമാജ്വാദി പാര്‍ട്ടി യാദവരുടെയും മുസ്ലിംകളുടെയും പാര്‍ട്ടിയായതിനാല്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ നിലവില്‍ യു.പിയില്‍ ആരുമില്ളെന്ന പ്രചാരണമാണ് ബി.ജെ.പി അടിത്തട്ടില്‍ നടത്തുന്നത.് ഇതോടൊപ്പം ബി.എസ്.പിയെ കേവലം ജാട്ടുകളുടെ പാര്‍ട്ടിയാക്കി  ദലിതുകളില്‍തന്നെയുള്ള മറ്റു ജാതിവിഭാഗങ്ങളെയും അടര്‍ത്താനും ബി.ജെ.പി ശ്രമിച്ചു.

ജാട്ടുകളും യാദവുകളും നിരന്തരം അധികാരത്തിലത്തെുന്നതില്‍ മറ്റു വിഭാഗങ്ങള്‍ക്കുള്ള അസൂയയെയും അമര്‍ഷത്തെയും എങ്ങനെ വോട്ടാക്കി മാറ്റാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഫുല്‍പൂരില്‍നിന്നുള്ള മൗര്യയെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് കൊണ്ട് വന്നാണ് ബി.ജെ.പി ഈ തന്ത്രം പയറ്റി തുടങ്ങിയത്. ഈ വിഭാഗങ്ങളില്‍നിന്ന് 30 ജില്ലാ പ്രസിഡന്‍റുമാരെ ബി.ജെ.പി നിയമിച്ചു. ഒടുവില്‍ ടിക്കറ്റ് വിതരണത്തിലും അതേ തന്ത്രം പയറ്റി. 125 ഒ.ബി.സിക്കാര്‍ക്കാണ് ബി.ജെ.പി ഇത്തവണ ടിക്കറ്റ് നല്‍കിയത്.

എന്നാല്‍, ഈ തന്ത്രത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത അളവിലേറ്റ തിരിച്ചടിയാണ് ജാട്ട് മഹാപഞ്ചായത്തുകള്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ നടത്തിയ ആഹ്വാനം. മോദിയുടെ കറന്‍സി നിരോധനവും ജാട്ട് സംവരണത്തോടുള്ള വിരുദ്ധ നിലപാടുമാണ് ഇത്തരമൊരു ആഹ്വാനത്തിന് അവരെ പ്രേരിപ്പിച്ചത്. അമിത് ഷാ നേരിട്ട് അവരെ സാന്ത്വനിപ്പിക്കാനുള്ള ശ്രമം നടത്തിയതില്‍ നിന്ന് ബി.ജെ.പിയുടെ അസ്വസ്ഥത പ്രകടമാണ്. നാലുദിവസം മുമ്പ് ഹരിയാനയിലെ ജാട്ട് നേതാവായ കേന്ദ്ര മന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങിന്‍െറ വീട്ടില്‍ ജാട്ട് നേതാക്കളെ അത്താഴത്തിന് വിളിച്ച് ചര്‍ച്ച നടത്താനായിരുന്നു അമിത് ഷായുടെ പദ്ധതിയെങ്കിലും അത് നടന്നില്ല. ഒരു ദിവസം കഴിഞ്ഞ് മുസഫര്‍ നഗര്‍ കലാപത്തിലൂടെ എം.പിയായ ജാട്ട് നേതാവ് സഞ്ജീവ് ബല്യാനോടും ഇതേ രീതിയില്‍ ചര്‍ച്ചനടത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല. അതിനാല്‍ തെരഞ്ഞെടുപ്പുനാളില്‍ രാവിലെ മുസ്ലിം കേന്ദ്രങ്ങളിലെ ‘ശക്തമായ വോട്ടെടുപ്പ്’ പ്രചരിപ്പിച്ച് ബുത്തിലത്തെുന്ന ഹിന്ദുക്കളുടെ വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കുന്ന അവസാന അടിയൊഴുക്കിലാണ് ഇനി ബി.ജെ.പിയുടെ പ്രതീക്ഷ.

ജാട്ടുകളുടെ രാഷ്ട്രീയ ലോക്ദള്‍
ജാട്ട് സംവരണ സമരസമിതി നേതാക്കളെ ഒന്നടങ്കം പിന്നില്‍ അണിനിരത്തി പശ്ചിമ യു.പിയിലെ തെരഞ്ഞെടുപ്പ് ചതുഷ്കോണമാക്കിയ രാഷ്ട്രീയ ലോക്ദളിന് 73 മണ്ഡലങ്ങളില്‍ രണ്ടക്ക നമ്പറിലത്തൊന്‍ കഴിയുമെന്നുപോലും പ്രതീക്ഷയില്ല. അതേസമയം, എസ.്പി-കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പിയും ബി.ജെ.പിയും  മാത്രമുണ്ടായിരുന്ന ചിത്രം മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് നേര്. മുസഫര്‍ നഗറിലും കൈരാനയിലുമെല്ലാം ജാട്ടുകള്‍ക്കിടയില്‍ ഇപ്പോഴുമുള്ള ഹിന്ദുത്വ വര്‍ഗീയ വികാരം മറികടന്ന് ബി.ജെ.പിയെ തോല്‍പിക്കുമെന്ന വാക്ക് മീറത്തിലും ആഗ്രയിലും മധുരയിലും അവര്‍ പാലിച്ചാല്‍ സംഗീത് സോം അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ കാര്യം കടമാകും. ആര്‍.എല്‍.ഡി ഭീഷണിമൂലം മേഖലയില്‍ 2012ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച മിന്നും പ്രകടനത്തിന് അടുത്തത്തൊന്‍ കഴിഞ്ഞില്ളെങ്കില്‍ പോലും 2012ല്‍ നേടിയ 11 സീറ്റിനേക്കാള്‍ നേടുമെന്ന് പാര്‍ട്ടിക്ക് ആശ്വസിക്കാം.

അപ്രസക്തരായി ഉവൈസിയും അയ്യൂബും
പടിഞ്ഞാറന്‍ യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.എസ്.പിക്കുമിടയില്‍ വീതം വെക്കപ്പെടുന്ന മുസ്ലിം വോട്ടില്‍ ഒരു വിഹിതം തേടി അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍  മുസ്ലിമൂനും അയ്യുബ് ഖാന്‍െറ പീസ് പാര്‍ട്ടിയും രംഗത്തുണ്ടെങ്കിലും റാലിയിലെ ആള്‍ക്കൂട്ടത്തില്‍ കവിഞ്ഞ് വോട്ടര്‍മാരില്‍ ഒരു ചലനവും പശ്ചിമ യു.പിയിലുണ്ടാക്കിയിട്ടില്ല.  ഉവൈസിയുടെയും അയൂബിന്‍െറയും സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന ഓരോ വോട്ടും ബി.ജെ.പിക്ക് പ്രതീക്ഷയേറ്റുന്നതാണെന്ന തിരിച്ചറിവ് മുസ്ലിംകള്‍ക്കിടയിലുണ്ട്. പീസ്പാര്‍ട്ടിക്ക് വല്ല പിന്തുണയുമുണ്ടെങ്കില്‍ അത് കിഴക്കന്‍ യു.പിയിലുമാണ്.
്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - maya-akhilesh fight, bjp waits for goodness
Next Story