കോൺഗ്രസിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞ രണ്ടു കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് എം.ബി രാജേഷ്
text_fieldsതിരുവനന്തപുരം: കോൺഗ്രസിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞ രണ്ടു കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി എം.ബി രാജേഷ്. ഒന്ന് കോൺഗ്രസിന്റെ നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിക്ക് ഇപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മൻമോഹൻ സിങ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പിയും ഇപ്പോൾ പിന്തുടരുന്നത്. ആ അർഥത്തിൽ ബി.ജെ.പിക്ക് വഴിയൊരുക്കിക്കൊടുത്തത് കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്.
രണ്ടാമത്തേത്, ബി.ജെ.പിയുടെത് തീവ്രഹിന്ദുത്വമാണെങ്കിൽ കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബി.ജെ.പിയുടെ തീവ്ര വർഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല. ബി.ജെ.പിയുടെ വർഗീയതയെ നേരിടുന്നതിലുള്ള കോൺഗ്രസിന്റെ ചാഞ്ചാട്ടവും പതർച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ കാണുന്നത്.
വർഗീയതക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കിൽ ആ ക്ഷണം കൈയോടെ നിരാകരിക്കേണ്ടതായിരുന്നു. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ഈ വിമർശനങ്ങൾ ഇടതുപക്ഷം എത്രയോ കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്നതാണെന്നും രാജേഷ് ഫേസ് ബുക്കിൽ കുറിച്ചു.
മന്ത്രി എം. ബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ശ്രീ. വി എം സുധീരൻ മാധ്യമങ്ങളുമായി സംസാരിച്ചത് യാദൃശ്ചികമായി തത്സമയം കാണുകയുണ്ടായി. കോൺഗ്രസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഒന്ന് കോൺഗ്രസിന്റെ നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മൻമോഹൻ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോൾ പിന്തുടരുന്നത്. ആ അർത്ഥത്തിൽ ബിജെപിക്ക് വഴിയൊരുക്കിക്കൊടുത്തത് കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്. രണ്ടാമത്തേത്, ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കിൽ കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബിജെപിയുടെ തീവ്ര വർഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല. ബിജെപിയുടെ വർഗീയതയെ നേരിടുന്നതിലുള്ള കോൺഗ്രസിന്റെ ചാഞ്ചാട്ടവും പതർച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ കാണുന്നത്. വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കിൽ ആ ക്ഷണം കയ്യോടെ നിരാകരിക്കേണ്ടതായിരുന്നു. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
ഈ വിമർശനങ്ങൾ ഇടതുപക്ഷം എത്രയോ കാലമായി ഉയർത്തിക്കൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷം ഉന്നയിച്ച വിമർശനങ്ങളെ കണക്കിലെടുക്കാത്ത കേരളത്തിലെ കോൺഗ്രസ്സ്, മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ശ്രീ വി എം സുധീരന്റെ ഈ വിമർശനങ്ങളോട് എന്ത് നിലപാടെടുക്കും? ഗുരുതരമായ വിമർശനങ്ങളാണ് ശ്രീ സുധീരൻ ഉയർത്തിയിട്ടുള്ളത്. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന, ചോദ്യം ചെയ്യുന്ന ഈ അതിനിശിത വിമർശനങ്ങൾക്ക് എന്ത് മറുപടിയുണ്ട് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും? ശ്രീ സുധീരൻ പറഞ്ഞ അഞ്ച് ഗ്രൂപ്പുകളെക്കുറിച്ചും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെക്കുറിച്ചും, അതിൽ കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പങ്കിനെക്കുറിച്ചൊന്നും പറയുന്നില്ല. അതെല്ലാം കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളാണ്. അവർ നോക്കട്ടെ. പക്ഷെ അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ്സ് പ്രതികരിച്ചേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.