മന്ത്രിമാറ്റ പ്രശ്നം: ചാക്കോക്കെതിരെ കടുത്ത നീക്കവുമായി എൻ.സി.പി നേതാക്കൾ
text_fieldsതൃശൂർ: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ നീക്കം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന എൻ.സി.പിയിലെ മുതിർന്ന നേതാക്കൾ. ചാക്കോയുടെ താൽപര്യങ്ങൾ വിശദീകരിച്ച് ദേശീയ പ്രസിഡന്റ് ശരദ് പവാറിന് ഉടൻ നിവേദനം നൽകും. മന്ത്രിമാറ്റ പ്രശ്നം സൃഷ്ടിച്ച് ഇടതുമുന്നണിയെ സമ്മർദത്തിലാക്കാനും അതുവഴി വേണ്ടിവന്നാൽ മുന്നണി വിടാനും വരെ ചാക്കോ നീക്കം നടത്തുകയാണെന്ന് കാണിച്ചാണ് നിവേദനം നൽകുക. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം ചാക്കോക്ക് ഒപ്പമാണെങ്കിൽ സംസ്ഥാന പ്രസിഡന്റിനെ തള്ളിപ്പറയുന്ന വിധത്തിലുള്ള തീരുമാനവുമായാണ് വലിയൊരു വിഭാഗം മുന്നോട്ടുപോകുന്നത്.
സംസ്ഥാന എൻ.സി.പിയിലെ മൂന്നു മുതിർന്ന നേതാക്കൾ രണ്ടാഴ്ച മുമ്പ് ദേശീയ പ്രസിഡന്റിനെ സന്ദർശിച്ചിരുന്നു. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചാക്കോ നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളാണ് അവർ ദേശീയ പ്രസിഡന്റിനോട് വിവരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതിയിലും മന്ത്രിമാറ്റ പ്രശ്നം ചാക്കോ അവതരിപ്പിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് നടന്നശേഷം ചാക്കോ സ്വന്തം താൽപര്യത്തിന് പാർട്ടിയിൽ വിവിധ സ്ഥാനങ്ങളിലേക്ക് നാമനിർദേശം ചെയ്തവരുടെ കോക്കസിനെയാണ് കൂടെ നിർത്തുന്നത്. പഴയ കോൺഗ്രസ്-എസിന്റെയും ഇപ്പോൾ എൻ.സി.പിയുടെയും പാരമ്പര്യം അവകാശപ്പെടാൻ ശശീന്ദ്രനോളം കഴിയുന്ന ആരുമില്ല. അദ്ദേഹത്തെ ഇരുട്ടത്ത് നിർത്തിയാണ് ചാക്കോ കരുനീക്കം നടത്തുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും അവർ പവാറിനോട് പറഞ്ഞു. മന്ത്രിമാറ്റ വിഷയം അടഞ്ഞ അധ്യായമാണെന്നും ശശീന്ദ്രൻ കാലാവധി പൂർത്തിയാക്കും എന്നുമാണ് അന്ന് പവാർ സീനിയർ നേതാക്കളോട് പറഞ്ഞതത്രെ. ഇവരുടെ സന്ദർശനവേളയിൽ ചാക്കോയും അവിടെ ഉണ്ടായിരുന്നു. തുടർന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് ഒരു മുതിർന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വനംവകുപ്പിന്റെ ഭരണത്തിൽ പല രീതിയിലും ഇടപെടാൻ ചാക്കോ ശ്രമിക്കുന്നത് ശശീന്ദ്രൻ എതിർക്കുന്നുണ്ട്. കളങ്കിതരായ ചില ഉദ്യോഗസ്ഥർ ചാക്കോയെ സ്വാധീനിച്ച് വകുപ്പിൽ ഉന്നത പദവികൾ ലഭിക്കാൻ ശ്രമിക്കുകയും ചാക്കോ അതിനുവേണ്ടി ഇടപെടുകയും ചെയ്യുമ്പോൾ ശശീന്ദ്രൻ തയാറാകാത്തതും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഒരു കാരണമാണെന്ന് സീനിയർ നേതാവ് പറഞ്ഞു. ഇടതുമുന്നണിയിൽ, പ്രത്യേകിച്ച് സി.പി.എമ്മിൽ ഇപ്പോൾ രൂപപ്പെട്ട പ്രതിസന്ധികൾ മുതലെടുത്ത് തന്റെ താൽപര്യം നടത്തിയെടുക്കാനാണ് ചാക്കോ ശ്രമിക്കുന്നത്. അത് നടന്നില്ലെങ്കിൽ യു.ഡി.എഫിലേക്ക് ചേക്കേറാനും നീക്കമുണ്ട്. അങ്ങനെ വന്നാൽ ചാക്കോയും അദ്ദേഹം നാമനിർദേശംചെയ്ത ഒരുപിടി ആളുകളും അല്ലാതെ ആരും പോകാൻ ഉണ്ടാകില്ലെന്നും എൻ.സി.പി പഴയതുപോലെ നിലനിൽക്കുമെന്നും പാർട്ടി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.