സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍
text_fieldsതിരുവനന്തപുരം: സ്വജനപക്ഷപാത നിയമനവിവാദത്തില്‍നിന്ന് തലയൂരിയ സര്‍ക്കാര്‍ മന്ത്രി എം.എം. മണിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കൊലപാതകക്കേസില്‍ സമ്മര്‍ദത്തിലായി. സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചാംമാസം രാജിവെച്ച ഇ.പി. ജയരാജന് പകരം മന്ത്രിയായ എം.എം. മണി അധികാരമേറ്റ് ഒരു മാസത്തിനകം കൊലക്കേസില്‍ വിചാരണ നേരിടേണ്ട സാഹചര്യത്തിലാണ്. അഞ്ചേരി ബേബി വധക്കേസിലാണ് കോടതി വിധി. ഇത് സര്‍ക്കാറിനെ വീണ്ടും രാഷ്ട്രീയമായും ധാര്‍മികമായും സമ്മര്‍ദത്തിലാക്കി.
അതേസമയം, കേസ് മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന ആക്ഷേപത്തില്‍ ഉറച്ച്, മണി രാജിവെക്കേണ്ടെന്ന നിലപാടിലാണ് സി.പി.എമ്മും എല്‍.ഡി.എഫും. മണിയുടെ വിടുതല്‍ഹരജി തള്ളിയതുകൂടാതെ ഇടുക്കി ജില്ലസെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സി.ഐ.ടി.യു നേതാവ് എന്നിവരെ കൂടി പ്രതിയാക്കിയത് സി.പി.എമ്മിന് ഇരട്ട ആഘാതമാണ്. സ്വജനപക്ഷപാത നിയമന ആക്ഷേപം ഉയര്‍ന്നയുടന്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ രാജിവെപ്പിച്ചത് സര്‍ക്കാറിന്‍െറ രാഷ്ട്രീയ ധാര്‍മികത ഏറെ ഉയര്‍ത്തിയതാണ്. കളമശ്ശേരി, വടക്കാഞ്ചേരി സംഭവങ്ങളിലെ നിലപാടും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും രാഷ്ട്രീയനേട്ടമായി.
എന്നാല്‍, കോടതി പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഒരാളെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് മുന്‍ നിലപാടുകളുടെ തുടര്‍ച്ച ഇല്ലാതാക്കുമെന്നാണ് വിമര്‍ശം. യു.എ.പി.എ, ഏറ്റുമുട്ടല്‍ കൊലപാതകം വിഷയങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാറിനെതിരെ രാഷ്ട്രീയ കടന്നാക്രമണത്തിന്‍െറ ഒരു വാതില്‍ കൂടിയാണ് പ്രതിപക്ഷ കക്ഷികള്‍ക്ക് തുറന്ന് ലഭിച്ചത്. സി.പി.എമ്മിനെതിരെ ദേശീയ തലത്തില്‍ കൊലപാതകരാഷ്ട്രീയം പ്രചാരണവിഷയമാക്കുന്ന ബി.ജെ.പിക്കും ഇത് പുതിയ ആയുധമാണ്.
എന്നാല്‍, കേസില്‍ പ്രതിയായിരിക്കെയാണ് മണി എം.എല്‍.എയും മന്ത്രിയും ആയതെന്ന് ഭരണപക്ഷം വാദിക്കുന്നു. മണിയെ കുറ്റവിമുക്തനാക്കിയ ബാലുവധക്കേസ് പരിഗണിക്കവെ പ്രസംഗത്തിന്‍െറ പേരില്‍ ഒരാളെ പ്രതിയാക്കാന്‍ പാടില്ളെന്ന സുപ്രീംകോടതി വിധി ഇതിലും സഹായകമാവുമെന്ന പ്രത്യാശയിലാണ് നേതൃത്വം. ആരോപണവിധേയനായതുകൊണ്ടുമാത്രം രാജിവെക്കേണ്ടതില്ളെന്ന നിലപാടാണ് സി.പി.എമ്മിനും സി.പി.ഐക്കും.
വിചാരണ നേരിടേണ്ടയാള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം വഹിക്കാന്‍ പാടില്ളെന്നത് അഴിമതിക്കേസിലാണ് ബാധകമാവുകയെന്ന് ലാവലിന്‍ കേസിലെ നിലപാട് ഉയര്‍ത്തി നേതാക്കള്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്ത് മന്ത്രിമാര്‍ അഴിമതിക്കേസില്‍ പെട്ടിട്ടും രാജി ആവശ്യപ്പെടാതിരുന്ന യു.ഡി.എഫിന് മണിവിഷയത്തില്‍ ഈ ആവശ്യമുന്നയിക്കാന്‍ ധാര്‍മികാവകാശമില്ളെന്നാണ് എല്‍.ഡി.എഫ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.