കൂലിത്തൊഴിലാളിയായി തുടക്കം; കനല്‍പഥങ്ങള്‍ താണ്ടി മന്ത്രിസഭയിലേക്ക്
text_fieldsതൊടുപുഴ: മുണ്ടയ്ക്കല്‍ മാധവന്‍െറ മകന്‍ 10 വയസ്സുകാരന്‍ മണി അച്ഛനമ്മമാരുടെ കൈപിടിച്ച് കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍നിന്ന് ഹൈറേഞ്ചിലേക്ക് വരുമ്പോള്‍ ഒന്നേ കൊതിച്ചിട്ടുള്ളൂ. വിശപ്പ് മാറണം. വിശപ്പില്ലാത്ത ലോകത്തെക്കുറിച്ചായിരുന്നു അവന്‍െറ സ്വപ്നങ്ങളത്രയും. പട്ടിണിയോട് സമരം ചെയ്തു തോറ്റപ്പോഴാണ് അഞ്ചാം ക്ളാസില്‍ പഠിപ്പ് നിര്‍ത്തിയത്. പക്ഷേ, ജീവിതത്തില്‍ ഇനി ഒന്നിനോടും തോല്‍ക്കരുതെന്ന് മണി അന്നേ മനസ്സില്‍ കുറിച്ചു.
മുണ്ടയ്ക്കല്‍ മാധവന്‍െറയും ജാനകിയുടെയും ഏഴു മക്കളില്‍ മൂത്തവനായി 1944 ഡിസംബര്‍ 12ന് കിടങ്ങൂരിലാണ് എം.എം. മണിയുടെ ജനനം. ദാരിദ്ര്യമായിരുന്നു ഇടുക്കിയിലേക്കുള്ള പറിച്ചുനടലിന് കാരണം. ഹൈറേഞ്ചിലത്തെിയ മണി ഇടുക്കിയിലെ തോട്ടങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കൂലിവേലക്കിറങ്ങി. തോട്ടം ഉടമകളുടെ ചൂഷണത്തിനും പീഡനങ്ങള്‍ക്കുമെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവായി. 1966ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സാധാരണക്കാരന്‍െറ നാവായി മണി പാര്‍ട്ടിയില്‍ വളര്‍ന്നു. 1970ല്‍ ബൈസണ്‍വാലി ലോക്കല്‍ കമ്മിറ്റിയിലും ‘71ല്‍ രാജാക്കാട് ലോക്കല്‍ കമ്മിറ്റിയിലും സെക്രട്ടറി. ‘74ല്‍ ജില്ല കമ്മിറ്റിയംഗം. ‘75ല്‍ ദേവികുളം താലൂക്ക് സെക്രട്ടറി. 77ല്‍ ജില്ല സെക്രട്ടേറിയറ്റംഗം.
അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ ജയില്‍വാസവും കൊടിയ പൊലീസ് മര്‍ദനങ്ങളും ഏറ്റുവാങ്ങി. 1985ല്‍ അടിമാലി ജില്ല സമ്മേളനത്തില്‍ പാര്‍ട്ടി ജില്ല സെക്രട്ടറിയായി. പിന്നീട് ഒമ്പതുതവണ ജില്ല സെക്രട്ടറിയായി. 2014ല്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സി.പി.എം ജില്ല സെക്രട്ടറിയുടെ പദവി വഹിച്ചയാള്‍ എന്ന ബഹുമതി. 1995ല്‍ ജില്ല പഞ്ചായത്ത് അടിമാലി ഡിവിഷനിലും 1996ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിലെ അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് പരാജയപ്പെടുത്തി. നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
ജാടയും നാട്യങ്ങളും കൃത്രിമഭാഷയും വശമില്ലാത്ത പച്ചമനുഷ്യനാണ് മണി. മുണ്ട് മുറുക്കിയുടുക്കുന്നവനുവേണ്ടി മുഷ്ടിചുരുട്ടി ശബ്ദിച്ചപ്പോള്‍ അദ്ദേഹം പ്രായഭേദമെന്യേ അടുപ്പക്കാര്‍ക്കെല്ലാം ‘മണിയാശാ’നായി. തോട്ടങ്ങളില്‍ വിയര്‍ത്തറിഞ്ഞ ജീവിതമാണ് മണിയെ കമ്യൂണിസ്റ്റാക്കിയത്. പാര്‍ട്ടിയോടുള്ള കൂറും എന്തും തുറന്നുപറയാനുള്ള ചങ്കൂറ്റവുമായിരുന്നു കൈമുതല്‍. അതിനെ ചോദ്യം ചെയ്യുന്നവരോട് മറുപടി പറയുമ്പോള്‍ മുഖമോ പദവിയോ നോക്കിയില്ല. മണ്ണില്‍ പണിയെടുക്കുന്നവന്‍െറ വാക്കും ശരീരഭാഷയും ശൈലിയുമേ അദ്ദേഹത്തിനറിയൂ. ഈ സ്വഭാവമാണ് മണിയെ എന്നും വിവാദങ്ങളുടെ സഹയാത്രികനാക്കിയത്.
തൊടുപുഴ മണക്കാട് ലോക്കല്‍ കമ്മിറ്റി 2012 മേയ് 25ന് സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗം മണിയുടെ രാഷ്ട്രീയജീവിതത്തത്തെന്നെ പിടിച്ചുലച്ചു. ‘ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. 13 പേര്‍. വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു’-ഇതായിരുന്നു മണിയുടെ വാക്കുകള്‍. വിവാദമായ ‘വണ്‍ ടു ത്രീ’ പ്രസംഗത്തിന്‍െറ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മണിക്കെതിരെ കേസെടുത്തു. അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട മണിയെ 2012 നവംബര്‍ 21ന് പുലര്‍ച്ചെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. നിയമ നടപടികളത്തെുടര്‍ന്ന് ഏതാനും മാസം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ് ജയിലിലത്തെിയ മണി 44 ദിവസത്തിനുശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിനിടെ, വിവാദ പ്രസംഗത്തിന്‍െറ പേരില്‍ തുടരന്വേഷണം വേണ്ടെന്ന് 2015 ജനുവരിയില്‍ സുപ്രീംകോടതി വിധിച്ചു.
കാര്‍ക്കശ്യക്കാരനെന്ന് തോന്നിക്കുമ്പോഴും സഹൃദയനും സൗഹൃദങ്ങള്‍ക്ക് വിലകല്‍പിക്കുന്നയാളുമാണ് മണി. ബിജു സി. കണ്ണന്‍െറ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ തൊഴിലാളികളുടെ കഥ പറയുന്ന ‘ഇരുവഴി തിരിയുന്നിടം’ എന്ന സിനിമയില്‍ കലാഭവന്‍ മണിക്കൊപ്പം മണിയാശാനും വേഷമിട്ടിട്ടുണ്ട്. ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. മക്കള്‍: സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്), സുമ (രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്), ശ്യാമള, ഗീത, ശ്രീജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.