മണിയെ മാറ്റുന്നില്ലെങ്കിൽ സർക്കാറുമായി യോജിച്ചുപോകാനാവില്ലെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: വിവാദപ്രസംഗം നടത്തിയ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നില്ലെങ്കിൽ സർക്കാറുമായി യോജിച്ചുപോകാൻ സാധ്യമല്ലെന്ന് യു.ഡി.എഫ് പ്രഖ്യാപനം. മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
മന്ത്രി എം.എം. മണിയെ ബഹിഷ്കരിക്കുന്നതുൾപ്പെടെ സമരപരിപാടികൾ ആരംഭിക്കാനാണ് മുന്നണി ആലോചിക്കുന്നത്. ബഹിഷ്കരണത്തിെൻറ കാര്യത്തിൽ ബുധനാഴ്ച അന്തിമതീരുമാനമെടുക്കും. കൂടാതെ, മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബുധനാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ച് പ്രതിഷേധയോഗത്തിൽ സംസാരിക്കും.
മണിയുടെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച വൈകീട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ യു.ഡി.എഫ് എം.എൽ.എമാർ സത്യഗ്രഹം നടത്തും. നിയോജകമണ്ഡലങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
സ്ത്രീകളെയും ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഉള്‍പ്പെടെ അപമാനിച്ച മന്ത്രി മണിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍നിലപാട് അംഗീകരിക്കാനാവില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് മന്ത്രി മണി പ്രഖ്യാപിച്ച സാഹചര്യത്തിൽ സി.പി.എംതീരുമാനത്തിന് കേരളം കാത്തിരിക്കുകയാണ്. ഇടതുമുന്നണിയും സി.പി.എമ്മും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. മണി മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് യു.ഡി.എഫ് നിയമസഭകക്ഷി യോഗംചേര്‍ന്ന് തീരുമാനിക്കും.
മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും ഒരു നയമേയുള്ളൂ. മതചിഹ്നങ്ങളുടെ മറവിൽ കൈയേറ്റവും നിയമവിരുദ്ധപ്രവർത്തനങ്ങളും നടത്തുന്നതിനോട് യോജിപ്പില്ല. കുരിശ് മാറ്റിയതിനെ തങ്ങൾ എതിർത്തിട്ടില്ല. എന്നാൽ, അത് മാധ്യമങ്ങൾക്കുമുന്നിൽ വേണ്ടിയിരുന്നിെല്ലന്നാണ് യു.ഡി.എഫിെൻറ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.