മഹാരാഷ്ട്രയിൽ താക്കറെമാർ കൈകൊടുക്കുമോ? സഞ്ജയ് റാവുത്തിന്‍റെ വീട്ടിൽ എം.എൻ.എസ് നേതാവ്, ചർച്ച
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ അനുദിനം മാറിമറിയവേ, രാജ് താക്കറെയുടെ പാർട്ടിയായ എം.എൻ.എസിന്‍റെ നേതാവ് അഭിജിത് പൻസെയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവുത്തും കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ, ഇരുനേതാക്കളും ചർച്ചചെയ്തതെന്ത് എന്ന കാര്യത്തിൽ അഭ്യൂഹങ്ങളുയരുകയാണ്. ഇരു താക്കറെമാരും കൈകോർക്കാനുള്ള സാധ്യതയുണ്ടോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വ്യാഴാഴ്ചയാണ് അഭിജിത് പൻസെ ഭന്ദുപിലെ സഞ്ജയ് റാവുത്തിന്‍റെ വീട്ടിലെത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും ഒരുമിച്ച് പുറത്തേക്ക് പോകുകയും ചെയ്തു. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബന്ധുക്കൾ കൂടിയായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും എന്ത് പുതിയ നീക്കത്തിനാണ് ഒരുങ്ങുന്നത് എന്നത് സംബന്ധിച്ചാണ് അഭ്യൂഹങ്ങൾ. നിലവിൽ ബി.ജെ.പി സർക്കാറിനെയാണ് എം.എൻ.എസ് പിന്തുണക്കുന്നത്.
അതേസമയം, സ്വകാര്യ ആവശ്യങ്ങൾക്കായാണ് താൻ സഞ്ജയ് റാവുത്തിനെ വീട്ടിലെത്തി കണ്ടതെന്ന് അഭിജിത് പൻസെ പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം റാവുത്ത് സെൻട്രൽ മുംബൈയിലെ സാമ്ന ഓഫിസിലേക്കാണ് പോയത്. അതിനാൽ ഞാനും ഒപ്പം പോകുകയായിരുന്നു. ഇത്തരം കൂടിക്കാഴ്ചകളിൽ രാഷ്ട്രീയം ചർച്ചയാകുന്നത് സാധാരണയാണ്. എന്നാൽ, എന്തെങ്കിലും സഖ്യ സാധ്യതയുമായല്ല ഞാൻ അദ്ദേഹത്തെ കാണാൻ പോയത് -അഭിജിത് പൻസെ പറഞ്ഞു.
ശിവസേന മുൻ നേതാവ് കൂടിയാണ് അഭിജിത് പൻസെ. വിദ്യാർഥി വിഭാഗമായ ഭാരതീയ വിദ്യാർഥി സേനയുടെ ചുമതലയുണ്ടായിരുന്ന പൻസെ പിന്നീട് രാജിവെച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയിലേക്ക് ചേക്കേറുകയായിരുന്നു.
അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നാണ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്. എന്നാൽ, എം.എൻ.എസുമായി ഉദ്ധവ് വിഭാഗം സഖ്യത്തിലാകുമോയെന്ന ചോദ്യം അദ്ദേഹം നിഷേധിച്ചില്ല. 'അത് രണ്ട് സഹോദരങ്ങളും തമ്മിലുള്ള കാര്യമാണ്. ഒരു വീട്ടിലും ഒരു തർക്കമുണ്ടാകരുത്. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറത്തേക്കും നീണ്ടുനിൽക്കുന്നതാണ്' -റാവുത്ത് പറഞ്ഞു.
ഒരുകാലത്ത് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വലംകൈയായിരുന്ന രാജ് താക്കറെ, 2005ലാണ് ഉദ്ധവിനെ പിൻഗാമിയാക്കാനുള്ള ബാൽ താക്കറെയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് എം.എൻ.എസ് രൂപീകരിച്ചത്.
അതിനിടെ, ബി.ജെ.പിയുടെ എൻ.സി.പി പ്രീണനത്തിൽ അതൃപ്തിയുള്ള ഷിൻഡെ വിഭാഗം ശിവസേനയിലെ 18ഓളം എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു. ഉദ്ധവ് താക്കറെയുടെ വീടായ 'മാതോശ്രീ'യിൽ നിന്ന് വിളി വന്നാൽ അനുകൂലമായി പ്രതികരിക്കാൻ തയാറായി നിൽക്കുകയാണ് ഇവരെന്ന് മറ്റൊരു നേതാവായ വിനായക് റാവുത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഏക്നാഥ് ഷിൻഡെ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആശീർവാദം തനിക്കുണ്ടെന്നും അതുള്ളിടത്തോളം കാലം മുഖ്യമന്ത്രി പദത്തിൽ തുടരുമെന്നും വിമത ശിവസേന നേതാവ് കൂടിയായ ഷിൻഡെ പറഞ്ഞു.
എൻ.സി.പിയെ പിളർത്തി അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ ബി.ജെ.പി ഒപ്പം കൂട്ടിയതിന് പിന്നാലെയാണ് സഖ്യസർക്കാറിൽ നിന്ന് ഷിൻഡെ രാജിവെക്കുമെന്ന അഭ്യൂഹമുയർന്നത്. എൻ.സി.പിയെ പിളർത്തിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും എട്ട് എൻ.സി.പി എം.എൽ.എമാർക്ക് മന്ത്രി പദവിയും ബി.ജെ.പി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.