വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി, സമൻസ് അയച്ചു
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആ.ര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.എം.ആ.ര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇ.ഡി നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസില്‍ നിർദേശം നല്‍കിയിരിക്കുന്നത്. ഫിനാൻസ് ചുമതലയുള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.
ഇല്ലാത്ത സേവനത്തിന് മുഖ്യമന്തിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക്ക് എന്ന കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇ.ഡി കണക്കുകൂട്ടൽ. സി.എം.ആർ.എല്ലിന്‍റെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിന്‍റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്‍റെ അടുത്ത പടിയായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടാം. സഹകരിച്ചില്ലെങ്കിൽ റെയ്‍ഡ് ചെയ്ത് പിടിച്ചെടുക്കാം.
വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണക്ക് പണം നൽകിയിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡി അന്വേഷണവും നടക്കുന്നത്. വീണ വീജയൻ, എക്സാലോജിക് കമ്പനി, സി.എം.ആർ.എൽ, പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സി.എം.ആർ.എല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.