ഭരണവിരുദ്ധ വികാരത്തിൽ ഉലഞ്ഞ് ചൗഹാൻ
text_fieldsഭോപാൽ: നവംബർ 28ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ നിർണയിക്കുക മൂന്നു പ്രധാന വിഷയങ്ങൾ. ഉന്നത ജാതി സമുദായങ്ങളുടെ പ്രക്ഷോഭം, കർഷകരുടെ അസംതൃപ്തി, ഭരണവിരുദ്ധ വികാരം എന്നിവയാണവ.
ഭരണവിരുദ്ധ വികാരം
മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനേക്കാൾ, സർക്കാറിനെയാണ് ജനങ്ങൾക്ക് മടുത്തതെന്നാണ് ബി.ജെ.പി കരുതുന്നത്. രണ്ടു പാർട്ടികൾ മാത്രം വാഴുന്ന മധ്യപ്രദേശിൽ ഒരു പാർട്ടിയുടെ ക്ഷീണം മറു പാർട്ടിയെ ശക്തമാക്കും എന്ന സ്വാഭാവിക സിദ്ധാന്തത്തെ തന്നെയാണ് ബി.ജെ.പിക്ക് പേടി. ബദൽ വേണമെന്ന ജനങ്ങളുടെ ആഗ്രഹം കാരണം ചീയുന്ന ബി.ജെ.പിയെ വളമാക്കാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ല സംസ്ഥാനത്ത്. വലിയൊരു വിഭാഗം വോട്ടുകൾ ചാഞ്ചാട്ട സ്വഭാവം ഉള്ളവയാണെന്ന് മുൻ കാല തെരഞ്ഞെടുപ്പുകൾ സാക്ഷിയാണ്.
ഉന്നതജാതി കലാപം
എസ്.സി -എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ ചില വകുപ്പുകൾ മയപ്പെടുത്തി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാറിനെതിരെ സവർണ വിഭാഗക്കാരിൽ അസംതൃപ്തി വ്യാപകമാണ്. ബി.ജെ.പിക്ക് ഒപ്പം കാലങ്ങളായി നിൽക്കുന്ന ഇൗ വിഭാഗം, പ്രതികാര മനോഭാവം കൊണ്ടുമാത്രം കോൺഗ്രസിന് വോട്ടു ചെയ്യാനുള്ള സാധ്യതയാണ് സംസ്ഥാനത്ത്.
തൊഴിലില്ലായ്മ
100 ൽ 43 പേർ തൊഴിൽരഹിതരായ മധ്യപ്രദേശിൽ നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 40ശതമാനവും ഗ്രാമങ്ങളിൽ 44 ശതമാനവുമാണ്. തൊഴിൽ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ആക്ഷേപം ശക്തമാണ്.
മന്ദ്സൗർ കർഷക പ്രക്ഷോഭം
വിളകൾക്ക് മതിയായ വില ആവശ്യപ്പെട്ട് മന്ദ്സൗറിൽ പ്രക്ഷോഭം നടത്തിയ കർഷർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ പൊലിഞ്ഞത് ആറു ജീവനുകളാണ്. ഇതിെൻറ പിന്നാലെ വൻ കർഷക പ്രതിഷേധത്തിന് മേഖല സാക്ഷ്യം വഹിച്ചു. ഇപ്പോഴും കെടാതെ നിൽക്കുന്ന തീപ്പൊരി കോൺഗ്രസ് അണയാതെ കാത്തിട്ടുണ്ട്.
ശിവ്രാജ് സിങ് ചൗഹാൻ
‘വികാസ് പുരുഷ്’ ശിവ്രാജ് സിങ് ചൗഹാെൻറ ജനപ്രിയത പൂർണമായി നഷ്ടമായില്ലെന്നു തന്നെ വിശ്വസിക്കാനാണ് ബി.ജെ.പിക്ക് ഇഷ്ടം. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് പ്രവചിക്കുന്ന ചില അഭിപ്രായ സർവേകൾ പക്ഷെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ ചൂണ്ടിക്കാട്ടുന്നത് ശിവ്രാജ് സിങ് ചൗഹാനെ തന്നെയാണ് എന്നതിലാണ് പാർട്ടിക്ക് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.