Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേന്ദ്രത്തിനെതിരായ...

കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സി.പി.എം-കോൺഗ്രസ് രഹസ്യ ബാന്ധവമെന്ന് എം.ടി. രമേശ്

text_fields
bookmark_border
കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സി.പി.എം-കോൺഗ്രസ് രഹസ്യ ബാന്ധവമെന്ന് എം.ടി. രമേശ്
cancel

തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ പരാമർശം സി.പി.എം-കോൺഗ്രസ് രഹസ്യ ബാന്ധവത്തിന്റെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ്. സംസ്ഥാന സർക്കാരിന്റെ കഴിവുകേട് മറക്കാൻ സി.പി.എം നടത്തുന്ന പ്രചരണം ടി.എം. പ്രതാപൻ ഏറ്റെടുക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ്.

ഇനി കോൺഗ്രസിന് ഒറ്റക്ക് തൃശ്ശൂരിൽ ജയിക്കാനാവില്ലെന്ന് പ്രതാപന് അറിയാം. അതുകൊണ്ടാണ് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സി.പി.എമ്മിന്റെ വോട്ട് വാങ്ങാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രതാപനെ അഭിനന്ദിച്ചത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇത് തൃശൂരിൽ മത്സരിക്കുന്ന സി.പി.ഐക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിൽ ഇതേ നിലപാട് തന്നെയാണോ കോൺഗ്രസിനുമുള്ളതെന്ന് അവർ പറയണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പാർലമെൻ്റിൽ കേന്ദ്രമന്ത്രിമാർ കാര്യങ്ങൾ വ്യക്തമാക്കിയിട്ടും പ്രതാപൻ അസത്യ പ്രചരണം നടത്തുന്നത് അംഗീകരിക്കാനാവില്ല. സി.പി.എമ്മും കോൺഗ്രസും സഖ്യം കൂടുന്നതിൽ ആരും എതിരല്ല. കേരളത്തിന് പുറത്ത് എല്ലാ സ്ഥലത്തും ഇവർ സഖ്യത്തിലാണല്ലൊ. എന്നാൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട പാർലമെന്റ് അംഗമായ പ്രതാപൻ പറയുന്നത് ശരിയല്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെങ്കിൽ കോൺഗ്രസ് എന്തിനാണ് സംസ്ഥാന സർക്കാരിനെ എതിർക്കുന്നതെന്ന് രമേശ് ചോദിച്ചു.

നവകേരളയാത്ര ധൂർത്താണെന്ന് എന്തിനാണ് പറയുന്നത്. കോൺഗ്രസ് രണ്ട് വെള്ളത്തിൽ കാല് വെക്കരുത്. കുത്തിനും കോമക്കും മാത്രമല്ല പൂജ്യത്തിനും വിലയുണ്ടെന്ന് സംസ്ഥാന ധനമന്ത്രി മനസിലാക്കണം. ആദ്യം മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞത് കേരളത്തിന് കേന്ദ്രം 58,000 കോടി കൊടുക്കാനുണ്ടെന്നായിരുന്നു. എന്നാൽ കേന്ദ്ര ധനമന്ത്രി കണക്കുകൾ കൃത്യമായി അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ ഒരു പൂജ്യം ഒഴിവാക്കി 5,000 കോടി തരാനുണ്ടെന്നും പറഞ്ഞ് വരുകയാണ്.

കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് കേന്ദ്രമന്ത്രി പാർലമെൻ്റിൽ വ്യക്തമാക്കി കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം വിഹിതം നൽകുന്നില്ലെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് മാപ്പ് പറയണം. ഒരു സംസ്ഥാനത്തിന് മാത്രം കടമെടുപ്പ് പരിധി വർധിപ്പിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കാത്ത സാഹചര്യത്തിൽ നിയമ പോരാട്ടത്തിനാണ് സംസ്ഥാനം പോവേണ്ടതെന്നും എം.ടി. രമേശ് പറഞ്ഞു.

സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ ജുഡീഷ്യൽ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. രാജ്യത്തെ ജുഡീഷ്യറിയുടെ വിശ്വാസത്തെയാണ് എം.വി. ഗോവിന്ദൻ ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ വ്യവസ്ഥാപിതമായ ഒരു സംവിധാനങ്ങളെയും സി.പി.എം അംഗീകരിക്കില്ലെന്നതിൻ്റെ ഉദാഹരണമാണിത്.

കോട്ടയത്ത് നടന്ന ബി.ജെ.പി നേതൃയോഗത്തിൽ കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ നയങ്ങൾ ജനങ്ങളിലെത്തിക്കാനും സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാനും വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. കേന്ദ്ര പദ്ധതികൾ തടസപ്പെടുത്താൻ സി.പി.എം- കോൺഗ്രസ് ജീവനക്കാർ ശ്രമിക്കുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ്റെ നേതൃത്വത്തിൽ എൻഡിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പദയാത്ര നടത്തും.

സർവകലാശാല സെനറ്റിലേക്ക് മെമ്പർമാരെ തിരഞ്ഞെടുക്കുന്നത് എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയല്ല. കോപ്പിയടിച്ച് ജയിച്ചവരെ ഗവർണർ സെനറ്റിലേക്ക് നിയമിച്ചിട്ടില്ല. സി.പി.എം കുട്ടികുരങ്ങൻമാരെ ഉപയോഗിച്ച് ചുടുചോറ് വാരിക്കരുത്.

യൂത്ത് കോൺഗ്രസുകാർ വ്യാജ വോട്ടർപട്ടികയാണ് ഉണ്ടാക്കിയത്. അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസ് തയാറാവണമെന്നും എം.ടി. രമേശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT RameshCPM-Congress secret relationship
News Summary - MT Ramesh says CPM-Congress secret relationship behind TN Pratapan's allegation against the Centre.
Next Story