മുരളീധരൻ ഉമ്മൻചാണ്ടി പക്ഷത്തേക്ക്
text_fieldsകോഴിക്കോട്: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ് സമവാക്യങ്ങൾ വീണ്ടും മാറിമറിയുന്നു. രമേശ് ചെന്നിത്തല പക്ഷത്തുനിന്ന് കെ. മുരളീധരൻ കൂടുമാറുകയാണ്. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തുകയും ചെന്നിത്തലയെ ഇകഴ്ത്തുകയും ചെയ്യുന്ന മുരളീധരനെ മേലിൽ ഗ്രൂപ് കൂടിയാലോചനകളിലേക്കു വിളിക്കേണ്ടതില്ലെന്നു ചെന്നിത്തല പക്ഷം തീരുമാനിച്ചു. മുരളിയെ സ്വീകരിക്കാൻ ഇരു കൈകളും നീട്ടിനിൽക്കുകയാണ് ഉമ്മൻ ചാണ്ടി വിഭാഗം. എന്നാൽ, ചാണ്ടിയോടൊപ്പം ചേരാതെ മൂന്നാം ഗ്രൂപ്പായി നിൽക്കണമെന്ന ആഗ്രഹമാണ് മുരളിപക്ഷക്കാരായ ചിലർക്കുള്ളത്.
അച്ചടക്കലംഘനത്തിന് കോൺഗ്രസിൽനിന്ന് പുറത്തായ മുരളി ആറു വർഷത്തിനു ശേഷം പാർട്ടിയിൽ തിരിച്ചെത്തിയത് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിലേക്കായിരുന്നു. ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവെങ്കിലും കിട്ടിയ അവസരങ്ങളിൽ ചെന്നിത്തലയെ പിന്നിൽനിന്ന് കുത്തുന്നുവെന്നാണ് മുരളിക്കെതിരായ പരാതി. യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷ പ്രവർത്തനം മോശമാണെന്നു മുരളി പറഞ്ഞത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടിയാണ് യോഗ്യനെന്ന പ്രസ്താവന ആർ.എസ്.പി നേതാവ് എ.എ. അസീസ് പിൻവലിച്ചിട്ടും മുരളി അതു മാധ്യമങ്ങളിലും പാർട്ടിയിലും ചർച്ചയാക്കാൻ ഇടംകൊടുത്തുവെന്നതാണ് ഏറ്റവും ഒടുവിലത്തെ ആക്ഷേപം.
ഗ്രൂപ്പിെൻറ കാര്യങ്ങൾ തന്നോട് കൂടിയാലോചിക്കുന്നില്ലെന്നതാണ് മുരളിയുടെ പ്രധാന പരാതി. ചെന്നിത്തല അടക്കം ഐ ഗ്രൂപ്പിലെ പ്രധാനികളെല്ലാംതന്നെ പഴയ തിരുത്തൽവാദികളാണെന്നതിനാൽ ഗ്രൂപ്പിെൻറ ഭാഗമായിട്ട് വർഷങ്ങളായെങ്കിലും മോരും മുതിരയും പോലെ വേറിട്ട് നിൽക്കുകയാണ് മുരളി. കെ. കരുണാകരൻ കോൺഗ്രസിനെ പിളർത്തി പുറത്തുപോയ ശേഷം പാർട്ടിയിൽ പിടി വിട്ടുപോയ അവശിഷ്ട ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിച്ചു വിശാല ഐ ഗ്രൂപ്പിന് രൂപംനൽകിയത് രമേശ് ചെന്നിത്തലയാണ്. പാർട്ടി പദവികൾ ഭൂരിഭാഗവും ൈകയടക്കിയ ഉമ്മൻ ചാണ്ടി പക്ഷത്തോട് പൊരുതിയാണ് സംഘടനാപദവികളും പാർലമെൻററി സ്ഥാനങ്ങളും ഐ വിഭാഗം നേടിയെടുത്തത്. ഉമ്മൻ ചാണ്ടിയുടെ പക്കൽനിന്ന് നിയമസഭാകക്ഷി നേതൃസ്ഥാനം രമേശ് ചെന്നിത്തലയുടെ കൈയിലെത്തിയത് കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ കൂടി പിന്തുണയോടെയാണ്. അതു മടക്കിക്കിട്ടുക എളുപ്പമല്ലെന്ന് എ വിഭാഗത്തിനറിയാം. എന്നാൽ, പാർട്ടി പുനഃസംഘടനയിലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും എ ഗ്രൂപ്പിന് അർഹമായ വിഹിതം കിട്ടണമെങ്കിൽ ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡൻറ് പദവിയിൽ എത്തിയേപറ്റൂ എന്നാണ് ഗ്രൂപ് മാനേജർമാരുടെ നിലപാട്. ഉമ്മൻ ചാണ്ടി ഇതു ചോദിച്ചുവാങ്ങുന്നതിനു പകരം ചെന്നിത്തലയെ സമ്മർദത്തിലാക്കി കാര്യം നേടുക എന്ന തന്ത്രമാണ് എ ഗ്രൂപ് പയറ്റുന്നത്.
കെ. കരുണാകരൻ അനിഷേധ്യ നേതാവായിരുന്ന പഴയ ഐ ഗ്രൂപ് പുനരുജ്ജീവിപ്പിക്കണമെന്ന ആഗ്രഹം ചില മുരളി പക്ഷക്കാർക്കുണ്ട്. എന്നാൽ, കരുണാകരനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന കൂടുതൽ പേരും ഇപ്പോൾ ചെന്നിത്തലയോടൊപ്പമാണ്. ഡി.ഐ.സി പിരിച്ചുവിട്ടു എൻ.സി.പിയിൽ ചേരാനുള്ള കരുണാകരെൻറയും മുരളീധരെൻറയും തീരുമാനത്തെ എതിർത്ത് കോൺഗ്രസിൽ തിരിച്ചെത്തിയവരാണവർ. കരുണാകരനെ രാഷ്ട്രീയമായി തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നു ഉറച്ചുവിശ്വസിക്കുന്നവരുമാണ് ഇക്കൂട്ടർ. മുരളി പുതിയ ഗ്രൂപ് ഉണ്ടാക്കിയാലും ഉമ്മൻ ചാണ്ടി പക്ഷത്തു ചേർന്നാലും അവർ ഒരുനിലക്കും കൂടെപ്പോകാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.