കേരളത്തിന് പുറത്ത് സ്വാധീനം വർധിപ്പിക്കാൻ ബഹുമുഖ പരിപാടികളുമായി ലീഗ്
text_fieldsമലപ്പുറം: സംഘ്പരിവാർ ഭരണകാലത്ത് കേരളത്തിന് പുറത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സ്വാധീനം വർധിപ്പിക്കാൻ ശക്തമായ പ്രചാരണ പരിപാടികളുമായി മുസ്ലിം ലീഗ് തയാറെടുക്കുന്നു. മലപ്പുറത്ത് ചേർന്ന ദേശീയ സെക്രേട്ടറിയറ്റ് യോഗത്തിലാണ് സാധ്യമാകുന്ന പ്രദേശങ്ങളിൽ സ്വാധീനം വർധിപ്പിക്കാനുള്ള പരിപാടികൾക്ക് രൂപം നൽകിയത്.
തുടക്കമെന്ന നിലയിൽ ഝാർഖണ്ഡ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പൊതുപരിപാടികൾ നടത്താനാണ് തീരുമാനം. മുസ്ലിംകൾ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം വ്യാപിപ്പിക്കാനും അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനുമാണ് പ്രഥമ പരിഗണന നൽകുന്നത്. ഗുജറാത്ത്, ബിഹാർ, യു.പി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഇൗ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
ഝാർഖണ്ഡിൽ ധൻബാദ് കേന്ദ്രീകരിച്ച് വിവിധ ഗ്രാമങ്ങളിൽ അടിസ്ഥാന ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. 20 കുഴൽ കിണറുകളാണ് ഇവിടെ കുഴിച്ചത്. കർണാടകയിൽ ഗുൽബർഗ പോലുള്ള മുസ്ലിം പോക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കേരളത്തിന് പുറത്ത് ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ അനുകൂല സാഹചര്യമാക്കി മാറ്റാനാവുമെന്നാണ് ലീഗ് നേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
സ്വാധീനം വർധിപ്പിക്കുന്നതിന് പുറമെ മതേതര പാർട്ടികളുമായും ബി.ജെ.പി വിരുദ്ധ പക്ഷത്തുള്ളവരുമായും സഹകരിച്ച് സാധ്യമാവുന്ന ഇടങ്ങളിലെല്ലാം ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ പങ്കാളികളാവാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.