സ്വകാര്യ സർവകലാശാല:എസ്.എഫ്.ഐയുമായി ചർച്ച നടത്തുമെന്ന് എം.വി ഗോവിന്ദൻ
text_fieldsകണ്ണൂർ: സ്വകാര്യ സർവകലാശാല വിഷയത്തിൽ എസ്.എഫ്.ഐയുമായി ചർച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവർഗം മുന്നോട്ടുവെക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ഈ സർക്കാരിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. ഭരണം മാത്രമേ അഞ്ച് കൊല്ലത്തിൽ മാറുന്നുള്ളൂ. എക്സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. വിദേശ സർവകലാശാല വേണ്ടെന്ന് തന്നെയാണ് എസ്.എഫ്.ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞു. വിഷയത്തിലുള്ള ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും അനുശ്രീ കൂട്ടിച്ചേർത്തു. സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദ്യാർഥികൾക്ക് യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യുമെന്നും അനുശ്രീ പറഞ്ഞു. ഇതോടെ പാർട്ടിയും വിദ്യാർഥി സംഘടനയും വിദേശ സർവകലാശ വിഷയത്തിൽ ഇരുതട്ടിലാണെന്ന് വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.