കെ.കെ ശൈലജക്ക് നേരെയുള്ള സൈബർ ആക്രമണം അതീവ ഗൗരവമെന്ന് എം.വി ഗോവിന്ദൻ
text_fieldsതൊടുപുഴ : വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്ക് നേരെയുള്ള സൈബർ ആക്രമണം അതിവ ഗൗരവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ തോൽവി ഉറപ്പായ യു.ഡി.എഫ് മാഫിയയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാർഥി കെ.കെ ശൈലജ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ജനങ്ങളുടെ നിശ്ചദാർഢ്യം യു.ഡി.എഫ് തിരിച്ചറിഞ്ഞു. ഇതോടെ, രാഷ്ട്രീയപരമായി അവരെ നേരിടാനാവില്ലെന്നായതോടെ നിരവധി വഴികളിലൂടെ സ്ഥാനാർഥിയുടെ അറിവോടുകൂടി യു.ഡി.എഫിന്റെ തണലിൽ അവർ മാഫിയ സംഘം പോലെ പ്രവർത്തിക്കുന്നു.
യു.ഡി.എഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. അശ്ലീലം പ്രചരിപ്പിച്ച് ശൈലജക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള യു.ഡി.എഫ് ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല. യു.ഡി.എഫ് നേതൃത്വമോ സ്ഥാനാർഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്.
ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന നിലയുണ്ടായി. പാനൂർ സ്ഫോടനത്തിൽ ഏർപ്പെട്ടയാൾ എന്ന തരത്തിൽ മറ്റൊരു ചിത്രം പ്രചരിപ്പിച്ചു. എ.പി. അബൂബക്കര്‍ മുസ് ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജവാർത്ത സൃഷ്ടിച്ചു.
യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവത്തിൽ എങ്ങിനെ കൃത്രിമരേഖകൾ ഉണ്ടാക്കിയെന്നത് ഇപ്പോഴും കേരളം ചർച്ച ചെയ്ത് പൂർത്തിയാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളിലും, അശ്ലീല പ്രചരണത്തിലും കുപ്രസിദ്ധി നേടിയിട്ടുള്ളൊരു സംഘം രാഷ്ട്രീയരംഗത്തേക്ക് വരുന്നുവെന്നത് ഇന്നേവരെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലില്ലാത്തൊരു ശ്രമമാണ്. എൽ.ഡി.എഫിന്റെ ഏറ്റവും പ്രമുഖയായ നേതാവാണ് കെ.കെ. ശൈലജ. ഇതിനെ ശക്തമായ രീതിയിൽ കേരളത്തിലെ സ്ത്രീകളും പുരോഗമന മനസുള്ള സമൂഹവും യു.ഡി.എഫിന് തിരിച്ചടി നൽകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.