കോടതിയിൽ പ്രതീക്ഷയർപ്പിച്ച് എൻ.സി.പി; രാജിെവച്ചില്ലെങ്കിൽ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് കൈവിട്ടിട്ടും തോമസ് ചാണ്ടിയുടെ രാജി തടയാൻ കിണഞ്ഞുപരിശ്രമിച്ച് എൻ.സി.പി. ചൊവ്വാഴ്ച കോടതിയിൽനിന്നുണ്ടാകുന്ന നിർദേശം കച്ചിത്തുരുമ്പാകുമെന്ന പ്രതീക്ഷയിലാണ് അവർ. എന്നാൽ, രാജി വിഷയത്തിൽ നിലപാട് കടുപ്പിച്ച് സി.പി.െഎയും വി.എസും രംഗത്തുണ്ട്. പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എം.പിയെതന്നെ അഭിഭാഷകനായി ഇറക്കി ചാണ്ടി മറ്റൊരു തന്ത്രം കൂടി പയറ്റുന്നുണ്ട്.
കഴിഞ്ഞദിവസം ചേർന്ന എൽ.ഡി.എഫ് യോഗം രണ്ടുദിവസത്തിനുള്ളിൽ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ എൻ.സി.പിയോട് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് നിർദേശിക്കുകയുമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ചേരുന്ന നിർവാഹകസമിതി യോഗത്തിൽ രാജിക്കാര്യം അജണ്ടയിലില്ല എന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം. എന്നാൽ, എൻ.സി.പി നീക്കത്തിനെതിരെ പരസ്യമായിതന്നെ സി.പി.െഎയും വി.എസ്. അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. എന്‍.സി.പി നിലപാടിനെ പരസ്യമായിതന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശിച്ചു. രാജിയിൽ എൽ.ഡി.എഫ് കഴിഞ്ഞദിവസം തീരുമാനം എടുത്തതാണെന്നും ഇന്ന് രാവിലെ അത് മാറ്റാന്‍ ഇത് വേലിയേറ്റവും വേലിയിറക്കവുമല്ലെന്നും ടി.പി. പീതാംബരന് പറയാനുള്ളത് തന്നോടോ എൽ.ഡി.എഫിലോ പറയാമെന്നുമാണ് കാനം പ്രതികരിച്ചത്. തോമസ് ചാണ്ടി സ്വയം പോയില്ലെങ്കിൽ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന രൂക്ഷമായ പ്രതികരണമാണ് വി.എസ്. അച്യുതാനന്ദൻ നടത്തിയതും. എന്നാൽ, സി.പി.െഎയുടെ പ്രതികരണം ശത്രുക്കൾക്ക് ഗുണം ചെയ്യുമെന്നും ചൊവ്വാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ചാണ്ടിയുടെ രാജി അജണ്ടയിലില്ലെന്നുമുള്ള നിലപാടാണ് എൻ.സി.പി സ്വീകരിച്ചത്.
എന്നാൽ, രാജിവിഷയം യോഗത്തിൽ വരുമെന്നുതന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ഒരുവിഭാഗം രാജി ഉന്നയിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. എൻ.സി.പി ദേശീയ നേതൃത്വത്തിെൻറ ഇടപെടലും രാജി ഒഴിവാക്കാനായുണ്ട്. ചാണ്ടി രാജിെവച്ചാൽ മന്ത്രിസഭയിൽ പ്രാതിനിധ്യം നഷ്ടെപ്പടുമോയെന്ന ആശങ്ക എൻ.സി.പിക്കുണ്ട്. കഴിഞ്ഞദിവസം എൽ.ഡി.എഫ് യോഗത്തിൽ രാജിക്ക് മൗനസമ്മതം നടത്തിയ എൻ.സി.പിയുടെ നിറംമാറ്റത്തിന് പിന്നിൽ ഹൈകോടതിയിൽനിന്ന് അനുകൂലവിധി കിട്ടുമെന്ന പ്രതീക്ഷയാണ്. അതിനായാണ് സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ് എം.പിയുമായ അഡ്വ. വിവേക് തൻഖയെ ഹൈകോടതിയിൽ ഹാജരാക്കാൻ നീക്കം നടത്തുന്നത്. അതിന് തടയിടാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുവെങ്കിലും അത് വിജയിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം കെ. മുരളീധരനൊപ്പം എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും ഇത് തങ്ങൾ രണ്ടുപേരുമുള്ളപ്പോള്‍ പറയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.