എൻ.സി.പിയിൽ മന്ത്രിമാറ്റ ചർച്ചകൾ സജീവം
text_fieldsകോട്ടയം: എൻ.സി.പിയിൽ മന്ത്രിമാറ്റ ചർച്ചകൾ സജീവമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രനെ അന്തരിച്ച തോമസ് ചാണ്ടിയുടെ പിൻഗാമിയായി പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനും പകരം പാലായിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പെന മന്ത്രിയാക്കണമെന്നുമുള്ള ചർച്ചകളാണ് എൻ.സി.പിയിൽ അരങ്ങുതകർക്കുന്നത്.
മാണി സി. കാപ്പനെ മന്ത്രിയാക്കുന്നതിനോട് സി.പി.എമ്മിനും ഇടതുമുന്നണിയിലെ മറ്റ് കക്ഷികൾക്കും എതിർപ്പ് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് എൻ.സി.പി നേതൃത്വം. മന്ത്രിസഭയിൽ നിലവിൽ കോട്ടയത്തുനിന്ന് മന്ത്രിമാരാരുമില്ല. കാപ്പനെ മന്ത്രിയാക്കിയാൽ മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് മികച്ച രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമെന്ന ചർച്ചകളും നേതൃതലത്തിൽ നടക്കുന്നുണ്ട്.
പാലായിൽ മാണി സി. കാപ്പൻ ജയിച്ചതുമുതൽ ശശീന്ദ്രന് പകരം അദ്ദേഹം മന്ത്രിയാകുമെന്ന പ്രചാരണം എൻ.സി.പിയിൽ ശക്തമാണ്. ഉപതെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ഈ പ്രചാരണം അദ്ദേഹത്തിെൻറ തിളക്കമാർന്ന വിജയത്തിനും കാരണമായി. നിലവിൽ പാർട്ടിയുടെ ബഹുഭൂരിപക്ഷം ജില്ലനേതൃത്വങ്ങളും ഇത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നുണ്ട്. തോമസ് ചാണ്ടിക്ക് പകരം കരുത്തനായ ഒരാൾ പാർട്ടി പ്രസിഡൻറ് സ്ഥാനത്ത് വരണമെന്ന ചർച്ചകളും സജീവമാണ്. അത് ശശീന്ദ്രനിലേക്കാണ് കേന്ദ്രീകരിക്കുന്നത്.
പാർട്ടി അധ്യക്ഷനാകാൻ താനിെല്ലന്ന് മാണി സി. കാപ്പൻ സംസ്ഥാന-ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മന്ത്രിമാറ്റവും പാർട്ടി സംസ്ഥാന അധ്യക്ഷ നിയമനവും ചർച്ചചെയ്യാൻ ദേശീയനേതൃത്വം മുതിർന്ന നേതാക്കളെ ഉടൻ വിളിപ്പിക്കുമെന്നാണ് വിവരം. പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും മാണി സി. കാപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.ആർ.ടി.സി അതിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടിട്ടും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളൊന്നും മന്ത്രി നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇടതുയൂനിയനുകൾ ഒന്നടങ്കം മന്ത്രിക്കെതിരാണ്. ഈ സാഹചര്യവും മന്ത്രിമാറ്റ ചർച്ചകളെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.