എൻ.ഡി.എ നേതൃയോഗം: രൂക്ഷവിമർശനവുമായി ഘടകകക്ഷികൾ
text_fieldsകൊച്ചി: എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിൽ ഘടകകക്ഷികളുടെ രൂക്ഷവിമർശനവും പ്രതിഷേധവും. പ്രതീക്ഷയോടെ എൻ.ഡി.എയിൽ എത്തിയ തങ്ങൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന് ഘടകകക്ഷികൾ പരാതിപ്പെട്ടു. പരാതിക്ക് മുന്നിൽ നിസ്സഹായതയോടെ കൈമലർത്താനേ ചെയർമാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന് കഴിഞ്ഞുള്ളൂവെന്നാണ് വിവരം.
എൻ.ഡി.എ സംസ്ഥാന നേതൃയോഗത്തിനുമുമ്പ് ഘടകകക്ഷി നേതാക്കൾ കുമ്മനത്തെ കണ്ടിരുന്നു. ഇൗ കൂടിക്കാഴ്ചയിലും പിന്നീട് യോഗത്തിലും ഘടക കക്ഷി നേതാക്കൾ പ്രതിഷേധം അറിയിച്ചു. എൻ.ഡി.എക്ക് ജില്ലതലം തൊട്ട് താഴേക്ക് ഇനിയും ഘടകങ്ങൾ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വിവിധ ഘടകകക്ഷികളുടെ ജില്ലതലം വരെയുള്ള നേതാക്കൾ ഗതിയില്ലാതെ അലയേണ്ട അവസ്ഥയിലാണ്. മുന്നണി സംവിധാനത്തിൽ ഇവർക്ക് സ്ഥാനങ്ങളോ പദവികളോ ഇല്ല. ബി.ജെ.പിയുടെ മുന്നിൽ വഴങ്ങേണ്ട സ്ഥിതിയാണ്. ഇതിൽ ഘടകകക്ഷി നേതാക്കൾക്കുള്ള കടുത്ത നിരാശയാണ് യോഗത്തിൽ മറനീങ്ങിയത്.
പത്തായം മുഴുവൻ അരിയുണ്ടായിട്ടും ഇല്ലത്ത് പട്ടിണി എന്ന അവസ്ഥയിലാണ് തങ്ങൾ എന്നായിരുന്നു യോഗത്തിൽ ഒരു ഘടകകക്ഷിനേതാവിെൻറ പ്രതികരണം. ബി.ഡി.ജെ.എസിന് വിവിധ ബോർഡിലും കോർപറേഷനിലും സ്ഥാനം നൽകാമെന്ന് എൻ.ഡി.എ നേതൃത്വം ഉറപ്പുകൊടുത്തിരുന്നു. അതും പാലിക്കപ്പെട്ടിട്ടില്ല.
മൂന്നുദിവസത്തെ സന്ദർശനത്തിന് ജൂൺ രണ്ടിന് കേരളത്തിൽ എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ എൻ.ഡി.എ സംസ്ഥാന നേതൃസമ്മേളനം നടക്കും. അപ്പോൾ പ്രശ്നങ്ങൾ അറിയിക്കാമെന്ന് കുമ്മനം മറുപടി നൽകി.
യോഗത്തിനുമുമ്പ് കുമ്മനത്തെ കണ്ടതായും തങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷയെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, ബി.ഡി.ജെ.എസ് അടക്കമുള്ള എൻ.ഡി.എ ഘടകകക്ഷികൾ യോഗത്തിൽ വിമർശനവും പ്രതിഷേധവും അറിയിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ കുമ്മനം അത് നിഷേധിച്ചു. എൻ.ഡി.എയിൽ ഒരു പ്രശ്നവുമില്ലെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.