ബി.ജെ.പിയെ താഴെയിറക്കാൻ ഒരുങ്ങി തന്നെ; പ്രതിപക്ഷ പാർട്ടികളുടെ അടുത്തയോഗം ബംഗളൂരുവിൽ
text_fieldsബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിൽ ചേരുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു. ആദ്യം നടന്ന പട്‌ന യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്ന് പവാർ പറഞ്ഞു. ജൂൺ 23-ന് ബീഹാറിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തെ പരാമർശിച്ചായിരുന്നു പവാറിന്റെ പ്രതികരണം.
പട്‌ന യോഗത്തിൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പോരാടാനും ഭിന്നതകൾ മാറ്റിവച്ച് സഹകരണത്തോടെ പ്രവർത്തിക്കാനും കോൺഗ്രസ് ഉൾപ്പെടെയുള്ള 17 പാർട്ടികൾ തീരുമാനിച്ചിരുന്നു. പുതിയ രാഷ്ട്രീയ തന്ത്രം മെനയാൻ രണ്ടാം മീറ്റിന്റെ വേദിയായി നേരത്തെ ഷിംലയായിരുന്നു തീരുമാനിച്ചത്. പിന്നീട് ജൂലൈ 13, 14 തീയതികളിൽ ബംഗളൂരുവിൽ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് രണ്ടാം യോഗം നടക്കുക. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പട്‌നയിലെ വസതിയിൽ നടന്ന ആദ്യ യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 32 നേതാക്കൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.