മോദിത്തിരയില്ല; പ്രതിപക്ഷ കാഹളം
text_fieldsന്യൂഡൽഹി: ബി.െജ.പിയുടെ കണക്കുകൂട്ടലുകൾ ഉഴുതുമറിച്ച് ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് അനായാസമല്ല, കടുത്ത വെല്ലുവിളിയാണെന്ന സന്ദേശമാണ് 10 സംസ്ഥാനങ്ങളിൽനിന്നായി പുറത്തുവന്ന ഫലങ്ങൾ നൽകുന്നത്. ബി.ജെ.പിക്കെതിരെ രൂപപ്പെടുത്തുന്ന െഎക്യം വൻവിജയമായി മാറുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ ഉണർവായി. ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷം യു.പിയിലെ ബി.ജെ.പി േവാട്ട് മറിക്കുമെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് കൈരാനയിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പുഫലം. സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒന്നിച്ചുനിന്നതു വഴി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലും ഫുൽപുരിലും ബി.ജെ.പി മലർന്നടിച്ചു വീണതിനു പിന്നാലെയാണ് ഇപ്പോൾ സംയുക്ത പ്രതിപക്ഷത്തിെൻറ കൈത്താങ്ങിൽ ആർ.എൽ.ഡി സ്ഥാനാർഥി കൈരാനയിൽ ജയിച്ചത്.
ബി.ജെ.പിയുടെ മാനസികാഘാതം കനത്തതാണ്. ഹിന്ദു ദേശീയതയും വർഗീയതയും വിറ്റ് വോട്ടാക്കുന്ന ബി.ജെ.പിയുടെ പതിവുപണി പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ചെലവാകില്ലെന്നാണ് കലാപത്തിെൻറ പുകമണം മാറാത്ത മുസഫർ നഗർ ഉൾപ്പെടുന്ന കൈരാന നൽകുന്ന പാഠം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 80ൽ 73 സീറ്റും എൻ.ഡി.എ കൈയടക്കിയ യു.പിയിൽ അടുത്ത തവണ മോശം പ്രകടനമാണെങ്കിൽ, ലോക്സഭയിൽ കേവലഭൂരിപക്ഷത്തിൽ നിന്ന് വളരെ അകലെയായിരിക്കും ബി.ജെ.പി. ഹിന്ദി ഹൃദയഭൂമിയിലെ മറ്റൊരു പ്രധാന സംസ്ഥാനമായ ബിഹാറിൽ നിന്നുള്ള ഫലങ്ങളും ബി.ജെ.പി, ജനതാദൾ-യു കേന്ദ്രങ്ങളെ ഞെട്ടിക്കുകയാണ്. വിശാലസഖ്യം പൊളിച്ച് ജനതാദൾ-യുവുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടും ലാലുപ്രസാദ് നിരന്തര തടവുകാരനായി മാറിയിട്ടും, തെരഞ്ഞെടുപ്പുനേട്ടം ആർ.ജെ.ഡിക്ക്. തേജസ്വി യാദവിെൻറ നേതൃത്വത്തിൽ ഇക്കുറിയും എൻ.ഡി.എ സ്ഥാനാർഥിയെ തോൽപിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിെൻറ ബലം മാത്രം അവകാശപ്പെടാവുന്ന സ്ഥിതിയാണ് ബി.ജെ.പിക്ക് ഇപ്പോൾ. ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് കുറഞ്ഞ സീറ്റുകൾക്ക് കോൺഗ്രസ് ഭരണം വിട്ടുകൊടുത്തത്. കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്, ജെ.ഡി.എസ് സഖ്യത്തിനുമുന്നിൽ പ്രതീക്ഷകൾ തകർന്നു. ഇേപ്പാൾ 10 സംസ്ഥാനങ്ങളിലെ നാലു ലോക്സഭ സീറ്റിൽ ഒന്നും, 11 നിയമസഭ സീറ്റിൽ ഒന്നും മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയത്.
ഇൗ വർഷാവസാനം നടക്കേണ്ട രാജസ്ഥാൻ, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് കടുത്ത പരീക്ഷണമായിരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റും മധ്യപ്രദേശിലെ 29ൽ 26 സീറ്റും പിടിച്ചെങ്കിലും, നിയമസഭയിലും ലോക്സഭയിലും ബി.ജെപി കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിയാതെ ലോക്സഭ തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന ബി.ജെ.പിക്ക് നരേന്ദ്ര മോദിയുടെ പ്രസംഗ പാടവമാണ് പ്രധാന ബലം. അതിനിടയിൽ, ഒന്നിച്ചു നിന്നാൽ സാധ്യതകളുണ്ടെന്നാണ് പുതിയ ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ പ്രതിപക്ഷ പാർട്ടികൾക്ക് നൽകുന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.