ഷേക് ഹാൻഡില്ല, മാസ്കിൽ മറഞ്ഞ് ചിരിയും; സ്ഥാനാർഥികൾ പുതുരീതികൾ പരിശീലിക്കേണ്ടിവരും
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികൾ പുതുരീതികൾ പരിശീലിക്കേണ്ടിവരും. വോട്ടർമാരെ കണ്ടാൽ ഓടിച്ചെന്ന് കൈ പിടിച്ച് കുലുക്കുന്ന പതിവുശൈലി ഇത്തവണ ഇറക്കാനാവില്ല. മയക്കിവീഴ്ത്താൻ ശേഷിയുള്ള 100 വാട്സ് ചിരിയും ഇത്തവണ പടിക്കുപുറത്താവും, മാസ്കിനുള്ളിൽ കുടുങ്ങിയ ചിരി ആരുകാണാൻ.
ഇത്തവണ പ്രചാരണത്തിന് മാസ്കും മുഖ്യ ഉപാധിയാക്കും. ചിഹ്നങ്ങൾ രേഖപ്പെടുത്തിയ വിവിധ ഡിസൈനിലും വർണങ്ങളിലുമുള്ള മാസ്‌ക് അണിയറയിൽ രൂപപ്പെട്ടുകഴിഞ്ഞു. സംസ്ഥാന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ദേശീയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെയും ചിത്രം പതിച്ച മാസ്കുകളാണ് ഇറങ്ങാൻ തയാറാക്കുന്നത്.
തങ്ങളുടെ പാർട്ടി ചിഹ്നങ്ങൾ രേഖപ്പെടുത്തിയ തുണി മാസ്കിെൻറ സാമ്പിൾ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും ഇറക്കാനും പദ്ധതിയുണ്ട്. സ്ഥാനാർഥിപ്പട്ടിക പുറത്തിറങ്ങിക്കഴിഞ്ഞാലുടൻ സ്ഥാനാർഥികളുടെ 'മുഖം'കൂടി ചേർത്തുള്ള മാസ്‌ക് ഇറങ്ങിത്തുടങ്ങും. പേരും പടവും ചിഹ്നവും ചേർത്ത് തുണി മാസ്‌കിൽ സബ്ലിമേഷൻ പ്രിൻറിങാണ് നടത്തുന്നത്.
പ്രാദേശികമായും എറണാകുളത്തും തമിഴ്നാട്ടിലുമൊക്കെ പ്രിൻറ് ചെയ്ത് പ്രവർത്തകരിൽ എത്തിക്കാനാണ് പാർട്ടികളുടെ ആലോചന. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിരോധനമുള്ളതിനാൽ ഹാരങ്ങളും ഷാളും പ്രചരണത്തിനിറങ്ങുന്നവർ ഓഴിവാക്കേണ്ടിവരും. നോട്ട് മാല, പൂച്ചെണ്ട്, ബാഡ്ജ് എന്നിവയും ഉണ്ടാകില്ല. സ്ഥാനാർഥിയെക്കൂടാതെ നാലാളെ മാത്രമേ വോട്ട് ചോദിക്കാൻ കൂടെക്കൂട്ടാനാവൂ എന്നതും തെരഞ്ഞെടുപ്പ് പുതുമയാണ്.
പ്രചാരണത്തിന് ഫ്ലക്സ് ഉപയോഗിക്കാനാകില്ല
കോട്ടയം: ഇത്തവണയും പ്രചാരണത്തിന് ഫ്ലക്സും ഉപയോഗിക്കാനാകില്ല. പകരം തുണി, പേപ്പർ ഉൽപന്നങ്ങൾ മാത്രം പ്രചാരണ സാമഗ്രികളാക്കാം. പരിസ്ഥിതിക്കും മനുഷ്യെൻറ ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നുവെന്ന കാരണത്താൽ സംസ്ഥാനത്ത് ഫ്ലക്സിെൻറ ഉപയോഗം പൂർണമായി നിരോധിച്ച് സർക്കാർ 2019ൽ ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.